പിച്ചവെച്ച നാള്‍തൊട്ടേ,
എന്റെ കൊച്ചുക്കിനാക്കള്‍ക്ക്
ഊടും പാവുമായിരുന്നത്
നിന്റെ അലങ്കാരത്തുന്നലുകളുടെ
അലകുകളും ഞൊറികളുമായിരുന്നു !
ആസക്തിയുടെ കൗമാരകുതൂഹലങ്ങള്‍
ആരാധനയോടെ, കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത്
നിന്റെ തുന്നലഴകുകളുടെ, കൊതിപ്പിക്കുന്ന
മാന്ത്രികരഹസ്യങ്ങളിലേക്കായിരുന്നു.
ഭ്രമങ്ങളുടെ യൗവ്വനപ്രസരിപ്പുകളില്‍
നെഞ്ചിടിപ്പിന്റെ തിളച്ചുതൂവലുകള്‍
നിന്റെ കരവിരുതിനാല്‍ ഞൊറിയിട്ട
ആകാരവടിവുകളില്‍ ത്രസിച്ചു നിന്നിരുന്നു !
അറിവ് മുറിവായ പ്രായത്തില്‍,
അറ്റുപോയ ബന്ധങ്ങളെ തുന്നിച്ചേര്‍ക്കാന്‍
നിന്റെ വിസ്മയത്തുന്നല്‍പ്പാടവങ്ങള്‍ക്ക്
കഴിയാതെ പോയതെന്തേയെൻ
കോടതി വരാന്തയില്‍ ഞാനന്തിച്ചു നിന്നു !
എരിവോര്‍മ്മകളുടെ മുറിവായകളില്‍
കാലം ലവണജലമിറ്റിച്ച് തുന്നിച്ചേര്‍ക്കുമ്പോള്‍
നിറം മങ്ങിയ പുടവയ്ക്കുള്ളിലെ
മുടികൊഴിഞ്ഞോരോര്‍മ്മത്തെറ്റായി
ആതുരാലയത്തിന്റെ ഇടനാഴികളില്‍
തുന്നലുകളഴിഞ്ഞ നിന്‍റെ നിഴല്‍രൂപം !
മരിച്ചവന്റെ മേല്‍വിലാസത്തിലെത്തിയ
അര്‍ത്ഥശ്ശൂന്യമായ നിയമനക്കത്ത് പോലെ
പിന്നിപ്പഴകി മുഷിഞ്ഞ്, അനാഥമായി
ഒരു തുന്നല്‍പ്പാട് പോലുമേല്‍ക്കാതെ
നിന്റെ കരവിരുതിനാല്‍
തുന്നിയെടുക്കപ്പെടാന്‍ കൊതിച്ച്
ഇനിയും മുഴുമിപ്പിക്കാനാകാത്ത
ഒരു സ്വപ്നക്കുപ്പായമായി ഞാനിപ്പൊഴും….!