ഒന്ന്
പാർട്ടിയുടെ തീരുമാനങ്ങൾ എന്നും പ്രകാശൻ ശിരസാവഹിച്ചിട്ടേയുള്ളൂ എന്നിട്ടും പാർട്ടിക്ക് തന്റെ മേലെ ഇത്ര അമർഷം എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. ഇരുപത്തഞ്ച് വർഷമായിട്ട് പ്രകാശൻ പാർട്ടിയുടെ സാരഥിയാണ്. എല്ലാവർക്കും പ്രകാശേട്ടനെ ഇഷ്ടമാണ്. കാണുമ്പോൾ വെളുത്ത ഖദർ മുണ്ടും ഖദർ ഷർട്ടുമാണ് വേഷം. മുഖത്ത് കട്ടി കറുപ്പുള്ള കണ്ണടയുണ്ടാവും. നടക്കുമ്പോൾ പിന്നിൽ നിന്ന് നോക്കിയാൽ കഷണ്ടി കാണാം. ഉച്ചയ്ക്ക് സൂര്യൻ മാനത്ത് തിളങ്ങുമ്പോൾ ഇവിടെ പ്രകാശന്റെ മൊട്ടത്തല തിളങ്ങും. ആരെങ്കിലും സഹായം ചോദിച്ചാൽ കട്ടി കണ്ണട പോക്കറ്റിൽ തിരുകി അവരോടോപ്പം ക്ഷേമാന്യേഷത്തിനായി ഇറങ്ങും. സൂക്ഷിച്ചു നോക്കിയാൽ പോക്കറ്റിൽ ഗാന്ധിത്തലകൾ അടുക്കി വച്ചിരിക്കുന്നത് കാണാം. പാർട്ടിയുടെ ആദർശങ്ങൾ പ്രകാശന് വെറും ആദർശങ്ങൾ അല്ല, ജീവിതാദർശങ്ങളാണ്.
എന്നിട്ടും പാർട്ടി എന്തിന് തന്നെ വെറുക്കുന്നു എന്ന് പ്രകാശനറിയില്ല. താൻ ചെയ്ത കുറ്റം എന്താണ്? ഇരുപത്തഞ്ച് വർഷം സത്യസന്ധമായി ജനസേവനം നടത്തിയതോ? അതോ ഖദർ മുണ്ടും ഖദർ ഷർട്ടും ഇട്ടതോ? ജനങ്ങൾക്കു സഹായം ചെയ്തുകൊടുത്തതോ?
“പ്രകാശാ എല്ലാം ശരിയാവും” – രാമൻകുട്ടി പറഞ്ഞു.
“രാമാ, നിനക്ക് കേൾക്കാണോ ഒരു തമാശ. ഇന്നലെ എനിക്കൊരൂമക്കത്തുണ്ടായിരുന്നു. അതിലെഴുതിയിരിക്കുവാ എന്നെ കൊല്ലുമെന്ന്” – പ്രകാശൻ പറഞ്ഞു.
പ്രകാശാന്റെ ഉറ്റ ചങ്ങാതിയാണ് രാമൻകുട്ടി.
പ്രകാശന്റെ സംസാരം രാമൻകുട്ടിയെ രസിപ്പിച്ചില്ല. ആഞ്ഞൂതിയ ബീഡി തറയിൽ കുത്തിക്കൊണ്ട് രാമൻകുട്ടി പറഞ്ഞു.
“എടാ, നിനക്ക് പാർട്ടിക്ക് അകത്തും പുറത്തും ശത്രുക്കളുണ്ട്, സൂക്ഷിക്കണം.”
“എനിക്കൊരു പുല്ലും പറ്റില്ല, നീ നോക്കിക്കോ രാമൂ”
രോഷാകുലനായി പ്രകാശൻ നടന്നു. ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുതവണ പോലും പ്രകാശനെ ദേഷ്യപെട്ടുകണ്ടട്ടില്ല .
രണ്ട്
സെക്കൻഡ് ഷോ കഴിഞ്ഞ് പ്രകാശൻ വീട്ടിലേക്ക് നടന്നു. നഗരവും വഴികളും ശാന്തമായിരുന്നു. മഞ്ഞ തെരുവുവെളിച്ചത്തിന്റെ അടിയിൽ ഗാന്ധിജി പ്രതിമ. പ്രതിമയുടെ അടിയിൽ കഠോരമേന്തിയ ഒരാൾ . ഗാന്ധി പ്രതിമ പ്രകാശാനെ നോക്കി പുഞ്ചിരിച്ചു.
മഞ്ഞവെളിച്ചത്തിനടിയിൽ ഈയ്യാം പാറ്റകൾ വട്ടമിട്ടു. ചിലത് ചത്തു വീണു.
പ്രകാശൻ ഗാന്ധി പ്രതിമയെ നോക്കി. ഗാന്ധിയുടെ കയ്യിലെ വടി സ്വാതന്ത്ര്യസമരത്തേ ഓർമ്മപ്പിച്ചു . മനസ്സിൽ ആയിരം ” ഭാരത് മാതാ കി ജയ് ” എന്ന് ഉരുവിട്ടു .തന്റെ മനസിലെ ഗാന്ധിയൻ ഉണർന്നു .
പ്രതിമയെ നോക്കി പ്രകാശൻ അയാൾ നടന്നു.
പ്രതിമയുടെ പിന്നലെ നിഴൽ പെട്ടെന്ന് ചാടി വീണു . അയാൾ പ്രകാശനെ പിന്നിൽ നിന്നും കുത്താൻ ഓങ്ങി.
എന്തോ ശബ്ദം കേട്ട് പ്രകാശൻ തിരിഞ്ഞു നോക്കി. തന്റെ മുന്നിൽ ഒരാൾ കിടന്നു പിടയുന്നു. കഠോരം താഴെ വീണു കിടക്കുന്നു.
പ്രകാശൻ ഗാന്ധി പ്രതിമയെ നോക്കി.
ഗാന്ധി ചിരിച്ചില്ല, കൈയ്യിലെ വടി അപ്രത്യക്ഷ്യമായിരുന്നു.