Movie: The Bow (ദ ബോ)
Language: Korean
Director: Kim Ki-Duk
IFFK ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച റേറ്റുള്ള ചിത്രം ശീർഷകം അന്വർത്ഥമാക്കും വിധം ഞാണേറ്റിയ വില്ലിന്റെ സാന്നിദ്ധ്യം ഈ രചനയിലുടനീളം കാണാം, ചിലപ്പോൾ അതിനു വയലിന്റെ ശ്രുതിയുതിർക്കുന്ന ഒരു വാദ്യോപകരണത്തിന്റെ പരിവേഷവുമുണ്ട്. നടുക്കടലിൽ നങ്കൂരമിട്ടു കിടക്കുന്ന ഒരു ഹൗസ് ബോട്ടും അതിന്റെ ഉടമയായ അറുപതുകാരൻ വൃദ്ധനും ഒപ്പമുള്ള പതിനാറുകാരിയും കഥാരംഭത്തിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ആറു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരെ നഷ്ടപ്പട്ട അവൾ വൃദ്ധനോടൊപ്പം പത്തു വർഷമായി നൗകയിൽ കഴിഞ്ഞു കൂടുകയാണ്. അയാളുടെ ലക്ഷ്യം പതിനേഴു വയസ്സാകുമ്പോൾ അവളെ വിവാഹം ചെയ്യുകയെന്നതും! അതിനായി കലണ്ടറിൽ അടയാളങ്ങളിട്ട് നിധി കാക്കുന്ന ഭൂതത്താനു തുല്യം പെൺകുട്ടിയെ പരിപാലിക്കുന്നുണ്ടയാൾ. കടലിലണയുന്ന ഇതരയാനങ്ങളിലെ ചെറുപ്പക്കാരുമായി വൃദ്ധൻ പെൺകുട്ടിയെ സംബന്ധിച്ച് നിരന്തരം കലഹിക്കാറുണ്ട്. അയാളുടെ ശൗര്യത്തിൽ ഭീതി കലർന്ന ഒരുതരം സഹതാപമാണവർ പ്രകടിപ്പിക്കുന്നത്. അങ്ങനെയിരിക്കെ പുതുതായെത്തുന്ന ഒരു യുവാവിൽ അവളനുരക്തയാകുന്നു. ക്രുദ്ധനായ വയോധികനാകട്ടെ, അവനിൽ നിന്നവളെയകറ്റാൻ വേണ്ടതൊക്കെ ചെയ്യുന്നു. യുവാവ് അയാളെ വധിക്കാൻ ശ്രമിക്കുന്നുണ്ടെങ്ങകിലും, പെൺകുട്ടി യഥോചിതം വൃദ്ധനെ രക്ഷിച്ച് അയാളുമായുള്ള

വിവാഹത്തിനു സമ്മതം മൂളുന്നു. അമ്പരന്നു പോയ യുവാവ്! വൃദ്ധനും യുവതിയുമായുള്ള വിവാഹം നടന്നു… എന്നാൽ, നൊടിയിടെ കടലിൽ ചാടി ജീവത്യാഗം ചെയ്യുന്ന അയാളെ പ്രേക്ഷകൻ അമ്പരപ്പോടെ കാണുന്നു; ഒരുമിക്കുന്ന യുവതീയുവാക്കളെയും..
90 മിനിട്ട് ദെെർഘ്യമുള്ള ഈ സിനിമയുടെ പ്രമേയം പ്രസക്തമായൊരു ജീവിതദർശനം പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു പുരുഷായുസ്സു കൊണ്ട് നേടി വച്ച ആസ്തി ഒരു നൊടി കൊണ്ട് കെെവിടേണ്ടി വരുന്നതിലെ ഫലിതം! സംഭാഷണത്തിനു പിശുക്കു കാട്ടുന്ന ഡുക് ശെെലി ഈ സിനിമയിലും പ്രകടമാണ്. ദൃശ്യബിംബങ്ങൾക്കൊരു കുറവുമില്ലതാനും. ബോട്ടിൽ ഞാന്നു കിടന്നൂയലാടുന്ന പെൺകുട്ടിയെ ലക്ഷ്യം വച്ച് വൃദ്ധനെയ്യുന്ന അമ്പുകൾ അവളെയേശാതെ പോകുന്നുണ്ട്. ഒപ്പം ലോലമായൊരു നാദധാര സിനിമയ്ക്ക് പശ്ചാത്തലശ്രുതി പകരുന്നു.