കർക്കിടകവാവിന്റെ ഒാർമയ്ക്ക്..

Solemn1

വാവുബലി എന്ന് കേൾക്കുമ്പോഴും ബലിക്കാക്കയെ കാണുമ്പോഴും നെഞ്ചിനുള്ളിൽ ഏതോ ഒരു മുറിവിൽ ഉപ്പ്കാറ്റ് വീശുന്നത് അറിയാറുണ്ട്. അന്നത്തെ ആ ഫെബ്രുവരി 17 കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു. എങ്കിലും തെളിഞ്ഞ് കത്തുന്ന ഒരു പിടി ഓർമ്മയിൽ ഒന്നാണ് അത്…. എന്റെ അച്ചാച്ചന്റെ മുഖം!

അച്ചാച്ചന്റെ പ്രിയപ്പെട്ടവളായിരുന്നു ഞാൻ….. അല്ല…. ആണ് ഞാൻ. കുട്ടിക്കാലത്തെ എന്റെ നിറക്കാഴ്ചകളും കളി കോപ്പുകളും ഒക്കെ എന്റെ അച്ചാച്ചന്റെ വകയായിരുന്നു. കുഞ്ഞമ്പിളിക്ക് അച്ചാച്ചന്റെ ശമ്പള ദിവസമെന്നാൽ വീട്ടിൽ നിറയുന്ന ബേക്കറി പലഹാരങ്ങളായിരുന്നു.

സിഗരറ്റ്, ബീഡി, മുറുക്കാൻ എന്നു വേണ്ട മദ്യം തുടങ്ങി എല്ലാ ലഹരികളും ആൾക്ക് തമാശയായിരുന്നു. മുറുക്കാൻ, സിഗരറ്റ് എന്നിവയുടെ സപ്ലെ ഞാനായിരുന്നു. കൂലി വെറ്റിലയുടെ ഒരു തുമ്പു കഷ്ണവും!

ആദ്യമായി ടി.വി എന്ന മഹാത്ഭുതം ഞങ്ങടെ വീട്ടിൽ എത്തിച്ചത്, മൂന്നു വിൽ ഉള്ള സൈക്കിൾ എനിക്കായി വാങ്ങി വന്നത്…. അങ്ങനെ എന്തൊക്കെ! എങ്ങനെയാ അതൊക്കെ മറക്കുക. ശരിക്കും പറഞ്ഞാൽ മൂന്നു നാലു വയസ്സുള്ള ഞാൻ…. എന്തിന് പത്താം വയസ്സിൽ പോലും പുറംലോകത്തെ അറിഞ്ഞത് മാസത്തിൽ ഒരിക്കൽ എത്തിയിരുന്ന അച്ചാച്ചനിൽ നിന്നായിരുന്നു.

ഇടയ്ക്ക് അച്ചാച്ചനൊരു സസ്പെൻഷൻ കിട്ടി. ആ കാലങ്ങളിൽ അധികാരികളോട് എനിക്ക് എത്ര നന്ദി ഉണ്ടായിരുന്നെന്നോ? അച്ചാച്ചനെ എനിക്കായി കുറച്ച് നാൾ തന്നതിന്. ആ കാലങ്ങളിൽ അച്ചാച്ചൻ കള്ളുകുടി കുറച്ചു. ഭക്ഷണമൊക്കെ കൃത്യമായി കഴിച്ചപ്പോൾ കൂടുതൽ ഭംഗിയായി. വല്ലാതെ കറുത്ത് പെടച്ച ആളായിരുന്നു അച്ചാച്ചൻ. വീട്ടുകാരൊക്കെ ആശങ്കയിലായിരുന്നു. എങ്ങനെ തിരികെ കയറുമെന്നായിരിക്കും അവരൊക്കെ അന്ന് തല പുകച്ചത്. പക്ഷെ ആൾ വളരെ കൂൾ ആയിരുന്നു. ‘പപ്പനാഭൻ തന്ന പണി കളയാൻ ഇവൻമാരുടെ തന്തമാർ വന്നാലും കഴിയില്ല ‘ എന്ന ലൈനിലായിരുന്നു പുള്ളി.

സിഗരറ്റ്, ബീഡി, മുറുക്കാൻ എന്നു വേണ്ട മദ്യം തുടങ്ങി എല്ലാ ലഹരികളും ആൾക്ക് തമാശയായിരുന്നു. മുറുക്കാൻ, സിഗരറ്റ് എന്നിവയുടെ സപ്ലെ ഞാനായിരുന്നു. കൂലി വെറ്റിലയുടെ ഒരു തുമ്പു കഷ്ണവും! പിന്നെ ജീവിതത്തിൽ ശൈലീ രോഗങ്ങൾക്ക് അടിപ്പെട്ട അച്ചാച്ചന് ഷുഗർ കൂടി കാൽ മുറിക്കേണ്ടി വന്നു. വലിയ വേദന തോന്നി എന്റെ കുഞ്ഞു മനസ്സിൽ. പക്ഷെ ആൾ വളരെ കൂളായിരുന്നു. മുറിക്കാൽ ആട്ടി എന്നെ വിളിക്കുക, ആ കാൽ വച്ച് ‘ഷേക്ക് ലെഗ്’ തരിക, തുടങ്ങിയ കുസൃതികൾ ഒപ്പിച്ച് എന്റെ ചിരിപ്പിച്ചു അച്ചാച്ചൻ. കാൽ ഇല്ലയെന്ന സത്യം പോലും ഞാൻ മറന്നു പോയി പലപ്പോഴും. അതെ സംബന്ധിച്ച് ആകെ വരുന്ന ഓർമ്മ ആ പൊയ്ക്കാലിനിടയിൽ ഒളിപ്പിച്ച് എനിക്കായി കൊണ്ടുവന്ന 5 രൂപയുടെ ഒരു കെട്ട് പച്ച (ശരിക്കും പച്ച) നോട്ടും!

ഇന്ന് ചില നേരങ്ങളിൽ മനസ്സ് വല്ലാതെ പതറുമ്പോൾ ആ ‘കൂൾമാൻ’ ഇരിപ്പ് ഓർമ്മ വരും. ഉടൻ ചെറിയൊരു ധൈര്യം തോന്നും.

ഇന്നലെ പെട്ടെന്ന് ബലിതർപ്പണം നടത്താൻ തീരുമാനിക്കുമ്പോൾ മുതൽ ആളെന്റെ കൂടെയുണ്ട്. ഒരു കള്ളച്ചിരിയുമായി. രാത്രി കിടക്കുമ്പോൾ ഞാനെന്റെ വലതുകൈ നീട്ടിവച്ചു. മുത്തശ്ശി പറയുമ്പോലെ ഒരിക്കലൂണുകാരീടെ കൈ മണപ്പിക്കാൻ വരുന്നെങ്കിൽ ബുദ്ധിമുട്ടരുതല്ലോ. രാവിലെ എന്നോടൊപ്പം തിരുനാവായയിലേക്ക്. കൂടെ വരുന്ന മാഷെ നോക്കുന്നുണ്ട്. ചെക്കൻ കൊള്ളാം. നിന്നോട് കൊമ്പു കോർക്കാൻ മാത്രമുണ്ട്. എന്തുകൊണ്ടും എന്റെ കണ്ടെത്തൽ മോശായില്ല. വർഷങ്ങൾക്കു മുന്നേ ഞാൻ കരുതി വച്ചത് പാഴായില്ല എന്നൊക്കെയാണ് ഭാവം.

ഒത്തിരി നേരം ക്യൂ നിന്ന് തണുത്തുറഞ്ഞ വെള്ളത്തിൽ വെളുപ്പിന് മൂന്നരയോടെ മുങ്ങിക്കയറി. പിന്നെ അടുത്ത ക്യൂ. പിന്നെ ചടങ്ങുകളിലേക്ക്…..

ആ മുറ്റവും ആ വഴികളും ആ പുഴ കഷ്ണവും ഏറെ ഇഷ്ടമാണ് എനിക്ക്. അതൊക്കെ അച്ചാച്ചൻ കാണുന്നുണ്ട്. ഒറ്റക്കണ്ണിറുക്കിയടച്ച് ചിരിക്കുന്നുമുണ്ട്.

മൂന്നു ഭാഗമുള്ള ഒരു ബലിക്കല്ല്, ഒരു ഇലകഷ്ണം, ഒരു കിണ്ണം വെള്ളം, ഒരു പിടി എള്ള്, ഒരു പിടി ഇലയും പൂവും, പിന്നൊരു നുള്ള് ചന്ദനം, പിന്നെ ഒരു പിടി അരി ഇതൊക്കെ കിട്ടി – നൽകിയ ദർഭ നനച്ചു വച്ചു. പുരുഷൻമാർക്ക് മാത്രേ പവിത്രക്കെട്ട് മോതിരം (?) കിട്ടുകയുള്ളൂന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ചരിഞ്ഞു നോക്കുമ്പോൾ ‘ഓ ഇതിലൊക്കെ എന്നാ ഇരിക്കുന്നത് ‘എന്ന ഭാവത്തിൽ ചുണ്ട് കോട്ടിയത് കണ്ടപ്പോൾ ചിരി വന്നു. പിന്നെ തലയായി സങ്കൽപ്പിച്ച് എള്ളും. പൂവും ഇലയും, പിന്നെ അരിയും വെള്ളം നനച്ച് അർപ്പിച്ചു. കുറേ തവണ അതൊക്കെ ആവർത്തിച്ചു. ഇടയ്ക്ക് കണ്ണു നിറഞ്ഞു വന്നു. കാണാതിരിക്കാൻ ഒളിപ്പിക്കാൻ ശ്രമിച്ചു. ‘ഓ ഈ പെണ്ണ് തുടങ്ങി’ എന്ന മട്ടിൽ നിളയിൽ നോക്കിയിരിക്കയാണ് ആള്.

ചടങ്ങുകൾ ഏകദേശം കഴിഞ്ഞു.ഒടുവിൽ, ”ഇനി നമ്മൾ വന്ന ആത്മാവിനെ തിരികെ അയയ്ക്കുന്നു, നമസ്ക്കരിക്കൂ ” എന്ന് ആചാര്യൻ പറയുമ്പോൾ തല ചരിച്ചു നോക്കി ഞാൻ. ആളവിടെയില്ല!! കറുത്ത ചിറകുകൾ നിളയുടെ കുറുകെ ഒന്നു പിടഞ്ഞത് മാത്രം കണ്ടു. കണ്ണുനിറഞ്ഞ് തുളുമ്പി ദർഭയുടെ കാൽക്കൽ വീണ് കുതിർന്നു…. ഇനി അടുത്ത വർഷത്തേക്കൊരു കാത്തിരിക്കൽ…..

ജീവിക്കാനുള്ള ഊർജ്ജവും ശക്തിയും അനുഗ്രഹമായി തന്ന് പെട്ടെന്നൊരു ദിവസം അങ്ങ് ദൂരേക്ക് പാഞ്ഞുപോയില്ലേ! നൽകാനുള്ള സമ്മാനങ്ങൾ എന്നോ എവിടെയൊക്കെയോ കുഴിച്ചിട്ടിട്ടുണ്ട്. വഴിയരികുകളിൽ നിന്ന് ഓരോന്നും മാന്തിയെടുത്ത് ഞാൻ നീങ്ങുന്നു. മുന്നിലേക്ക് വീണ്ടും മുന്നിലേക്ക്.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *