ഇലച്ചാര്ത്തുകളെല്ലാം ചേര്‍ത്തു പിടിച്ച
കൂറ്റന്‍ ആല്‍മരം തപസ്സിലായിരുന്നു
ഓരോ ഇലകളും മരിച്ചു മരിച്ചു
എന്നു മാത്രം മന്ത്രിച്ച്
എന്നിലേക്കു പിളര്‍ന്നു പിളര്‍ന്ന്
പിതാവിന്റെ മരണം പോയി.
തായ്ത്തടിക്കു ചുവട്ടില്‍
ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു
ദൈവത്തെ തൊട്ടു തൊട്ടു
ഞാന്‍ നിശ്ചലയായിരുന്നു.
മുന്നിലേയ്ക്കു കൊണ്ടുവച്ചത്
വെള്ള പുതച്ച നിഴലിനെയായിരുന്നു.
ബോധാബോധങ്ങളെല്ലാം മറിച്ചു നോക്കി
ഭൂമിയിലും നക്ഷത്രങ്ങളിലും ശൂന്യതകളിലും
പിന്നാലെ ഓടി.
തളര്‍ന്നപ്പോള്‍,
വെയിലെല്ലാം ആകാശത്തേയ്ക്കും
ദര്‍ശനങ്ങള്‍ മണ്ണിലേയ്ക്കും
മടങ്ങിയപ്പോള്‍,
ആ മെലിഞ്ഞ കാലടിശബ്ദം
മനസ്സില്‍
മഴക്കാടിന്റെ നനവാര്‍ന്നൊരു വഴി
അവിടെ ചെറുതായി പുഞ്ചിരിച്ച്
അച്ഛനിറങ്ങി നടക്കുന്നു.
ആ വിരൽതുമ്പിൽ
ഞാനുണ്ടാവുമോ..?