ശൂന്യമാക്കപ്പെടുന്ന
വാക്കുകളിൽ
ഒരു കനൽ
പഴുക്കുന്നുണ്ട്,
കരളീർപ്പം
കറന്നെടുക്കാൻ
നെഞ്ചോരം
ചായുന്നുണ്ട്.
വരണ്ടുപോയ
കിനാപ്പാടങ്ങളിൽ
കതിരു ചികഞ്ഞു
ചിരിക്കുന്നുണ്ട്.
ശൂന്യമാക്കപ്പെടുന്ന
വാക്കുകളിൽ
ഒരു കനൽ
ചുവക്കുന്നുണ്ട്,
കുരുട്ടുതിമിര-
പ്പരവതാനി
കണ്ണിൽ
വിരിക്കുന്നുണ്ട്.
ചോരക്കുടുക്ക
എറിഞ്ഞുടച്ച്
`നിണം’ കെട്ടി-
യാർക്കുന്നുണ്ട്.
ശൂന്യമാക്കപ്പെടുന്ന
വാക്കുകളിൽ
ഒരു കനൽ
ഒടുങ്ങുന്നുണ്ട്,
കരളിന്റെ
കടലോരത്തു കുത്തി
പകച്ചൂട്ട്
കെടുത്തുന്നുണ്ട്.
കനക്കുന്ന
പുകച്ചുരുളേന്തി
രൂപമില്ലാതെ-
യലയുന്നുണ്ട്.