ജി അരവിന്ദന്റെ സ്മരണയ്ക്കു മുന്നിൽ

egpewfkovz-1456591372

1935 മാർച്ച് 21നു കോട്ടയം ജില്ലയിലാണ് ജി.അരവിന്ദന്റെ ജനനം. അച്ഛൻ പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായർ. മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയപുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1974 ൽ ആദ്യ സിനിമയായ ഉത്തരായനത്തിലൂടെ സിനിമാസംവിധാനത്തിലേക്ക് കടന്ന അരവിന്ദന്റെ പ്രധാന കേളീരംഗം നാടകവും സംഗീതവുമായിരുന്നു. സോപാനം, നവരംഗം എന്നീ സംഗീത ക്ലബ്ബുകൾ വഴിയായിരുന്നു അരവിന്ദന്റെ ആദ്യകാല പ്രവർത്തനം. കാവാലം നാരായണപ്പണിക്കരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയ അരവിന്ദൻ ക്രമേണ നാടകരംഗത്തേക്ക് ചുവടുമാറി. കാളി, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ നിർമ്മിച്ചുകൊണ്ട് അദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തേക്ക് വന്നു. രാമായണത്തെ ആസ്പദമാക്കി നിർമ്മിച്ച ‘കാഞ്ചനസീത’ എന്ന രണ്ടാമത്തെ സിനിമ പുറത്തുവരുന്നത് 1977 ൽ ആണ്. ഈ സിനിമയിലൂടെ ‘സ്വതന്ത്രസിനിമ’ എന്ന സംരഭത്തിനു തുടക്കം കുറിച്ചു. ഈ സിനിമ ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ഒരു സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ‘തമ്പ്’ 1978 ൽ പുറത്തു വന്നു. 1979 ലെ ചിത്രങ്ങളായ ‘കുമ്മാട്ടി’യും ‘എസ്തപ്പാനും’ നിരവധി അന്താരാഷ്ട്ര സിനിമാ മേളകളിൽ പ്രദർശിപ്പിച്ചു. പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആദ്യമായി അഭിനയിപ്പിച്ച ‘പോക്കുവെയിൽ’ 1981ൽ പുറത്തിറങ്ങി. അതിനുശേഷം നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു ചിത്രംപിറക്കുന്നത്. 1985 ൽ അദ്ദേഹത്തിന്റെ സൂര്യകാന്തി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ‘ചിദംബരം’ നിരവധി പുരസ്ക്കാരങ്ങൾ നേടുകയുണ്ടായി. പിന്നീട് ‘ഒരിടത്ത്’, ‘ഉണ്ണി’, ‘വാസ്തുഹാര’ എന്നീ ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ശ്രദ്ധേയമായി. രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളുടെ സാഹസികതകളിലൂടെ സാമൂഹികരംഗങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ആവിഷ്കരിച്ച ഈ പരമ്പരയ്ക്ക് ശേഷം രാമുവിന്റെ സാഹസികയാത്രകൾ, ഗുരുജി, എന്നീപരമ്പരകൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദൻ തന്റെ സിനിമാസംവിധാന സംരംഭങ്ങളോടൊപ്പം തന്നെ സംഗീത സംവിധാനത്തിലും പ്രതിഭ തെളിയിച്ചിരുന്നു. ‘യാരോ ഒരാൾ’, ‘പിറവി’, ‘ഒരേ തൂവൽപ്പക്ഷികൾ’ എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച അരവിന്ദൻ 1991 മാർച്ച് 15നു തിരുവനന്തപുരത്തു വച്ച് അന്തരിച്ചു.

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *