കത്തും മീനച്ചൂടില്‍ പൊരിയും
മണ്ണിന്‍ മാറിന്‍ പുകച്ചിലാല്‍ –
വിണ്ണിന്‍ നക്ഷത്രക്കണ്ണ് നീറവേ ..
‘എന്തൊരു ചൂട് ‘ എന്ന്
പാള വീശറി വീശി, കുട്ട്യേട്ടന്‍
ആരോടെന്നില്ലാതെ പിറുപിറുക്കും
പിന്നൊരാത്മഗതംപോല്‍ മൂളും
‘മഴമേഘത്തേര് വരുന്നുണ്ടേ…’
രാവില്‍ മാനത്ത് കണ്ണും നട്ട്
കാത്തുനില്‍ക്കും കുന്നിന്‍ നിറുകയില്‍ ..
വെള്ളിനൂല് പോല്‍ പെയ്യും
ജലവള്ളിയിലൂര്‍ന്നിറങ്ങും –
വര്‍ഷകിന്നരന്‍..
മെല്ലെ മെല്ലെന്നൊഴുകി..
താഴെ വയലിനയൊന്നു തഴുകി
ഇടത്തോടിന്മീതെ തെല്ല് നിന്ന്
മയങ്ങും പരലിനയും മാനത്ത്കണ്ണിയെയും
തുള്ളിയെറിഞ്ഞുണര്‍ത്തി
‘മണ്ണിന് പൊള്ളുന്നേ..
വായോ… വായോന്ന് ‘
തല്ലിയലച്ച പോക്കാച്ചീടെ
തലയിലൊരിറ്റ് നീരൂറ്റി
വേലിക്കലെത്തി ശീമക്കൊന്നേടെ
തളിര്‍ച്ചെവിയിലൊരുപുന്നാരംമൂളി
മുറ്റത്തെത്തുമ്പോള്‍…
മുഖം താഴ്ത്തി വിളറിനിന്ന –
പൂക്കളെല്ലാം, ഇക്കിളിപ്പെട്ടുണരും
മഴ വഴികാട്ടിയായ് കൂടെ വന്ന
കാറ്റിനെ,
മരങ്ങളില്‍ രതിനടനത്തിനയക്കും
ഗ്രീഷ്മതാപത്താല്‍ നീറും വീടിനെ
ആര്‍ത്തലച്ചായിരംകെെകളാല്‍
ആലിംഗനത്തിലൊതുക്കും.
കുളിരൂറും ആശ്ലേഷത്തില്‍
വീട് തണുവോലവേ..
‘വല്ലാത്ത ചൂട്,നീങ്ങിക്കിടക്കെന്ന് ‘
തള്ളിമാറ്റിയ കരങ്ങള്‍
‘കുളിരുന്നെടീ ‘ന്ന്പുണരാനെത്തും
കാറ്റ് തുറന്ന ജാലകപ്പഴുതിലുടെ
ഉള്ളിലേക്ക് കള്ളക്കണ്ണെറിഞ്ഞ് –
മഴ ചിരിക്കും…
കുളിര് പെയ്ത് പെയ്ത്
മണ്ണ് കുതിര്‍ന്ന് മയങ്ങുമ്പോള്‍
പുലരിയെത്തും മുന്‍പ് മഴമടങ്ങും
ഇലമറവില്‍ ഒളിഞ്ഞിരുന്ന തുള്ളികള്‍,
കാറ്റിക്കിളിയാക്കവേ –
മരം പെയ്ത് കാറ്റിന്‍ കവിള്‍ നനയ്ക്കും..
പുലരിയില്‍ നനഞ്ഞ തൊടിയിലേക്കിറങ്ങവേ
പിറകേയെത്തിനീട്ടും കടുങ്കാപ്പിയില്‍
തലേരാത്രയിന്‍ മഴക്കുളിരിന്‍
നാണമലിഞ്ഞ ഇരട്ടി മധുരം
വേനല്‍ മഴയ്ക്കെന്തെന്ത് ഭാവങ്ങള്‍