അര നൂറ്റാണ്ട് കാലത്തിനു മുൻപ്, കേരളം എന്ന പ്രദേശത്തെക്കുറിച്ചോ, അവിടത്തുകാരുടെ ഭാഷയായ മലയാളത്തെക്കുറിച്ചോ ഒരു ശരാശരി ഉത്തരേന്ത്യക്കാരന് വലിയ അറിവൊന്നുമില്ലാത്ത കാലത്താണ് ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരത്തിന് നമ്മുടെ പ്രിയപ്പെട്ട ‘ജി’ (മഹാകവി ജി. ശങ്കരക്കുറുപ്പ്) അർഹനായത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പോലുമായിട്ടില്ലാത്തതിനാൽ സ്വാതന്ത്ര്യ ലബ്ധിയുടെ ആവേശം കെട്ടടങ്ങിയിട്ടില്ലാത്ത കാലം. സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുത്തവരും, സ്വാതന്ത്ര്യ സമരത്തിന് പ്രചോദകമായ രീതിയിൽ ഹിന്ദി, ബംഗാളി, മറാഠി ,ഉറുദു, പഞ്ചാബി തുടങ്ങിയു ഉത്തരേന്ത്യൻ ഭാഷകളിൽ സാഹിത്യ പ്രവർത്തനം നടത്തിയവരുമായ ധാരാളം സാഹിത്യകാരന്മാരിലൊരാൾക്ക് ലഭിയ്ക്കാതെ പോയ ഒരു സൗഭാഗ്യം താരതമ്യേന അറിയപ്പെടാത്ത ഒരു ദേശത്തെ, അപരിചതമായ ഒരു ഭാഷയിലെഴുതുന്ന “അപ്രശസ്തനായ” ഒരു കവിയ്ക്ക് എങ്ങിനെ കൈവന്നു എന്ന് അന്നത്തെ ഉത്തരേന്ത്യൻ സാഹിത്യലോകത്തെ പല “അതികായൻ” മാരും അദ്ഭുതപ്പെട്ടു.
ആയടുത്ത കാലത്ത് അന്തരിച്ച പ്രശസ്ത ഹിന്ദി കവി മൈഥിലി ശരൺ ഗുപ്ത്, മാഖാൻലാൽ ചതുർവേദി, ആശാ പൂർണ്ണാ ദേബി തുടങ്ങിയ പ്രശസ്തരായ പല സാഹിത്യകാരന്മാരെയും തഴഞ്ഞത് ഒട്ടും ഉചിതമായില്ല എന്ന അഭിപ്രായം ഉത്തരേന്ത്യൻ നിരൂപകരിൽ ശക്തമായിത്തുടങ്ങി. അക്കാലത്തെ ഒട്ടുമിക്ക സാഹിത്യ ചർച്ചകളിലും ഇതൊരു പ്രധാന ചർച്ചാ വിഷയമായി മാറി.
ടെലിവിഷൻ പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലം. ആകാശവാണിയാണ് ഇത്തരം ചർച്ചകൾക്കുള്ള ഒരു പ്രധാന വേദി. പല സാഹിത്യ കുതുകികളും, ആസ്വാദകരും, സാധാരണക്കാരായ ജനങ്ങളും ഇത്തരം ചർച്ചകൾ ശ്രദ്ധിച്ചിരുന്ന കാലം.
അങ്ങിനെ ആകാശവാണി സംഘടിപ്പിച്ച ഒരു സാഹിത്യ ചർച്ചയിലും ഈ വിഷയം പൊന്തിവന്നു. ഈ ഭാഷയ്ക്ക് സ്വന്തമായ ഒരു ലിപിയുണ്ടോ എന്ന ചോദ്യം വരെ ഉയർന്നു.
ഈയവസരത്തിലാണ് പ്രശസ്ത കവിയും, ഹിന്ദിയിലും ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യവമുള്ള ഡോ. ശ്രീവാസ്തവ് ഇടപെട്ടത്.
ഈ സദസ്സിൽ ചർച്ചചെയ്യപ്പെട്ട പേരുകളിൽ പലതും, അതു കൂടാതെ ഇന്നീ സദസ്സിൽ സന്നിഹിതരായാരിക്കുന്ന പല മഹദ് സാഹിത്യകാരന്മാരും ജ്ഞാനപീഠമെന്ന ആ പരമോന്നത പുരസ്കാരത്തിന് അർഹതയൂള്ളവരാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
പക്ഷേ നമ്മളിൽ പലർക്കും അത്ര പരിചിതമല്ലാത്ത ഒരു ഭാഷയിലെ അത്ര അറിയപ്പെടാത്ത ഒരു കവിക്ക് ഈ പുരസ്കാരം നൽകി എന്നതാണ് തർക്ക വിഷയമെങ്കിൽ ആ ഒരു വാദത്തോട് എനിക്ക് വിയോജിപ്പുണ്ട്.
കാരണം, ജ്ഞാനപീഠ പുരസ്കാരത്തിനായി ഒരു സാഹിത്യകാരനോ സാഹിത്യകാരിയേയോ തിരഞ്ഞെടുക്കുന്നത് അവരുടെ പ്രശസ്തിയുടെ അടിസ്ഥാനത്തില്ല, മറിച്ച് പുരസ്കാരത്തിനായി സമർപ്പിക്കപ്പെടുന്ന പുസ്തകങ്ങളുടെ മാഹാത്മ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ആ ഒരു മാനദണ്ഡം വച്ചു നോക്കുമ്പോൾ പുരസ്കാരത്തിനർഹമായ ഓടക്കുഴൽ എന്ന കൃതി ഈ പുരസ്കാരത്തിന് ഏറ്റവും അർഹതപ്പെട്ടതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ അതിർത്തികൾ നിർണ്ണയിച്ചപ്പോൾ മദ്രാസ് പ്രവിശ്യയിൽ നിന്നും വേർതിരിച്ചു രൂപീകരിച്ച സംസ്ഥാനമാണ് കേരളം. മലയാളമാണ് അവരുടെ ഭാഷ. ധാരാളം സാഹിത്യകൃതികൾ മലയാള ഭാഷയിലുണ്ടായിട്ടുണ്ട്.
പുരസ്കാരത്തിനർഹനായ ശ്രീ. ശങ്കരക്കുറുപ്പിനെ എനിക്ക് വ്യക്തിപരമായി അറിയാം. ആകാശവാണിയിൽ വച്ചുളള പരിചയമാണ്. മഹാനായ ഒരു സാഹിത്യകാരനാണ് അദ്ദേഹം. തന്റെ മാതൃഭാഷയായ മലയാളത്തിൽ മാത്രമല്ല, സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം.
ഓടക്കുഴൽ എന്ന കൃതിയുടെ ആംഗല പരിഭാഷ ഞാൻ വായിച്ചിട്ടുണ്ട്. അതി മനോഹരമാണ് അതിലെ കവിതകൾ.
തെല്ലിട ആലോചിച്ചതിനു ശേഷം ഓടക്കുഴൽ എന്ന കവിതാ സമാഹാരത്തിലെ ‘സാഗര ഗീതം’ എന്ന കവിത അദ്ദേഹം ഹിന്ദിയിൽ ആലപിച്ചു.
ആലാപനം അവസാനിച്ചപ്പോൾ സദസ്സിൽ പരിപൂർണ്ണ നിശ്ശബ്ദതയായിരുന്നു.
“ആംഗല ഭാഷയിൽ നിന്നും ഞാൻ മൊഴി മാറ്റം ചെയ്തു പാടിയ ഈ കവിതയിൽ നിങ്ങൾ ഇത്രയേറെ ആകൃഷ്ടരായി എങ്കിൽ മൂല കവിത എത്ര മനോഹരമായിരിക്കും, അല്ലേ” – അദ്ദേഹം ചോദിച്ചു.
തന്റെ ബാല്യകാലത്തെ വിളിപ്പേരായ “ബച്ചൻ” എന്ന തൂലികാ നാമത്തിൽ കവിതകളെഴുതി പ്രശസ്തനായ ഡോ. ഹരിവംശ് റായ് (ബച്ചൻ) ശ്രീവാസ്തവ് എന്ന ആ മഹദ് വ്യക്തിയുടെ സമയോചിതവും സന്ദർഭോചിതവുമായ ഇടപെടൽ ഓടക്കുഴൽ എന്ന കൃതിക്കും, മഹാകവി ജി. യ്ക്കും അതു വഴി മലയാള ഭാഷയ്ക്കു തന്നെയും ഉത്തരേന്ത്യൻ സാഹിത്യ ലോകത്ത് ഒരു മാന്യമായ സ്ഥാനം ലഭിക്കാൻ കാരണമായി എന്നു തന്നെ പറയാം.
ഭാഷയുടെയും പ്രശസ്തിയുടെയും അതിർവരമ്പുകൾക്കതീതമായി കഴിവിനേയും ഉത്തമ സാഹിത്യത്തെയും അംഗീകരിക്കാൻ സന്മനസ്സ് കാണിച്ച ആ മഹാ വ്യകതിത്വത്തിനു മുൻപിൽ നമുക്ക് പ്രണാമങ്ങൾ അർപ്പിയ്ക്കാം.