ആറേഴു നിലകളുള്ള ആശുപത്രിയുടെ അഞ്ചാം നിലയിലായിരുന്നു രാധമ്മ. ഐ.സി.യു.വിലെ മരവിച്ച തണുപ്പിൽ ഉറക്കത്തിനും, ഉണർവിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അവരുടെ പ്രാണൻ സഞ്ചരിച്ചു കൊണ്ടിരുന്നു. വാതിലിന് പുറത്ത് അവരുടെ ഭർത്താവ് കൃഷ്ണൻ നായർ ഒരു കാവൽ നായയെപ്പോലെ സ്വന്തം ശൗര്യം മുഴുവൻ കക്ഷത്തിലെ കറുത്ത ബാഗിലൊതുക്കി, അവശത മറന്ന്, വരാന്തയിൽ തെക്കും, വടക്കുമായി ഓടിക്കൊണ്ടിരുന്നു. അകത്തുള്ളോൾക്ക് ജീവിതം മടക്കിക്കിട്ടാനുള്ള സാധ്യത തുലാസിൽ തൂങ്ങുകയാണെ ന്നറിഞ്ഞപ്പോൾ മുതൽ കൃഷ്ണൻ നായർക്ക് കാലിലെ കനം കൂടിവരുന്നതായിത്തോന്നി. ഇന്നുവരെ വിളിച്ചു വഴങ്ങാത്ത ഈശ്വരന്മാരുടെ പേരുകൾ നാവിൻ തുമ്പിൽ അറച്ചു നിന്നു. ദുരഭിമാനത്തിന്റെ അഹങ്കാരം കൊണ്ടുമാത്രം അയാളുടെ നട്ടെല്ല്, നിവർന്നു നില്ക്കാനുള്ള പാഴ് ശ്രമം നടത്തിക്കൊണ്ടിരുന്നു. അപ്പോഴും കക്ഷത്തിലിരിക്കുന്ന സ്വന്തം ശൗര്യത്തിൽ അയാൾ കൂടെക്കൂടെ പിടിമുറുക്കി.
പരസ്പരം ചേർക്കാൻ വേണ്ടി നിർമ്മിച്ചതാണോയെന്ന് ആർക്കും തോന്നാവുന്ന ജോഡി യായിരുന്നു എന്നും കൃഷ്ണൻ നായരും രാധമ്മയും. ഒരു വാക്യത്തിലെ പദങ്ങൾ പോലും വീതിച്ചെടുത്ത് യുക്താനുസരണം പൂരിപ്പിക്കാൻ കഴിവുള്ളവർ. അവർക്ക് എന്നും ഒരു വാക്കായിരുന്നു, ഒറ്റ മുഖവും, ”എന്തെങ്കിലും സംഭവിച്ചുപോയാൽ…. ഈശ്വരാ….” പിന്നീട് കൃഷ്ണൻ നായരെ കൈകാര്യം ചെയ്യേണ്ട വിധം ചിന്തയിലെങ്ങും എത്താതെ മകൾ വത്സല അന്തം വിട്ട് പാഞ്ഞു. വത്സലയുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഭർത്താവ് വേണു ഗോപാലും അവൾക്കൊപ്പം കാര്യങ്ങളുടെ നടത്തിപ്പിനായി പാഞ്ഞുകൊണ്ടിരുന്നു.
മൂത്തമകൾ ഗൗരിക്കുട്ടി ഏതോ നാട്ടിലെ പേരറിയാത്ത ദൈവങ്ങൾക്കുമുമ്പിൽ ഉപവാസം കിടന്നു. ഇതിനിടയിൽ രാധമ്മ രണ്ടു തവണ പരലോക ത്തെ വാതായനത്തിൽ മുട്ടിയെ ങ്കിലും കർമ്മകാണ്ഡം പൂർത്തി യാക്കാത്ത കുറ്റത്തിനു അവിടെ നിന്നും പുറന്തള്ളപ്പെട്ടു. ആറാം നാൾ കണ്ണുതുറന്നപ്പോൾ എന്തുകൊണ്ടോ അവർ ആദ്യം തിരിച്ചറിഞ്ഞത് മകൾ വത്സലയെ ആയിപ്പോയി. മധുരപ്പതിനേഴിന്റെ കുണുങ്ങലോടെയുള്ള സ്വതസിദ്ധമായ ചിരിയാൽ രാധമ്മ തിരിച്ചു വരവ് ആഘോഷിച്ചു. മുട്ടിപ്പായി പ്രാർത്ഥിച്ച ദൈവങ്ങൾക്കെല്ലാം നേർച്ചക്കടം നിവർത്തിച്ച് ഗൗരിക്കുട്ടിയും, വത്സലയും കൃതജ്ഞത പ്രകാശിപ്പിച്ചു. കൃഷ്ണൻ നായർ അപ്പോഴും കക്ഷത്തിലെ കറുത്ത ബാഗ് തടവി. അതിനുള്ളിലിരുന്ന് അയാളുടെ ശൗര്യം ഊറിച്ചിരിച്ചു.
കഥ കുഴപ്പമില്ല.എന്തോ കുറവ് ഫീൽ ചെയ്യുന്നുണ്ട്.