പണ്ട് ഉമ്മായുടെ വീടിനടുത്ത് കല്യാണത്തിന് പാട്ടും, പിണ്ടിലൈറ്റും ഇടാൻ വാപ്പ വന്നപ്പോൾ തുടങ്ങിയ പ്രേമമാണ് ഒടുവിൽ കല്യാണത്തിൽ കലാശിച്ചത്.
പക്ഷെ അന്ന് ആ ഗ്രാമഫോണിലൂടെ കേട്ട പാട്ടിന്റെ വരികളോ, അന്നത്തെ പിണ്ടിലൈറ്റിന്റെ വെളിച്ചമോ തുടർന്നുള്ള വിവാഹജീവിതത്തിൽ ഉമ്മായ്ക്ക് ലഭിച്ചില്ല എന്നുള്ളതാണ് സത്യം.
കല്യാണ വീടുകളും, ഉത്സവപ്പറമ്പുകളുമായി വാപ്പ ആഴ്ച്ചകൾ കഴിഞ്ഞേ വീട്ടിൽ വരാറുള്ളു.
ഒരുപാട് നേർച്ചയും, നിലവിളക്കും നേർന്നാണ് അക്കാലത്ത് ഞാൻ എന്ന അവതാരം ജനിച്ചത്.. പിന്നീട് അടുപ്പിച്ചുള്ള രണ്ട് പ്രസവങ്ങളും ഉമ്മായെ വല്ലാതെ തളർത്തി. അതിൽ എനിക്ക് നേരെ ഇളയ അനുജൻ ഷാജഹാന്റെ ജനനത്തോടെ വീട്ടിൽ പട്ടിണിയും, പ്രാരാബ്ദങ്ങളും ഇരട്ടിയായി.
അനുജനെ മടിയിലും, എന്നെ കയ്യിലും പിടിച്ചോണ്ടാണ് ഉമ്മ രാവിലെ തൊണ്ട്തല്ലാൻ കായൽവാരത്ത് പോകുന്നത്. ഉമ്മയുടെ മാറ് മറച്ചിരുന്ന തുണികൊണ്ട് കായൽവാരത്തെ ചാഞ്ഞുകിടക്കുന്ന തെങ്ങിൽ തൊട്ടിൽകെട്ടി അതിൽ അവനെ കിടത്തി, എന്റെ കയ്യിൽ ചന്ദനത്തിരിയുടെ കൂട് കരഞ്ഞാൽ കളിപ്പാട്ടമായി ഉപയോഗിക്കാൻ ഏൽപ്പിച്ചിട്ടാണ് ഉമ്മ തൊണ്ട്തല്ലാൻ ഇരിക്കുന്നത്.
ഓരോപോള തൊണ്ടിലും കൊട്ടൂടി വീഴുമ്പോഴും ഉമ്മയുടെ ഒരു കണ്ണ് തൊട്ടിലിന്റെ ഭാഗത്തായിരുന്നു.. തികച്ച് പത്ത്പോള തൊണ്ട് തല്ലിതീരുംമുന്നേ ഇവൻ തൊട്ടിലിൽ കിടന്ന് കരയാൻ തുടങ്ങും. തല്ല് നിർത്തി ചകിരിച്ചോറെക്കെ മാറിടത്തിൽ നിന്നും തട്ടിതൂത്ത് അവനെ തൊട്ടിലിൽ നിന്നുമെടുത്ത് എന്റുമ്മയുടെ ആ അമൃതകുംഭം കൊതികളഞ്ഞ് അവന്റെ ചുണ്ടിലേക്ക് വെയ്ക്കുമ്പോൾ എന്റെ വായിൽകൂടി കപ്പലോടുമായിരുന്നു.
ആ കൊതി അനുജന് ഏൽക്കതിരിക്കാനാകാം ആദ്യം ഒരിറ്റ് കൊതികളഞ്ഞതും..
ആർത്തിയോടെ നുണഞ്ഞിറക്കുമ്പോൾ അവന്റെ മഞ്ഞനിറമുള്ള കണ്ണുകൾ വെള്ളിക്കുലുസുപോലെ തിളങ്ങുമായിരുന്നു. ഇത് ആവേശത്തോടെ നോക്കിഇരിക്കുന്ന എന്റെ ഉണങ്ങി ചൊക്കലടിച്ച തലമുടിയിൽ ഉമ്മ കൈവിരലോടിച്ചു കൊണ്ട് പറയും, ചായയുമായി ചെല്ലപ്പണ്ണൻ ഇത്തിരി കഴിയുമ്പോൾ വരും അപ്പോൾ എന്റെമോന് ഒര് ഗോതമ്പ്ഗുണ്ട് വാങ്ങി തരാമെന്ന്.
ഇത് കേൾക്കുമ്പോൾ എന്റെയും മഞ്ഞനിറമുള്ള കണ്ണുകൾ തിളങ്ങുമായിരുന്നു..
കൂട്ട് കുടുംബമായി കഴിഞ്ഞതിനാൽ വീട്ടിൽ നിത്യവും വഴക്ക് പതിവായിരുന്നു. ഉമ്മ തൊണ്ട്തല്ലി കുഴഞ്ഞ് വൈകിട്ട് വന്നിട്ട് വേണം വീട്ടുസാധനങ്ങൾ വാങ്ങി ആഹാരമുണ്ടാക്കാൻ.
മിക്കപ്പോഴും അടുക്കളയിലെ ഒരു അടുപ്പ്പോലും എന്റുമ്മയ്ക്ക് നിക്ഷിപ്തമായിരുന്നു അടുക്കള ഭരണം മുഴുവനും വാപ്പയുടെ സഹോദരിമാർ കയ്യടക്കി വച്ചിരുന്നു.
ആയതിനാൽ വീട്ടിന്റെ വെളിയിൽ മൂന്ന് കല്ല്കൂട്ടി അടുപ്പുണ്ടാക്കി. അരി അടുപ്പേലിട്ടിട്ട് എന്നെ തീ എരിക്കാൻ എൽപ്പിച്ചിട്ട് ഉമ്മ അയൽവീട്ടിൽ പോയി കറിക്കുള്ള മുളകരച്ച് വരും. മിക്കപ്പോഴും അത്താഴം ആകുമ്പോളേക്കും ശ്രീമുരുകാ തീയറ്ററിൽ സെക്കന്റ്ഷോ സിനിമാ തുടങ്ങുന്നതിനു മുമ്പുള്ള ഗാനം കേൾക്കാം, ആ ഗാനത്തിനൊപ്പം ഞാനും ആ അടുപ്പിന്റെ ചുവട്ടിൽ മയങ്ങിവീഴും.
പിന്നീട് എപ്പോഴോ രാത്രിയുടെ യാമങ്ങളിൽ എന്നെ തട്ടിയുണർത്തി ഉമ്മ ആഹാരം തരുമായിരുന്നു.. ആവിപറക്കുന്ന റേഷനരിച്ചോറിൽ ചൂടുള്ള മുളക്ചാറ് ഒഴിച്ച് കഴിച്ചപ്പോൾ കിട്ടിയ രുചിയൊന്നും പിന്നീട് എനിക്ക് കിട്ടിയിട്ടില്ല..
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ആ കാലത്ത് എന്നോടൊപ്പം ഒരുമിച്ച് കളിച്ച്കൊണ്ടിരുന്ന എന്റെ പ്രിയ അനുജൻ മരിച്ച് കിടന്ന് മണിക്കുറുകൾ കഴിഞ്ഞിട്ടും എനിക്കതറിയാൻ കഴിയാതെ അവന് ഞാൻ മരക്കമ്പിന്റെ ഇലകൾകൊണ്ട് മാലകോർത്ത് കളിപ്പിച്ചുകൊണ്ടിരിന്നു. കുറെ സമയത്തിന് ശേഷം അവന്റെ അനക്കമൊന്നും കേൾക്കാതെ ആയപ്പോൾ ഉമ്മ വന്ന് പൊക്കി എടുത്ത് വാവിട്ടു കരയുമ്പോളും അവനായി കോർത്ത മാലയുടെ അവസാന കണ്ണിയുടെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കുന്ന തിരക്കിലായുരുന്നു ഞാൻ.
ഉമ്മ മാറോട് ചേർത്ത് വാവിട്ട് കരയുമ്പൊഴും അവന്റെ ദേഹത്ത് നിന്നും ശവംതിന്നി ഉറുമ്പുകൾ കടിവിടാതെ കടിച്ച്തൂങ്ങി കിടന്നിരുന്നു…
വിഷമിപ്പിയ്ക്കാനായിത്തന്നെ എഴുതിയതാണോ???