കുട,
അടക്കവും ഒതുക്കവുമുളള ഒരു കുട്ടിയാണ്.
സുന്ദരിയാണ്; സുശീലയും.
ഒരിടത്തുവെച്ചാൽ ഒച്ചവെക്കാതെ വെച്ചിടത്തിരിക്കും.
ചാരി വെക്കാം.
ചെരിച്ചുവെക്കാം.
നിവർത്തിവെക്കാം
മടക്കിവെക്കാം
കിടത്തിയുറക്കാം.
തുക്കികൊല്ലാം.
ഒച്ച വെക്കില്ല. ഓരിയിടില്ല.
തേങ്ങലില്ല; തിരയിളക്കമില്ല.
കുട അനുസരണയുളള ഒരു കുട്ടിയാണ്.
ആരു തൊട്ടു വിളിച്ചാലും അനുസരണക്കേട് കാട്ടാതെ,
കണ്ണിൽ കൗതുകം ചാലിച്ചെഴുതി ചുണ്ടിൽ കുസൃതിചിരിയുടെ നെയ്തിരി കത്തിച്ചുവെച്ച്
പ്രണയമഴ നനയാൻ തുനിഞ്ഞിറങ്ങുന്ന പാവം കുട്ടി…
കുട,
പേരുകേട്ട തറവാട്ടിൽ പിറന്നു
അനുസരണയുടേയും
അച്ചടക്കത്തിൻറ്റേയും
പേരിലും പെരുമയിലും
പേര് കെട്ടുപോയ ഒരു പെൺകുട്ടിയാണ്.
പാവം പാവം ഒരു പെൺപൂവ്…..