പൊതിച്ചോറ്

അതിരാവിലെ അടുക്കളയ്ക്കുള്ളിൽ എണ്ണയിടാത്ത യന്ത്രമായി കറങ്ങിത്തിരിയവെ, പുസ്തകം വായിച്ചു കൊണ്ടിരുന്ന മകൻ അടുക്കളയിലെത്തി വീണ്ടും അമ്മയുടെ ഓർമ്മപരിശോധന നടത്തി. തലേ ദിവസം താൻ പറഞ്ഞ കാര്യം അമ്മ ചെയ്തു തരുമോയെന്ന് മാത്രമാണ് അവനറിയേണ്ടത്. സ്കൂളിൽ നിന്ന് കാൻസർ ചികിത്സാലയത്തി ലുള്ളവർക്കായി പൊതിച്ചോറ് ശേഖരിച്ച് കൊണ്ടുപോകുന്നത്രെ. ഒരാൾ ഒരു പൊതിയെങ്കിലും കൊണ്ടുവരണമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞിരിക്കുന്നു. വന്നനേരം മുതൽ അവൻ നിരവധി തവണ അതിന്റെ പ്രാധാന്യവും, ഉദ്ദേശ്യവുമൊക്കെ ചേർത്ത് വിസ്തരിച്ചു കഴിഞ്ഞു. തന്റെ മൗനമാണ് ആവർത്തനത്തിന് കാരണമെന്ന് അറിയാതെയല്ല. എന്നിട്ടും ഈ ചെറിയ കാര്യത്തിന് പോലും വ്യക്തമായി

ഒരുത്തരം പറയാൻ കഴിയാതെ കുഴങ്ങേണ്ടിവരിക….. എന്തു കഷ്ടമാണ് !
റേഷനരിയുടെ അവസാനത്തെ നാഴി അളന്ന് അടുപ്പത്തു കയറ്റുമ്പോൾ ‘നാളെ’ എന്നത് ഒരു ആകുലതയായി ഉള്ളിൽ നിറഞ്ഞു. ഇന്ന് റേഡിയേഷനു പോകേണ്ട ദിവസമാണ്. പണിസ്ഥലത്തേക്കെന്നു പറഞ്ഞ് പൊതിയും കെട്ടി, മകനെ സ്കൂളിലുമാക്കി പോകുന്ന ദിവസങ്ങളിലെ യാത്രകളിൽ പലതും നീളുന്നത് കാൻസർ ചികിത്സാലയത്തിലെ റേഡിയേഷൻ മുറിയിലേക്കാണ് എന്ന് മകനോട് പറയാൻ കഴിഞ്ഞിട്ടില്ല. അവന് മറ്റാരാണുള്ളത്?

ഇന്നത്തെ യാത്രയും പണിസ്ഥലത്തേക്കല്ലല്ലോ. ഈ ചോറും, ഇത്തിരി ചമ്മന്തിയുമാണ് ചികിത്സ കഴിഞ്ഞിറങ്ങുമ്പോഴുള്ള ഏക ശുശ്രൂഷ. അതും വാരിത്തിന്ന് അല്പനേരം ആശുപത്രി വരാന്തയുടെ കോണിൽ തലചായ്ച്ച്, എണീറ്റു വീട്ടിലേക്ക് തിരിക്കുമ്പോൾ ഒറ്റപ്പെടൽ, കാണാനാളില്ലാത്ത കണ്ണീർക്കണമായി കണ്ണുകളിൽ നിറഞ്ഞ് അവിടെത്തന്നെ വറ്റുകയാണ് പതിവ്.

മകന്റെ നിഷ്കളങ്ക മുഖത്തുനോക്കി അഹിതമായത് പറയാൻ മടിച്ച്, പൊതിച്ചോറ് തയ്യാറാക്കുന്നുണ്ടെന്ന് തന്നെ പറഞ്ഞു. അവന്റെ മുഖത്തെ തെളിച്ചം കണ്ട് ആശ്വസിച്ചു. കതകു പൂട്ടിയിറങ്ങുമ്പോൾ തന്റെ പൊതിച്ചോറാണ് മകന്റെ ബാഗിൽ വച്ചുകൊടുത്തതെന്ന് അവനറിയാതിരിക്കാൻ മനഃപൂർവം ശ്രദ്ധിച്ചു.

ആശുപത്രിയിൽ പതിവിലും കൂടുതൽ തിരക്ക് തോന്നിച്ചു. വേദന തിന്ന് ഇരുണ്ട് പോയ മുഖങ്ങൾ…… നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത നിസ്സംഗ ശാന്തതയാണ് മിക്കവർക്കും. ആ കൂട്ടത്തിൽ പോയി നിൽക്കുമ്പോൾ താൻ അനുഭവിക്കുന്നത് വെറും നിസ്സാരമെന്നചിന്തയാണുണ്ടാവുക. ഊഴമെത്തി അകത്തു കയറുമ്പോൾ പതിവു ചോദ്യങ്ങൾ, പതിവുത്തരങ്ങൾ…… താങ്ങാനാളില്ലാത്തതുകൊണ്ട് തളർച്ച പാടില്ല. പറയുന്നതിലും വേഗം എഴുന്നേറ്റ് ആശുപത്രി വേഷം തിരികെയേൽപ്പിച്ച് പുറത്തേക്ക് നടന്നു.

പൊടുന്നനെ വരാന്തയ്ക്കപ്പുറത്ത് മകന്റെ സ്കൂളിലെ ബസ് കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നു – പൊതിച്ചോറ് ! അപ്പോൾ തോന്നിയ ഒരു ഉൾപ്പിടച്ചിലിൽ കാലുകൾ വാഹനത്തിനടുത്തേക്ക് ചലിച്ചു. പൊള്ളുന്ന വെയിൽ മറയ്ക്കാനെന്നോണം സാരിത്തലപ്പ് വലിച്ച് തലയിലേക്കിട്ടു. വണ്ടിക്കു പിന്നിലെത്തി കൈനീട്ടി. ഒരു പൊതിച്ചോറ് കയ്യിലേക്ക് വീണപ്പോൾ കൈകൾ വിറച്ചു; എന്തുകൊണ്ടോ കണ്ണു നിറഞ്ഞു. തിരികെ വരാന്തയിൽ വന്നിരുന്ന് പൊതിയഴിക്കനൊരുങ്ങവെ, എന്നും ചോറിനോടും ചമ്മന്തിയോടും കലമ്പുന്ന മകന്റെ മുഖം ഓർമയിൽ….

പൊതി തുറക്കാതെ സഞ്ചിയിലേക്ക് വച്ചു. കുപ്പിയിലെ വെള്ളം എടുത്തു കുടിച്ചു; ബാക്കി വെള്ളത്തിൽ മുഖം കഴുകി. വരാന്തയുടെ ഓരത്തേക്കു ചരിഞ്ഞ് കണ്ണടച്ചു. പരവേശം ഒട്ടൊന്നടങ്ങിയപ്പോൾ പതിയെ ബസ് സ്റ്റാൻഡിലേക്ക് നടന്നു. വീടെത്തുമ്പോൾ പരവേശത്തിന് ആക്കം കൂടിയിരുന്നു. മകൻ വരാന്തയിലുണ്ട്; എന്തോ എഴുതുകയാണ്. കിതച്ചുകൊണ്ട് വരാന്തയിലിരിക്കെ അകത്തു നിന്ന് അവൻ വെള്ളമെടുത്തു കൊണ്ടു വന്നു. അത് വാങ്ങിക്കുടിച്ച ശേഷം സഞ്ചിയിൽ നിന്ന് പൊതിയെടുത്ത് നീട്ടി :

“കഴിച്ചോ ….”

അവൻ പൊതിയഴിക്കുന്നതും നോക്കി വരാന്തയിലേക്ക് നിവർന്നു കിടന്നു കണ്ണടച്ചു. അപ്പോൾ പിന്നിൽ മകന്റെ സ്വരം :

“അമ്മയെന്താ ഇത് കഴിക്കാതെ തിരികേക്കൊണ്ടുവന്നേ ?”

ഒരു ഞെട്ടലോടെ കണ്ണുമിഴിക്കെ പൊതിയിലിരുന്ന് ചമ്മന്തിയിൽ കുഴഞ്ഞ ചോറ് ചിരിച്ചു.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *