നാം രണ്ടു പൂവുകൾ നമ്മൾ പരസ്പരം,
നീർ വാർന്ന കണ്ണുകൾ നോക്കി ക്കിടക്കുക….
നാമീ തൊടിയുടെ വർണ്ണങ്ങളായവർ,
നാമുയിർ കോർത്തൊരു മാല്യമായ് തീർന്നവർ..
നാമിങ്ങിറക്കിക്കിടത്തുക നമ്മളെ
രാവിൻ തപോവന പൊയ്കയിലാഴുക….
നാമൊരു നീല രജനി യായ്തീരുക
നീല ഞരമ്പിന്നുണർവ്വായി മാറുക….
നാമൊരു തണൽ മര ച്ചുവടായി മാറുക,
നാമൊരു നിഴലായി നിറമായി മാറുക….
നാമൊരു പച്ചക്കുളിരോള മാവുക,
നാമതിൽ മുങ്ങും കതിർ ക്കൂട്ടമാവുക….
നാമൊരു നിശ്ശബ്ദ സംഗീത മാവുക,
സുഖദു:ഖ മിശ്രമാം സ്വര ധാരയാവുക….
നാമൊരു പൂതീർന്ന ചില്ലയായ് വീഴുക,
നാമിരുചിറകറ്റ ശലഭമായ് തീരുക….
ഇടതൂർന്ന വേരുകൾ ബന്ധിച്ചു നിർത്തിയ,
വലിയ മരത്തിന്റെ മുഖമായി മാറുക….
നാമീക്കറുപ്പിലേക്കാഴ്നു കിടക്കുക,
നാമൊരു പുലരിയിൽ കുളിരായ് പിറക്കുക…