തിരമാലയ്ക്കൊരു ദുഃഖം
തീരാതുള്ളൊരു ദുഃഖം
തീരത്തണയും നേരത്തെത്തും
തല തല്ലുന്നതിൽ ദുഃഖം.
ഒരു കാറ്റൊഴുകി വരുന്നേരം
മറുകാറ്റോങ്ങിയടിക്കുന്നു
തിരയുടെ നെഞ്ചിൽപ്പിടയും നോവുകൾ
കരയുടെ മാറിൽപ്പടരുന്നു.
അലറും നോവായ് കടലാഞ്ഞെത്തി
കരയുടെ നെഞ്ചിൽച്ചിതറുമ്പോൾ
തിരയുടെ തേങ്ങലിൽ നെഞ്ചകമുരുകി
കര ചൊല്ലുന്നു : “പിരിയില്ല”.
കക്കകൾ, കല്ലുകൾ, കാണാപ്പൊന്നുകൾ
കരൾ കടയുമ്പൊഴുമവനേകി,
കടലിൻ പിൻവിളി കാതോർക്കുമ്പോൾ
തിരയോതുന്നു : “മറക്കില്ല”.