നോക്കിയിരിക്കെ വെയില്‍
കുന്നു കേറി പോകും
ഒറ്റ ശ്വാസത്തില്‍ എനിക്ക് മുമ്പേ
ആദ്യത്തെ ഞാവല്‍ പഴത്തില്‍
തൊട്ടിട്ടുണ്ടാവും
കുന്നു കേറി, മുട്ട് പൊട്ടി ,
ചങ്ക് വെലങ്ങി
ഞാന്‍ എത്തുമ്പോള്‍
കാറ്റിനോട് കിന്നാരം –
പറഞ്ഞിരിക്കുന്നുണ്ടാകും
കൊതിയന്‍
മൂക്ക് മുട്ടെ തിന്നിട്ട്
എനിക്ക് മുമ്പേ
നിരങ്ങും പാലത്തില്‍
എത്ര തവണ
ഊര്‍ന്നിറങ്ങിയിട്ടുണ്ടാവും നീ
കണ്ടോ വെയിലേറ്റ്
എന്റെ മൂട് പൊള്ളി
ഉണ്ടായിരുന്ന ട്രൌസെറും
പിന്നില്‍ രണ്ടു കണ്ണ് കീറിയത്
വഴി നീളെ ആളുകള്‍ പരിഹസിക്കും
ആരാഡാ മൂട്ടില്‍ ബോബിട്ടെ
എന്ന് ചോദിച്ച്
നോക്കിക്കോ
മീന്‍ കുളത്തിന്റെ കരയിലെ
ഭൂപടത്തില്‍ ഇല്ലാത്ത
രാജ്യത്തേക്ക് കെട്ട് കെട്ടിക്കും നിന്നെ
എത്ര പഴങ്ങള്‍ തിന്നിട്ടും
വേയിലേ നിന്റെ
മഞ്ഞ നാവിനു മാറ്റമില്ല
നീ കണ്ടോ ഞാനൊരു
ആകാശം വിഴുങ്ങിയത്
നീല രക്തം എന്റെ നാവില്‍ നിറഞ്ഞത്
നീ എന്താണ് ആ പ്രതിമയില്‍
നോക്കിയിരിക്കുന്നത്
വിശന്നു വലഞ്ഞ
വിശുദ്ധനു അപ്പം നല്‍കിയ
കാക്കയുടെ കഥ
എത്ര തവണ പറഞ്ഞു ഞാന്‍
കഥ തീരും മുമ്പ്
നീ കുന്നിറങ്ങിപ്പോയി ഇരുളായത്
നീ കണ്ടോ
വൈകി വന്നതിനു
അമ്മ തന്ന അടിയുടെ പാടുകള്‍
ഞാവല്‍ പഴങ്ങള്‍ പോലെ
നീലിച്ചു കിടക്കുന്നത്………