ഈ തിരുവോണനാളിൽ ഇനി വരും ദിനങ്ങളിലേയ്ക്കായി നമുക്കൊരു പ്രതിജ്ഞയെടുത്താലോ? ഇനി നമ്മളിടുന്ന പൂക്കളിലെ എല്ലാ പൂക്കളും നമ്മൾ തന്നെ നട്ടു നനച്ചു വളർത്തിയെടുത്ത ചെടികളിൽ നിന്നിറുത്തെടുത്തതാവുമെന്ന് പൂക്കളങ്ങളുടെ വലിപ്പത്തിലെന്തു കാര്യം? നമ്മൾ കുട്ടിക്കാലത്ത് വീട്ടുമുറ്റത്തിട്ട ചെറുപൂക്കളങ്ങൾക്ക് എന്തു ഭംഗിയുണ്ടായിരുന്നു! മണ്മറഞ്ഞുപോവുന്ന പൂത്തുമ്പികളേയും പൂമ്പാറ്റകളേയും മണ്ണിരകളേയും നമുക്കു വീണ്ടെടുക്കാം. കുഴിയാനകളെന്താണെന്ന് കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കാം.
നമുക്ക് വിദ്യാലയങ്ങളിൽ നിന്നു തുടങ്ങാം. നിർമ്മലമായ മനസ്സുകളിൽ ഹരിതമോഹങ്ങളുടെ നാമ്പുകൾ നടാം. തുമ്പപ്പൂവും അരിപ്പൂവും ചെത്തിപ്പൂവും മുക്കുറ്റിയും വാടാമല്ലിയും ജമന്തിപ്പൂവുമൊക്കെ വിദ്യാലയങ്ങൾക്കു നിറച്ചാർത്താകട്ടെ.
കുട്ടിക്കാലത്തു പാടത്തും പറമ്പിലുമൊക്കെ കൂട്ടുകാരുമൊത്ത് പൂക്കളിറുക്കാൻ നടന്നതോർമയുണ്ട്. ഇന്നോ? രസീതുകുറ്റികളുമായി കൂട്ടത്തോടെയാക്രമിച്ച്, “ഇതുപോരാ ചേട്ടാ”യെന്ന് വിലപേശി, കൊടുത്തതിലും കൂടുതൽ കാശുതട്ടിപ്പറിച്ചുകൊണ്ട് പോവുന്നു, ബാലന്മാർ. അക്കൂട്ടത്തിൽ ബാലികമാരില്ല. കാശുകൊടുത്തുമേടിച്ച തമിഴ്‌പൂക്കളാൽ പൂക്കളിടുമ്പോഴേ അവർക്ക് റോളുള്ളൂ. ഇനിയൊരിക്കലും കേരളനാട്ടിൽ ഒരു പെൺകുട്ടിക്കും പൂക്കളിറുക്കാൻ പാടത്തും പറമ്പിലും ഓടിനടക്കാനാവില്ല – അതു വേറെ കാര്യം.
പൂക്കളമത്സരത്തിലും വടംവലിയിലുമൊക്കെ ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ പേരിൽ നടക്കുന്ന ഓണത്തല്ല്, കലാലയങ്ങളിലെ ഓണക്കാഴ്ച്ചയായി മാറിയിട്ടുണ്ട്. മാനുഷരെല്ലാമൊന്നുപോലെയെങ്കിൽ മത്സരവും ഒന്നാംസ്ഥാനവുമെന്തിന്? വിദ്യാലയങ്ങളിൽ മാത്സര്യമില്ലാത്ത പൂക്കളങ്ങൾ വിരിയട്ടെ. വാലിൽ കല്ലുകെട്ടപ്പെടാത്ത ഓണത്തുമ്പികൾ വീണ്ടും വാനിൽ പാറിപ്പറക്കട്ടെ.