പറച്ചിലായാലും എഴുത്തായാലും ആധികാരികമായിപ്പറഞ്ഞു സമർത്ഥിക്കുകയെന്നത് പ്രതിഭാ വിലാസമുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണെന്നു മനസ്സിലാക്കിത്തന്നത് ഇ. എം. എസ്. എന്ന ത്രയക്ഷരിയുടെ അക്ഷരക്കൂട്ടുകളാണ്. “ലളിതമായെഴുതുകയെന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം” എന്ന ഈയെമ്മസ് വചനം എന്ന വല്ലാതെ ആകർഷിച്ച ഒന്നാണ്. “മലയാളി” യെന്ന പദത്തിനെ ഇത്രത്തോളം സർഗ്ഗാത്മകമായി വിലയിരുത്തിയ ഒരാൾ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലയെന്നാണ് എന്റെ പക്ഷം. ചരിത്രത്തിലൂടെ ചരിത്രത്തിലേയ്ക്ക് നടന്ന് ചരിത്രം രചിച്ച് സ്വയം ചരിത്രമായി മാറിയ ആ ചാരിഥാർത്ഥ്യത്തിന്റെ സർഗ്ഗ വാസനയുടെ രചനാ വസന്തമാണ് ‘കേരളം മലയാളികളുടെ മാതൃഭൂമി’യെന്ന മലയാളത്തിന്റെ ക്ലാസ്സിക്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ; “അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സയൻസെന്ന നിലയ്ക്ക് കേരള ചരിത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ”. നൂറുവട്ടം ശരിയാവുന്ന വാക്കുകൾ. എന്റെ ഇതുവരെയുള്ള കേരള ചരിത്ര വായനയ്ക്ക് തണലായ തണലാകുന്ന മികച്ച ഒരക്ഷര വൃക്ഷമാണ്. സഖാവ് ഇ. എം. എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി‘. നിർവചനങ്ങൾക്കോ നിരൂപണങ്ങൾക്കോ ഒതുക്കി നിർത്താൻ കഴിയാത്തത്ര ഘന ഗാംഭീര്യമുള്ള നവ കേരളത്തിന്റെ ലിഖിത രൂപം!! കാലം, ദേശം, ഭാഷ, സംസ്ക്കാരം, സാഹിത്യം, മതം, സമുദായം, വർഗ്ഗം, വർഗ്ഗ വിശകലനം, ചരിത്രം തുടങ്ങി സമസ്ത മേഖലകളും ഇന്നു കാണുന്ന കേരളമെന്ന ജൈവ രൂപത്തിന്റെ നിർമ്മിതിയിൽ പിന്നണിപ്പാട്ടുകാരായതെങ്ങനെയെന്ന് അക്കമിട്ടെഴുതി നിരത്തിയ ആധുനിക കേരളത്തിന്റെ മാനവീയ മാനിഫെസ്‌റ്റോ തന്നെയാണ് “കേരളം മലയാളികളുടെ മാതൃഭൂമി”.
പ്രൊഫസർ കെ. പി. അപ്പന്റെ “മാറുന്ന മലയാള നോവൽ” എന്ന നിരൂപണ ഗ്രന്ഥം വായനയ്ക്ക് നിറം കൂട്ടി. കാക്കനാടൻ എന്ന മനുഷ്യനെയെഴുത്തുകാരനിലേയ്ക്ക് വായന കടന്നു ചെന്നു. ‘വസൂരി’ യും ‘പറങ്കിമല’ യും ‘ആരുടെയോ ഒരു നഗരവും’, ‘മഴ നിഴൽ പ്രദേശവു’ മൊക്കെ താളുകളായി മറിയപ്പെട്ട നാളുകൾ. ‘മാറുന്ന മലയാള നോവൽ’ എന്നെ അപ്പൻ മാഷെന്ന മഹാഗുരുവിന്റെ വലിയ ആരാധകനാക്കി. “തിരസ്ക്കാരം”, “ക്ഷോഭിക്കുന്നവരുടെ സുവിശേഷം”, “കലഹവും വിശ്വാസവും” തുടങ്ങിയ പുസ്തകങ്ങൾ സ്വന്തമാക്കി. വായിച്ചു. “ബൈബിൾ വെളിച്ചത്തിന്റെ കവചം” എന്ന പുസ്തകം മാഷിന്റെ പക്കൽ നിന്നും നേരിട്ടു വാങ്ങാനുള്ള ഭാഗ്യമുണ്ടായി. വിശുദ്ധ വേദ പുസ്തകത്തിന്റെ പാരായണ സാധ്യതകളെന്തൊക്കെ, അതുൾക്കൊള്ളേണ്ടതെങ്ങനെ എന്നൊക്കെ പഠിപ്പിച്ച മഹാ നിധിയാണ് പ്രസ്തുത കൃതി. കഥ ആഖ്യാനവും അനുഭവസത്തയും എന്ന കൃതിയിലൂടെ കഥയെന്ന മാധ്യമത്തെ വ്യാഖ്യാനിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നു അപ്പൻ മാഷ്.
തുടരും…