ഇതുവരെ വെറുതേ കളഞ്ഞ സമയങ്ങൾക്കൊപ്പം ഒലിച്ചിറങ്ങിപ്പോയത് ജീവിതം കൂടിയായിരുന്നുവെന്ന് തിരിച്ചറിയുന്ന മധ്യവയസ്സിലാണ് സാമുവൽ ബെക്കറ്റിന്റെ നാടകങ്ങളുടെ പൊതു സ്വഭാവം മാത്രമായിരുന്നു എന്റെ ജീവിതമെന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുവരെ എന്ത് ചെയ്തു നീ? എന്ന ചോദ്യത്തിന് എനിക്ക് എന്നോട് പറയാൻ പോലും ഒരുത്തരമില്ലാത്ത അവസ്ഥ. ‘ ഇന്ദുലേഖ’ ആദ്യം വായിച്ച കാലത്ത് അത് വെറുമൊരു കഥാ പുസ്തകം മാത്രമായിരുന്നു. അന്നും ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻ നായരും സന്തോഷം തരുന്നവരായിരുന്നു.
“സുന്ദരാധര പല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ
നീല ലോലാളകങ്ങൾ നൻ
മൃദു ഫാലകത്തിലിളകവേ
മന്ദ വായുവിലംശുകാഞ്ചലം
മന്ദ മന്ദ മിളകവേ
വിണ്ണിലുള്ള വിശുദ്ധ കാന്തിയാ
കണ്ണിണയിൽ വഴിയവേ”
– എന്ന രൂപത്തിൽ ചങ്ങമ്പുഴയിപ്പോഴും ഒപ്പമുണ്ട്. വായനയെന്ന പ്രക്രിയയിൽ നോവൽ ഇന്നുമൊരഭിനിവേശം തന്നെയാണ്. ജോയിസി, കാനം ഇ. ജെ. ,ജെ. കെ. വി, ചെമ്പിൽ ജോൺ, ജോൺസൺ പുളിങ്കുന്ന്, മാത്യൂമ മറ്റം, കോട്ടയം പുഷ്പ നാഥ്, ഏറ്റുമാനൂർ ശിവകുമാർ തുടങ്ങിയവർ ആനുകാലികങ്ങളിലൂടെ ഒരു നല്ല വായനക്കാരനെ രൂപപ്പെടുത്തുകയായിരുന്നു. വായന സർവ്വത്ര വായന.. പതിനഞ്ചാം വയസ്സിൽ മാത്രം ശരിക്കും നടക്കാൻ തുടങ്ങിയ ഒരുവന് അതിനു മുമ്പുള്ള ഒഴിവു സമയങ്ങളിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക. അച്ഛന്റെ അതിരുകവിഞ്ഞ പുസ്തക പ്രേമം എന്റെ വിരസതയുടെ പെരു വിരൽ വലിച്ചൊടിച്ചു ദൂരെയെറിഞ്ഞു. ‘രണ്ടിടങ്ങഴി’ വായിച്ചു എന്നു പറയാൻ വേണ്ടി വായിച്ച നോവലായി അന്നു മാറി. ജി. വിവേകാനന്ദന്റെ “കള്ളിച്ചെല്ലമ്മ” ഗൗരവ വായനയുടെ ദിശാ സൂചിയായി. “അരനാഴികനേര”ത്തിലെ കുഞ്ഞോനച്ചൻ എന്നെ മാറ്റിമറിക്കുകയായിരുന്നു. എഴുത്തിലെ സഭ്യതയും അസഭ്യതയും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീടങ്ങോട്ടൊരു പറന്നിറക്കമായിരുന്നു ഓരോ എഴുത്തുകാരായി തീർത്തു വായിക്കപ്പെട്ടു. തകഴി, ദേവ്, കാരൂര്, പൊറ്റക്കാട്, ബാലാമണിയമ്മ, ഇവരുടെയൊക്കെയിടയിൽ ഗിരി ശൃംഗം പോലെ ബഷീറും. എം. ടി. യെന്ന വസന്തവും പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന കാർക്കശ്യവും ഇന്നും ലഹരി തന്നെയാണ്. കോവിലൻ പിടി തരാതെ മാറി നിന്നു. കാലമെന്നെ ഒന്നാം വർഷ ബിരുദ ക്ലാസ്സിന്റെ പടി ചവിട്ടിച്ചു. കല്ലട രാമചന്ദ്രൻ സാർ മനസ്സിൽ വല്ലാതങ്ങ് പതിഞ്ഞു. പിന്നെ വെള്ളിയാങ്കല്ലും അൽഫോൺസച്ചനും അരവിന്ദനും രവിയും മൈമുനയും ആൾക്കൂട്ടവും അഭയാർത്ഥികളും വായിച്ചു മടക്കി. ധർമ്മ പുരാണം ചിരി പുറത്തു വരാതെ ചിരിക്കാൻ പഠിപ്പിച്ചു. പ്രവാചകന്റെ വഴി തല തിരിച്ച് ചിന്തിപ്പിച്ചു. അങ്ങനെ എം. എൻ. സത്യാർത്ഥിയിലൂടെ വിവർത്തന കൃതികളിലേയ്ക്ക്, കാരണം; വി.സാംബശിവൻ.
(അവിടെ ഒരു ചെറിയ ഇടവേള)…
One comment
Pingback: എക്കോ.. ഭാഗം രണ്ട് – ചേതസ്സ്