തുരുത്തുകളിലേക്കുള്ള
വഴികൾ ലളിതമാണ്.
ജീവിതം നടത്തി നടത്തി
എത്തിക്കുന്നതെല്ലാം
അങ്ങോട്ടാണ്.
വഴിമുട്ടുന്നവർ
അവസാനിക്കുന്നതും
അവിടെത്തന്നെ.
തുരുത്തുകളിലൊടുങ്ങാതെ
അലഞ്ഞുതിരിയുന്നുണ്ട്
ചിലർ,
അക്ഷരവിരലിൽത്തൂങ്ങി
നാടുകാണാൻ…
കൽവഴികളിൽ
ചോര നനച്ചിട്ടും,
ചിരിയാണവർക്ക്,
കണ്ണീരുപ്പ്
കരളിൽത്താവിയ
ചിരി….
തുരുത്തുകളിലിരുന്ന്
കൈനീട്ടുമ്പോൾ,
അക്ഷരപ്പൊതി
നീട്ടിക്കൊടുക്കുന്നുണ്ടവർ…
ചലിക്കുന്ന വനങ്ങളെ,
ദിക്കറിയാത്ത വേരുകളെ,
തപിക്കുന്ന നെരിപ്പോടുകളെ,
നിശ്ശബ്ദം
നെഞ്ചിൻ കൂട്ടിലടച്ച്…..