ഞാൻ നിരൂപകനോ വിമർശകനോ എന്നതിലുപരി അത്യാവശ്യം വായിക്കുകയും വായിക്കുന്നതിനെക്കുറിച്ച് എഴുതുകയും ചെയ്യുന്നു എന്നതാണ് ശരി. അറിയുകയെന്ന പദത്തിന്റെ അവസ്ഥാ വിശേഷം തേടിയിറങ്ങുന്നതിലും നല്ലത്. അറിയുന്നതിന്റെ അവസ്ഥാ വിശേഷം തിരിച്ചറിയുന്നതാവും. ആർഷ സംസ്കൃതിയുടെ ആത്മ സത്ത മുഴുവൻ അന്തർ ലീനമാക്കി വച്ച പാരാവാര സമമായ ജ്ഞാനത്തെ “ഉപനിഷത്ത്” എന്നു വിളിക്കുന്നതിൽ തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല. ഹിമാലയം സാഹിത്യ ഭാവനയിൽ പലതരത്തിൽ പരിലസിക്കുന്നുവെന്നതിന്റെ എണ്ണം പറഞ്ഞ ഉദാഹരണമാണ് കുമാര സംഭവം’. എന്നാൽ ഇവിടെ; “ആത്മാവിന്റെ ഹിമാലയം” എന്ന ഒന്നുണ്ടെന്നും അത്; “ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ഉപനിഷത്ത്; ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദി ശ്യംഗവും. അതിനാൽ ഉപനിഷത്തെന്ന് കേൾക്കുമ്പോൾ, അറിയുന്നവരുടെ മനസ്സിൽ, പർവ്വത രാജനായ ഹിമാലയത്തിന്റെ ചിത്രം താനേ ഉയർന്നു വരുന്നു. വ്യോമ ഭേദിച്ച ഹിമാലയത്തിന്റെ താഴ്വരകളിൽ നിന്നും സമതലങ്ങളിൽ നിന്നുമാണ് ഈ രണ്ടാം ഹിമാലയം ഉണ്ടായത്. “ഈ രണ്ടാം ഹിമാലയമാണ്” ഉപനിഷത്ത്. മുകളിൽ പറഞ്ഞ വാചകങ്ങൾ ഞാൻ പകർത്തിയത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ഡോ : സുകുമാർ അഴീക്കോടിന്റെ ‘തത്ത്വമസി ‘ യെന്ന വിഖ്യാത ഗ്രന്ഥത്തിൽ നിന്നുമാണ്.
ഒരു കൈവിട്ട കളി! അതിലേയ്ക്കാണ് എന്നിലെ എടുത്തു ചാട്ടക്കാരൻ ഉരണ്ടു വീഴുന്നത് .എഴുതണം എന്ന് തീരുമാനിച്ച അന്നു തുടങ്ങിയ ഒരു ഭയം. മുമ്പ് ഫേസ് ബുക്കിൽ രണ്ട് ചെറിയ കുറിപ്പുകൾ പോസ്റ്റ് ചെയ്തതാണ് ആകെയുള്ളൊരു ബലം. ‘തത്ത്വമസി’യിലെ ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തിലെ രണ്ടാമധ്യായം (അവതു വക്താരം എന്ന ഉപക്രമവും ആത്മാവിന്റെ ഹിമാലയമെന്ന ആദ്യ അധ്യായവും അനുബന്ധമാക്കാമെന്നു കരുതുന്നു). “എന്താണ് ഉപനിഷത്ത്” ഒരു വലിയ സാമ്രാജ്യത്തിലേയ്ക്ക് കടക്കാനുള്ള ആദ്യ ചവിട്ടു പടി.!! എഴുതി വച്ച കാര്യങ്ങളിലേയ്ക്ക് വായനക്കാരനിറങ്ങുമ്പോൾ ഇടർച്ച വരാതിരിക്കാൻ പദ അർത്ഥ വിന്യാസത്തോടെയുള്ള വിജ്ഞാന വിസരണോത്സവത്തിന്റെ കൊടിയേറ്റം !!!
“സദ് ധാതുവിന് മൂന്ന് വ്യത്യസ്തമായ അർത്ഥമുണ്ട്- വിശരണം( നശിപ്പിക്കുക) ഗതി(പോവുക) അവസാദനം(ഇരിക്കുക, അവസാനിക്കുക) “ഉപ”യെന്ന ഉപ സർഗ്ഗത്തിന് “അടുത്ത് ” എന്നും “നി” എന്നതിന് താഴെ എന്നും അർത്ഥം. “അടുത്ത് ചുവടെ ഇരിക്കുന്ന” എന്നർത്ഥം ഉപനിഷത്ത് എന്ന വാക്കിന് ഇങ്ങനെ ലഭിക്കുന്നു ഇതൊരു ചെറിയ വിവരണം മാത്രമാണ് എന്നാണ് ഉപനിഷത്ത് എന്ന അധ്യായത്തിലൂടെ അഴീക്കോട് മാഷ് തരുന്നത്. സാധാരണ വായനക്കാരന് അപ്രാപ്യമായൊരു മേഖല. അതിന്റെ സാമാന്യ ലളിതമായൊരു വിശകകലനം പദ അർത്ഥ വിവരണം അതാണ് “എന്താണ് ഉപനിഷത്ത് ” എന്ന അദ്ധ്യായം. ഇതിലേയ്ക്ക് ഒരു വായനക്കാരൻ തന്റെ സ്വത സിദ്ധമായ യുക്തി കൂടി ചേർത്തു വയ്ക്കുമ്പോൾ തെളിയുന്ന പാത തന്നെയാണ് ‘തത്ത്വമസി’യെന്ന ജ്ഞാന മന്ദിരത്തിലേയ്ക്കുള്ള യഥാർത്ഥ പാത. ഇത്തരത്തിൽ ഒരു അർത്ഥ പാത ഇതിനു നൽകിയ മാക്സ് മുള്ളറെപ്പോലെയുള്ളവരെ വണങ്ങുന്നുമുണ്ട് ഗ്രന്ഥകാരൻ.
ആത്മീയമായ അർത്ഥ തലങ്ങളിൽക്കൂടി ഉപനിഷത്ത് എന്ന പദത്തെ വിശാല വ്യാഖ്യാനത്തിന് വിധേയമാക്കുന്നുണ്ട് സുകുമാർ അഴീക്കോട്. വിദ്യയായി ഉപനിഷത്തിനെ ഗണിച്ച ശങ്കരാചാര്യരോട് അത് പൂർണ്ണമായും യോജിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്?. “ഏതറിവ് പരമമായ ആത്മ ശ്രേയസ്സിന് ഉതകുന്നുവോ അതത്രേ ഉപനിഷത്ത് ” എന്ന ശങ്കര ഭാഷ്യത്തോട് യോജിക്കുന്ന അഴീക്കോട് മാഷിന്റെ മനസ്സ് അതിലെ യുക്തി സഹമായ വ്യുൽപ്പത്തികൾ തനിക്കും ഗുണ മായെന്ന് സമ്മതിക്കുന്നുമുണ്ട്.
ഇതൊരൊറ്റ നടയ്ക്ക് തീരുന്ന കാര്യമല്ല ഈ അവിവേകം തുടരണോ എന്നൊരു സംശയം മാത്രം.
തുടരും…