വാഴയിലക്കുമ്പിളു കുത്തീ
ഞാനും എൻ പെങ്ങളുപെണ്ണും,
താഴത്തെത്തൊടിയിലിറങ്ങീ
ഒരു വട്ടകപ്പുവ് പറിച്ചേ..
മുക്കുറ്റീ, തുമ്പപ്പൂവും
കളിയാടും തെച്ചിപ്പൂവും
അത്തപ്പൂവിട്ടു നിറയ്ക്കാൻ
ബഹുവർണ്ണപ്പൂക്കളുമായേ
അയലത്തെപ്പൂക്കളമയ്യോ
ബഹുവർണ്ണം, കേമം, ചന്തം
ഇവിടുത്തെപ്പൂക്കളവും ഞാ-
നതിലേറെ മിഴിവിൽത്തീർക്കും
പുതുകോടിയുടുത്തേ ഞങ്ങൾ
പുലരിയ്ക്ക് പുഞ്ചിരി തൂകും,
അരുണാഭയിലത്തൊടി മുഴുവൻ
അതിമോദം ഓടി നടന്നേ…
നടുമുറ്റമടിച്ചുതളിച്ചേ
അവിടൊത്ത നടുക്കൊരു വൃത്തം
അതിലേറെ കള്ളികൾ തീർത്തേ
നറു പൂക്കൾ വാരി നിറച്ചേ
തൃക്കാക്കരയപ്പനിരിക്കാൻ
നടുമദ്ധ്യേ സ്തുപമൊരുക്കീ
നെടുനാക്കിലയൊന്നു വിരിച്ചേ
അതിലല്പം അടയും വച്ചേ…
ഇതു കണ്ടിട്ടാണോയെന്തോ
വരവായീയോണത്തുമ്പികൾ,
അവരല്പം അധികാരത്തിൽ
നടുമുറ്റത്തോടി രസിച്ചേ…
തിരുവോണപ്പാട്ടുകൾ പാടീ
ചെറു പിള്ളേർ കൂടംകുടി
ചിലരൊക്കെ തുമ്പികൾ തുള്ളി
ചിലരൂഞ്ഞാലാട്ടവുമാടി….
കുടമൂതിരസിച്ചവരൊക്കെ
പലവഴിയായ് ബോധം കെട്ടൂ
ചിലരൊക്കെയൊരിത്തിരി മോന്തീ
തിരുവോണപ്പുകില് തുടങ്ങി
അകലത്താപ്പമ്പയിലപ്പോൾ
കളിവള്ളപ്പാട്ടുകൾ കേട്ടേ…
കരിനാഗം പോകും പോലേ
അവയൊക്കെപ്പാഞ്ഞു തുടങ്ങീ
പുലി കളിയുടെ താളമുയർന്നേ
പെരുവയറൻ പുലികളുമെത്തീ
കുടവയറത് തിരുമ്മി രസിച്ചേ
അതികുതുകം മാവേലി മന്നൻ!
കളിയങ്ങനെ മുന്നേറുമ്പോൾ
വിളിയൊന്നു പുറത്തേക്കെത്തീ
അതിവേഗം കൈകാൽ കഴുകൂ
അതിദ്രുതമായ് സദ്യ കഴിക്കാം!
കറിയായിട്ടനവധിയുള്ളത്
ഇലതന്നിൽ വിളമ്പുന്നമ്മ
ചെറുപപ്പടമവിയല്, തോരൻ
നറു സാമ്പാർ, കുത്തരിയുണ്ണാൻ
ചെറുപയറിൻ പായസമുണ്ടേ
അടപ്രഥമൻ, സേമിയയുണ്ടേ
ചെറു പൂവൻ പഴവും ഞെരടീ
പലവട്ടമടിച്ചു രസിക്കാൻ…
ഇവിടിങ്ങനെ മുംബൈ നഗരേ
അതിവേഗം പായും ജനത
അവരൊപ്പമ്മതിവേഗത്തിൽ
നഗരത്തിൽപ്പാഞ്ഞു നടക്കേ
വർഷങ്ങൾക്കപ്പുറമെന്നോ
മമ നാട്ടിൽക്കൂടിയൊരോണം
മനതാരിൽ വന്നു തുടിക്കും
മനപ്പോൾ വിങ്ങിപ്പോകും
തിരുവോണം കൂടാനെന്നുടെ
ചെറു പെങ്ങളുമിന്നില്ലെല്ലോ
കാലത്തിൻ താളു മറിഞ്ഞേ
കാതങ്ങൾക്കിപ്പുറവും ഞാൻ…..