മരണത്തിലേയ്ക്കുള്ള
നീണ്ട ഇടനാഴി….
ദൂരങ്ങളുടെ
നീണ്ട നിശ്വാസങ്ങൾ പിന്നിടുന്ന ഇരുളുപിടിച്ച
ഉയർന്ന ചുമരുകൾ,
ഇടയ്ക്കുമാത്രം കാണാവുന്ന
മഞ്ഞയും ചുവപ്പും കലർന്ന നേർത്തവെളിച്ചം….
ആരൊക്കെയോ
കൂട്ടംകൂട്ടമായി നിന്ന് എന്തൊക്കെയോ
ചർച്ചചെയ്യുന്നു.
ആരും എന്നെ
നോക്കുന്നതേയില്ല.
ചിലപ്പോൾ
ചില വിലാപങ്ങൾ കേൾക്കാം. ആയുസെത്താതെ
മരണം വരിച്ചവരാകാം….
ഇടയ്ക്ക്
ആരുടെയൊക്കെയോ കണ്ണുകളിൽ തിളക്കം മിന്നിമറയുന്നു.
എന്നെപ്പോലെ ആരൊക്കെയോ
ഉണ്ട് അവിടെ.
ഇഷ്ടങ്ങളുടെ
താങ്ങാനാവാത്ത
ഭാരം വീണു മരിച്ചവർ….
നോട്ടമെത്താത്ത ജീവിതത്തിനിടയിൽ
കുഴഞ്ഞ് വീണുമരിച്ചവർ…
കാര്യകാരണം സഹിതം വിശദീകരിക്കാനാവാതെ
ചിലർ നിന്ന് തേങ്ങുന്നു.
വെട്ടേറ്റുവീണവർ
ചിലർക്കെന്തോ പുച്ഛം…
ചിലർ ഇന്നും
തിരിച്ചുനടക്കലിന്റെ പാതയിലാണെന്ന് തോന്നുന്നു.
ഇടയ്ക്ക്
ഓർമ്മകളുടെ സംവേദനം
സാധ്യമായപ്പോൾ മാത്രം
എന്റെ ചിന്തകൾ
പിറകോട്ട് നടന്നു.
ഇല്ലാത്ത
ആയുസ്സിനുവേണ്ടി പടപൊരുതുന്നവർ
നിരന്നു നിൽക്കുന്നു
വഴിപാടുകളുമായി,
പുനർജ്ജന്മം വേണ്ടവർ.
ഞാൻ മാത്രം
നേടിയെടുത്ത സൗഭാഗ്യങ്ങൾക്കിടയിൽ നിന്നു പുഞ്ചിരിച്ചു….
ഇനിയും എന്ത്?
ഇതാണു ബാക്കിയെങ്കിൽ,
ഇവിടെയാണു അന്ത്യമെങ്കിൽ,
എന്തിനാണു നാം
വെട്ടേൽക്കുന്നതും,
വെട്ടിപ്പിടിക്കുന്നതും…..