കുടപ്പേരിൽ..

SHYNA-CUNCHEN

ന്നലെ വൈകുന്നേരം മുതൽ രാത്രി വരെയും രാവിലെ മുതൽ ഈ നേരം വരെയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത് ചേച്ചിയുടെ കാണാതായ കുടയെക്കുറിച്ചായിരുന്നു. മഞ്ഞ നിറത്തിൽ വളയൻകാലുളള കുട വാങ്ങിയ നാൾ തൊട്ട് അതൊന്ന് പിടിച്ചു നോക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.പക്ഷേ അതൊന്ന് തൊട്ടു നോക്കാൻ കൂടി ചേച്ചി എന്നെ അനുവദിച്ചിരുന്നില്ല.

നീയ്യ്. ഉസ്കൂളിൽ പോയി നോക്ക്. ബെഞ്ചിന്റെ Sക്കങ്ങാനും ബീണിറ്റ് ണ്ടാകും. ബേം. ചെല്ല്.

ഇന്ന് ഉസ്കൂളില്ല. ഞാമ്പോ കൂല

പോകാനാ പറഞ്ഞെ…. പോയി നോക്ക്.
അമ്മ ശബ്മുയർത്തി.

ഞാനൊറ്റക്ക് പോഊല

ഇതാ ഇവള കൂട്ടിക്കോ ചെല്ല്..
ഞാൻ വേഗംതയ്യാറായി. മുറ്റത്തിറങ്ങി ചേച്ചിയെ വിളിച്ചു.
വാ.
ചേച്ചി മടിച്ചു നിന്നു.
ചെല്ല്..
അമ്മ പറഞ്ഞു.
അപ്പോഴാണ് അപ്രതീക്ഷിതമായി ഞങ്ങളുടെ നാരായണൻ മാമൻ വലിയ വളയൻ കാലൻ കുട കുപ്പായത്തിന്റെ കോളറിൽ പിറകിലായി തൂക്കിയിട്ടു കൊണ്ട് വന്നത്. പൊതുവെ ഗൗരവക്കാരനായ മൂപ്പിലാൻ അപൂർവ്വമായി മാത്രമേ ഞങ്ങളോടൊക്കെ സംസാരിക്കാറുളളു. എല്ലാവരേയും കാണുമ്പോൾ മൂപ്പരുടെ ലോഹ്യം ഒരു മൂളലിലാണ്. അച്ഛനെ കാണുമ്പോൾ മൂപ്പർ ഇരുത്തിയൊന്നു മൂളും. ”ഉം”
ചേച്ചിയേയും ചേട്ടനേയും കണ്ടാലും മൂളും ”ഉം”. എന്നെ കാണുമ്പോൾ മൂളുന്നതിന് ഇടയാക്കാതെ ഞാൻ വേഗം അമ്മയുടെ സാരിക്കു പിറകിലൊളിക്കുകയാണ് പതിവ്.

അന്ന് അമ്മയുടെ അഭ്യർത്ഥന മാനിച്ച് നാരായണൻ മാമനും ഞങ്ങളുടെ കൂടെ കുട തിരയുന്നതിനായി സ്കൂളിലേക്ക് വരുന്നതിന് തീരുമാനമായി.

ഞങ്ങൾ ചട്ടപ്പറമ്പ് കയറി ഉസിനിക്കയുടെ പീടികയും കഴിഞ്ഞ് കുഞ്ഞിപ്പള്ളി മുക്കിലെത്തി സ്കൂളിലേക്കുളള വളവിലേക്ക് തിരിഞ്ഞു. ഇടത് വശത്ത് നീളത്തിൽ പലകയഴികൾ ഇട്ട് ജനലു പോലെയാക്കിയ ഒരു ബീഡിക്കമ്പനിയുണ്ടായിരുന്നു. ആരോ അതിനുള്ളിൽ നിന്നും ഉച്ചത്തിൽ പത്രം വായിക്കുന്നത് കേട്ടു. നിരനിരയായി കുറെയാളുകൾ വീഞ്ഞപ്പെട്ടി മേലിരുന്ന് മടിയിൽ മുറം വച്ച് ബീഡി തെറുത്തു കൊണ്ടിരുന്നു. നാരായണൻ മാമൻ വാതിൽക്കലിരുന്ന ആളുകളോട് ലോഹ്യം പറയാൻ തുടങ്ങിയപ്പോൾ ചേച്ചിക്ക് അക്ഷമയായി.

ചില ഉമ്മമാർ കുടകൊണ്ട് മുഖം മറച്ചു പിടിച്ച് നടക്കുന്നതു പോലെയും നടന്നു നോക്കി

വാ.. നമ്മക്ക് പോകാം.
അവൾ തിരക്കുകൂട്ടി എന്റെ കൈ പിടിച്ചു വലിച്ചു. ഞങ്ങൾ വേഗം നടന്നു. നാരായണൻ മാമന്റെ വർത്തമാനം കഴിയുമ്പോഴേക്കും ഞങ്ങൾ സ്കൂളിൽ എത്തിയിരുന്നു.

അതാ… അന്റെ
ഗ്ലാസ്സ് ..
ചേച്ചി കൈ ചൂണ്ടി

സിമന്റsർന്ന കോലായുടെ പരുപരുപ്പിലൂടെ അമർത്തിച്ച വിട്ടി അതാസ്വദിച്ചു കൊണ്ട് ഞാൻ ക്ലാസ്സിനരികിലെത്തി. അപ്പോഴേക്കും നാരായണൻ മാമനും എത്തി.

പകുതി ജനവാതിൽ ഇളകി വീണു പോയതിനാൽ പകുതി മാത്രം അടഞ്ഞുകിടക്കുന്ന ആ ജനലിന്റെ തുറന്നു കിടക്കുന്ന അഴികൾക്കിടയിലൂടെ ഞങ്ങൾ മൂന്നു പേരും ഉളളിലേക്കെത്തി നോക്കി.

മേശക്കടിയിലായി നിലത്ത് ഒരു കഷണം ചോക്ക് കിടപ്പുണ്ടായിരുന്നു. നിരനിരയായി കിടക്കുന്ന കുറേ ബഞ്ചുകൾ. അതിനടിയിൽ ചുരുട്ടിയിട്ട കുറച്ചു കടലാസു കഷണങ്ങളും. അതിൽ നാലാമത്തെ ബഞ്ചിന്റെ അടിയിലായി ചേച്ചിയുടെ മഞ്ഞക്കാലുള്ള കുട ഒറ്റക്ക് കിടക്കുന്നു.

അതാ.. കൊട..
എനിക്ക് സന്തോഷമായി.
പക്ഷേ ചേച്ചിയുടെ മുഖം വീർത്തു വന്നു. അവൾ ഒന്നും മിണ്ടിയില്ല.

ഒടുവിൽ തിങ്കളാഴ്ച ഹെഡ്മാസ്റ്റർ സ്കൂൾ തുറക്കാൻ വരുന്നതിലും നേരത്തെ ഉപ്പുമാവ് വെക്കുന്ന ജാന്വേടത്തി എത്തുന്നതിലും നേരത്തെ മറ്റ് കുട്ടികൾ ആരെങ്കിലും സ്കൂളിൽ വരുന്നതിനും മുൻപേ സ്കൂളിലെത്തി കുട കൈപ്പറ്റാമെന്ന തീരുമാനത്തിലെത്തി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

പക്ഷേ വീട്ടിലെത്തിയ ഉടനെ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് ചേച്ചി പൊട്ടിക്കരഞ്ഞു.
അനക്കാ കൊട വേണ്ട. എനി ഞാനതെടുക്കൂല…

ഞാൻ നടുങ്ങി.
ഇത്ര നല്ല കുട
അമ്മയും അമ്പരന്നു.
എന്തീറ്റാന്ന് പറ.
ചേച്ചി ഒന്നും പറഞ്ഞില്ല. കരച്ചിലോട് കരച്ചിൽ.
ഞങ്ങൾ ആകാവുന്ന വിധത്തിൽ എല്ലാം ചോദിച്ചിട്ടും ചേച്ചി ഒന്നും പറഞ്ഞില്ല.
ഒടുവിൽ നാരായണൻ മാമൻ ഒരു അലർച്ച…. അതോടെ ചേച്ചി തനിക്ക് കുട വേണ്ടാതായതിന്റെ കാരണം വെളിപ്പെടുത്തി.

അച്ഛൻ വാങ്ങിത്തന്ന പുതിയ കുടയും ചൂടി ചേച്ചി സന്തോഷത്തോടെ സ്കൂളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിന്റെ രണ്ടാമത്തെ ദിവസം. ബീഡി കമ്പനിക്കരികിലെത്തിയപ്പോൾ റോഡിലൂടൊഴുകുന്ന മഴവെളളത്തിൽ കാലിട്ടടിച്ച് കളിച്ച് ചേച്ചി പതുക്കെ നടക്കുന്ന നേരം. ബീഡിക്കമ്പനിക്കുള്ളിൽ നിന്നും ഒരശരീരി ശബ്ദം പൊട്ടിപ്പുറത്ത് വീണു.

ശ്രീജ. പി… കൂടെ കുറെ പൊട്ടിച്ചിരികളും
പിന്നെയും പല പല ശബ്ദങ്ങളിൽ ശ്രീജ. പി. ഉയർന്നു കേട്ടു.
നാണിച്ചു പോയ ചേച്ചി അപ്പോഴാണ് തന്റെ കുടക്കു മീതെ അച്ഛൻ ചുവന്ന നൂലിൽ വലിയ അക്ഷരങ്ങളിൽ തന്റെ പേരെഴുതിയത് വായിച്ചാണ് അവർ ചിരിച്ചതെന്ന് മനസ്സിലാക്കിയത്.

വിഷണ്ണയായ ചേച്ചി ഓരോ വട്ടവും അതിലൂടെ കടന്നു പോകുമ്പോൾ വളരെയധികം ലജ്ജിച്ചു. ദു:ഖിച്ചു. തന്റെ കുടയുടെ മേലെഴുതിയ പേര് മറ്റുളളവർ കാണാതിരിക്കാൻ അവൾ വളരെയധികം പാടുപെട്ടു കുട തിരിച്ചുപിടിച്ച് കഷ്ടപ്പെട്ട് തന്നെ തിരിച്ചറിയാതിരിക്കാൻ മറ്റു കുട്ടികളുടെ ഇടയിലൂടെ ഒളിച്ചും പതുങ്ങിയും നടന്നു.. ചില ഉമ്മമാർ കുടകൊണ്ട് മുഖം മറച്ചു പിടിച്ച് നടക്കുന്നതു പോലെയും നടന്നു നോക്കി. എന്നാൽ ചേച്ചിയുടെ പരിഭ്രമം മനസ്സിലാക്കിയ അവർ ചേച്ചിയുടെ നിഴൽ കാണുന്ന മാത്രയിൽ ശ്രീജ. പി. എന്നുറക്കെ പറയുകയും പൊട്ടിച്ചിരിച്ചു കൊണ്ട് അവർക്ക് നിർദ്ദോഷമായി തോന്നിയ ഈ തമാശ ആസ്വദിക്കുകയും ചെയ്തു.

മനസ്സു തകർന്ന ചേച്ചി അങ്ങനെ ഈ കുട ഉപേക്ഷിക്കുവാൻ തീരുമാനിച്ചതാണ്.

ഞാങ്കൊട കര്തിക്കൂട്ടി യെന്നെ ആട ബെച്ചതാ……
ആരെങ്കിലും കൊണ്ടോ യിക്കോട്ടേഞ്ചെല്ലിറ്റ്…..
എനിയന്ന കൊന്നാലും ഞാനാക്കൊടയെട്ക്കൂല…

ചേച്ചി ഗദ്ഗദകണ്ഠയായി തന്റെ അന്തിമ തീരുമാനം അസന്നിഗ്ദ്ധമാമായി പ്രഖ്യാപിച്ചു.

ഒടുവിൽ മുതിർന്നവരുടെയെല്ലാം ഏകകണ്ഠമായ തീരുമാനപ്രകാരം ശ്രീജ. പി. എന്ന് ചുവന്ന നൂലിൽ വലിയ അക്ഷരങ്ങളിൽ പേരെഴുതിയ ആ കുട എനിക്കു തരുവാൻ തീർച്ചപ്പെടുത്തി.

ഞാനാണെങ്കിൽ ബീഡിക്കമ്പനിക്കരികിലൂടെ പോകുമ്പോൾ ശ്രീജ. പി. എന്ന് ആരെങ്കിലും വായിച്ചാൽ തന്നെയും അതെന്റെ പേരല്ലല്ലോ എന്ന ആത്മവിശ്വാസത്തിൽ പരിഭ്രമമൊട്ടുമില്ലാതെ സധൈര്യം മുഖമുയർത്തി നടന്നു പോകുകയും ചെയ്തു.

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *