ഭാവാഭിനയം കൊണ്ട് നാടകങ്ങളിലും പിന്നീട് ടി. വി. സീരിയലുകളിലും ഏറെ തിളങ്ങിയ പ്രതിഭാധനനായ അഭിനേതാവായിരുന്നു ശ്രീ.എം.കെ.വാര്യർ മാഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള മനോരമയിൽ കോർഡിനേറ്റിങ്ങ് എഡിറ്റർ ആയിരിക്കെ ശ്രീ.ജോയ് ശാസ്താംപടിക്കൽ രചന നിർവഹിച്ച് ഞാൻ സംവിധാനം ചെയ്ത “സാന്റാക്ളോസ് വന്നില്ല” എന്ന ടെലി സിനിമയിൽ മുഖ്യവേഷം ചെയ്തത് വാര്യർ മാഷായിരുന്നു. ചിത്രീകരണത്തിനിടെ ഒരു വേളയിൽ അദ്ദേഹം വല്ലാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. കാരണം തിരക്കിയപ്പോൾ കാര്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് ഡബ്ബിംഗ് ചെയ്യുമ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തമായിരുന്നു അതിലെ കഥയെന്ന് മാഷ് പറഞ്ഞപ്പോൾ ഞങ്ങൾക്കും ദുഃഖം തോന്നി. കൈരളി ചാനലിൽ സംപ്രേഷണം ചെയ്ത ശേഷം വീണ്ടും മാഷ് വിളിച്ചു. നിങ്ങളുടെ കൂട്ടത്തിൽ പ്രതിഫലം ഇല്ലാതെ ഒന്നുകൂടി വർക്ക് ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന വേളയിൽ പിതൃവാത്സല്യത്തോടൊപ്പം അഭിനയത്തിന്റെ രസകരമായ മുഹൂർത്തങ്ങളും പങ്കുവെക്കുമായിരുന്നു. പിന്നീട് താറാവുകാരുടെ കഥ പറയുന്ന ടെലി സിനിമ “പകലുറങ്ങും മുൻപേ” ഞാൻ എഴുതിയപ്പോൾ വല്യത്താർ എന്ന കഥാപാത്രം ചെയ്യാൻ വാര്യർ മാഷ് എത്തി. കിണാശ്ശേരി സി.വി.രാമചന്ദ്രേട്ടന്റെ വീട്ടിലും കളത്തിലും പാടശേഖരങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. ഗുരുതുല്യനായ ആ അഭിനയ പ്രതിഭയുടെ കൂടെയുള്ള ദിവസങ്ങൾ ഏറെ അനുഭവങ്ങൾ സമ്മാനിച്ചു. കുറച്ചു കാലം മുമ്പ് വരെ മാഷിന്റെ വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു. പിന്നീട് ഫോണിലും കിട്ടാതായി. ബന്ധങ്ങൾക്ക് വില കല്പിച്ചിരുന്ന, നല്ല മനസ്സിന്റെ ഉടമയായ വാര്യർ മാഷിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
-രവി തൈക്കാട്.
Check Also
ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്
പാലക്കാട് : അക്കാദമിക് നിലവാരം കുറഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …