1-വിയർക്കുമ്പോഴും-
വല്ലാത്തൊരു തണുപ്പ്,
സൗഹൃദത്തണലിലെ വെയില്.
2-വറുതിയുടെ കാലത്തും-
വിശപ്പറിഞ്ഞതേയില്ല ഞാൻ,
കൂട്ടുകാരന്റമ്മയുടെ കൈപ്പുണ്യം.
3-എന്റെ കറി നിന്റെ ചോറ്,
സ്‌കൂൾബെഞ്ചിലിപ്പഴും-
വാട്ടിയ വാഴയിലയുടെ മണം.
4-ഒരു പുളിക്ക്
രണ്ടു കണ്ണിമാങ്ങ,
കടം തീരാത്ത കല്ലുപ്പ്.
5-ഒരു കുടയിൽ-
തോളിൽ പിടിച്ച് മൂന്നാളുകൾ,
എത്ര മഴയെ തോൽപ്പിച്ചു നമ്മൾ.
6-കൈത്തണ്ടയിലൊരു-
കോമ്പസ് കൊണ്ട് കുത്തിയ പാട്,
പ്രിയ കൂട്ടുകാരാ നീയെവിടെയാണ്.