ഓലചൂട്ടും കത്തിച്ച്, മുറുത്തപ്പായും കക്ഷത്ത് പിടിച്ച് പാടവരമ്പും, കൈതോല തോടും കടന്ന് നീങ്ങുമ്പോൾ ഊറ്റച്ചീനി പുഴുങ്ങിയ ഒരു മണം മൂക്കിലിരച്ചു കയറും…
ഈ പാതിരാത്രി ആരാണീ കൈതവരമ്പത്ത് ചീനി വേവിച്ച് ഊറ്റുന്നത്?
ചോദ്യം കേട്ട് മുന്നേ ചൂട്ടുംപിടിച്ചു പോകുന്ന നാണിത്തള്ള പറയും അത് ചേനത്തണ്ടൻ വാ പൊളിക്കുമ്പോൾ വരുന്ന വാടയാണ്..
മിക്കപ്പോഴും പാടവരമ്പിലിരുന്നു കലപില കൂടുന്ന ചൊറിത്തവളകൾ ചൂട്ടിന്റെ വെളിച്ചത്തിൽ ഞങ്ങളുടെ മുന്നിലേക്ക് എടുത്തുചാടി കാലിൽ തട്ടുമ്പോൾ മൂത്രമൊഴിച്ച് തന്നിട്ട് വിജയശ്രീലാളിതരായി കടന്നുപോകും..
ഈ നടത്തം ചെന്നവസാനിക്കുന്നത് ഉത്സവപ്പറമ്പിലാണ്.. കയ്യിൽ കരുതിയ പായ സ്റ്റേജിന്റെ മുന്നിൽ തന്നെ നിവർത്തിയിട്ട് മണിക്കൂറുകൾക്ക് മുന്നേ സ്ഥാനമുറപ്പിയ്ക്കും…
പ്രശസ്ത കാഥികൻ വി.സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ നാടും, നഗരവും കടന്ന് ആളുകൾ സ്റ്റേജിനു മുന്നിൽ നിറഞ്ഞു നിൽക്കും.
വിശ്വസാഹിത്യകാരനായ വില്യംഷേക്സ്പിയറുടെ ലോകപ്രശസ്തമായ റോമിയോയും, ജ്യൂലിയറ്റും എന്ന നാടകത്തിന്റെ കഥാപ്രസംഗാവിഷ്ക്കാരം മുതൽ വയലാറിന്റെ ആയിഷ വരെ പറഞ്ഞ് തലമുറകളെ കഥകളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ പാവങ്ങളുടെ പാട്ടുകാരൻ..
തൊണ്ടു തല്ലിയും, കയർ പിരിച്ചും കഴിഞ്ഞിരുന്ന അന്നത്തെ എന്റെ ഗ്രാമത്തിലെ നാണിയമ്മയുടെയും, കൊച്ചു കോവാലണ്ണന്റേയും മനസ്സിലേക്ക് വിശ്വസാഹിത്യ കൃതികൾ കഥാരൂപേണ ഒഴുകിയെത്തിയപ്പോൾ അന്ന് കിട്ടാക്കനിയായിരുന്ന പല പുസ്തകങ്ങളും, കഥയും, സാഹിത്യവും ഞങ്ങൾക്ക് ഈ ഉത്സവപ്പറമ്പിലൂടെ ലഭിച്ചു…
കട്ടൻബീഡിയുടെ പുകയും ശ്വസിച്ച്, തോട്കപ്പലണ്ടിയും കൊറിച്ച് പിണ്ടിലൈറ്റിന്റെ വെളിച്ചത്തിൽ മഞ്ഞു പെയ്യുന്ന രാത്രികളിൽ കേട്ട പല കഥകളും, കഥാപാത്രങ്ങളും മനസ്സിൽ ഇപ്പോഴും മരിക്കാതെ നിലനില്ക്കുന്നു..
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനീതിയ്ക്കുമെതിരെ തലമുറകളെ കഥപറഞ്ഞു രസിപ്പിച്ച കഥാപ്രസംഗചക്രവർത്തിയുടെ ആദ്യവേദി കൊല്ലം ചവറയ്ക്കടുത്തുള്ള ഗുഹാനന്ദപുരം ക്ഷേത്രത്തിലെ സേവപ്പന്തൽ ആയിരുന്നു..
ഒറ്റമുണ്ടുടുത്ത്, കൂട്ടുകാരനോട് കടംവാങ്ങിയ ഒരു ഷർട്ടും ധരിച്ച് സുമുഖനായ ആ യുവാവ് ആദ്യമായി കഥപറഞ്ഞു… കയ്യിൽ ഒരു ചപ്ലാംകട്ട, കൂട്ടിന് ഒരു മൃദംഗക്കാരനും, ഹാർമൂണിസ്റ്റും മാത്രം.
വേദിയിൽ ഒരു പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ മൈക്കില്ലാതെ സ്വന്തം കഥ പറഞ്ഞു..
മാന്യ ഗുരുജനങ്ങളെ…
ശാസ്ത്രീ പരീക്ഷ പാസ്സായവനാണ് ഞാൻ, എന്നോടൊപ്പം ജയിച്ചവരൊക്കെ കോളേജിൽ ചേർന്ന് പഠിക്കുന്നു, എനിക്കും പഠിക്കണം, പക്ഷേ അതിനുള്ള പണമില്ലാ, നിങ്ങൾ എന്നെ സഹായിക്കണം, പകരം ഞാനൊരു കഥാപ്രസംഗം നടത്താം….
അന്ന് ആദ്യമായി പറഞ്ഞകഥ ചങ്ങമ്പുഴയുടെ ദേവതയായിരുന്നു..
പിന്നീട് 46 വർഷംകൊണ്ട് 56 ൽപ്പരം കഥകൾ പറഞ്ഞ് പന്തീരായിരത്തിലധികം രാവുകൾക്ക് കുളിരും, സ്വപ്നവും, രോമഹർഷവും നെയ്ത് കടന്നു പോയ ആ കഥാപ്രസംഗ ചക്രവർത്തിയുടെ പാവനസ്മരണയ്ക്കു മുന്നിൽ എന്നിലെ ഓർമ്മകൾ സമർപ്പിക്കുന്നു…