നഗരകാഴ്ചകളിൽ മുഴുകി നിൽക്കുകയാണ് അവൻ. ഗ്രാമത്തിന്റെ പച്ചപ്പ് എവിടേയും കാണാനില്ല. എല്ലായിടത്തും നല്ല തണുപ്പുണ്ട്. റോഡുകളിൽ കാറുകളുടെ ബഹളം. ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. രാത്രി ഒരേയൊരു കടയേ ഉള്ളൂ. ഒരു പച്ച ട്യൂബ് ലൈറ്റ് തൂക്കി ഒരുപാട് വിഭവങ്ങളുടെ ബോർഡ് തൂക്കിയൊരു തട്ടുകട. ആ തട്ടുകട ലക്ഷ്യം വച്ച് അവൻ നടന്നു.
തിരക്കില്ല. ഭാഗ്യം.
“എന്താ കഴിക്കാൻ ഉള്ളത്?”
“പുട്ട്, ദോശ, പൂള മാത്രമേ ഉള്ളൂ” – കടക്കാരൻ പറഞ്ഞു.
“ഒരു ചായയും രണ്ടു ദോശയും മതി”
“ബീഫ് വേണോ?”
“വേണ്ടാ”
ഇന്നലെ പേപ്പറിൽ ഉണ്ടായിരുന്നു പോത്തുകൾക്ക് കുളമ്പു രോഗമാണെന്ന്. ആർക്കറിയാം ഇവൻ തരാൻ പോകുന്ന ബീഫിന് കുളമ്പു രോഗമുണ്ടെന്ന്? അങ്ങനെ പല ചിന്തകളും അവന്റെ മനസ്സിൽ ഉദിച്ചു.
“ദാ.. ചായ.”
ചായ കുടിച്ചുകൊണ്ട് നഗരകാഴ്ച്ചകളിൽ മുഴുകി , തിരിക്കലാണ് എല്ലാരും. നേരം ഇരുട്ടിയിരിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരാണ് ഭൂരിഭാഗവും.
ഭക്ഷണം കഴിച്ച് അവൻ മുറിയിലേക്ക് നടന്നു.
സമയം ഏഴര ആയിട്ടേയുള്ളൂ. കുറച്ച് അകലെ ആരോ ഒരാൾ നിൽക്കുന്നു. കൂടെ ആരോ ഉണ്ട്. അവൻ അവരെ ലക്ഷ്യം വച്ചു നടന്നു.
ഒരു സ്ത്രീ.
കൂടെ വേറെ ഒരു സ്ത്രീയും ഉണ്ട്. അവൻ വന്നപ്പോൾ മറ്റേ സ്ത്രീ അവരോട് യാത്ര പറഞ്ഞ് പോയി.
അവനെ കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു.
മുല്ലപ്പൂകൊണ്ട് അവളുടെ മുടി അലങ്കരിച്ചിരിക്കുന്നു. ചുണ്ടിൽ ചുവപ്പ് പൂശിയിരിക്കുന്നു. രണ്ടു കാതിലും ചെറിയ കമ്മലുണ്ട്. സാരിയാണ് വേഷം
“എന്താ ഇവിടെ ഒറ്റക്കു നിൽക്കുന്നത്” – അവൻ ചോദിച്ചു.
“ആരെങ്കിലും വരുമോ എന്ന് നോക്കി നിൽക്കുകയായിരുന്നു” – അവൾ പറഞ്ഞു.
ഒരു ചിരി തൂകിക്കൊണ്ട് അവൾ അവനോട് ചോദിച്ചു.
“എന്നെ ഒരു സ്ഥലത്ത് കൊണ്ടാക്കുമോ?”
ഒരു നിമിഷം അവന്റെ നോട്ടം അവളുടെ നുണക്കുഴിയിലേക്ക് തിരിഞ്ഞു. നല്ല ഭംഗിയുണ്ട് അവൾ സംസാരിക്കുമ്പോൾ. കൊണ്ടാക്കണോ? ഈ സമയത്ത് തന്നെ ഒരു ചീത്ത സ്ത്രീയോടൊപ്പം കണ്ടാൽ മോശമാണ്. അത് തന്റെ സ്ഥാനത്തിന് മോശക്കേട് വരുത്തും.
“എന്താ പേടിയാണോ?” – അവൾ ചോദിച്ചു.
“ഏയ്.. പേടി. എനിക്കോ.. അങ്ങനെ ഒരു സാധനം എനിക്കില്ല”
“പിന്നെന്താ പ്രശ്നം?”
“ഒന്നുമില്ല.”
അവന്റെ മനസ്സ് കൂടെയുണ്ടായിരുന്ന സ്ത്രീയിലേക്ക് ഓടി.
“കൂടെ ഉണ്ടായിരുന്നത് ആരാ, അവളോട് തന്നെ കൊണ്ടു വിടാൻ പറയായിരുന്നുല്ലേ?”
“ഓ.. അവളോ, അവളെന്റെ കൂടെ ജോലി ചെയ്യുന്നവളാണ്, അവൾക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. അതാ അവൾ പോയത്.”
“എന്നെ ഒരിടം വരെ കൊണ്ടു വിട്ടാൽ മാത്രം മതി അതിനു ശേഷം നിങ്ങൾക്കു പോകാം. രാത്രി ഒറ്റക്കു പോകാൻ എനിക്ക് പേടിയാണ്.”
“നിങ്ങളെ പോലെയുള്ള സ്ത്രീക്ക് രാത്രി ഇറങ്ങാൻ പേടിയോ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“നമുക്ക് സംസാരിക്കാൻ സമയമില്ല. എന്നെ കൊണ്ടുപോയി ആക്കുമോ?”
“ആക്കാം.”
ആക്കണ്ടാ എന്ന് അവന്റെ മനസ്സ് പറയുന്നുണ്ട്. പക്ഷെ ആരെങ്കിലും സഹായം ചോദിച്ചാൽ അതു ചെയ്തുകൊടുക്കണ്ടേ? അല്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണോ?
അവളുടെ മുഖത്ത് സന്തോഷം പടരുന്നത് അവൻ കണ്ടു.
“എന്നാൽ വരൂ നമുക്ക് പോവാം.”
അവർ നടന്നു. മഴ ചെറുതായി ചന്നം ചിന്നം പെയ്യുന്നുണ്ട്.
മേഘങ്ങൾക്കിടയിലൂടെ ചന്ദ്രൻ എത്തിനോക്കുന്നുണ്ട്.
റോഡിലൂടെ മഴവെള്ളം പുഴപോലെ ഒഴുകുന്നു.
റോഡുകൾ കഴിഞ്ഞ് ചെറു റോഡുകളിലേക്ക് അവർ തിരിഞ്ഞു. വിജനമായ പ്രദേശങ്ങൾ.
എങ്ങോട്ടാവും എന്നെ കൊണ്ട് ഇവൾ പോകുന്നത് എന്ന് അവൻ മനസ്സിൽ ചോദിച്ചു.
കുറച്ചു ഉള്ളിലേക്ക് എത്തി. മരങ്ങളിലും പോസ്റ്റുകളിലും ലൈറ്റ് തൂക്കിയിട്ടിരിക്കുന്നു.
“ഈശ്വരാ എന്താണിത്?”
“വേശ്യാലയംല്ലേ?”
“വരൂ, സംസാരിക്കാൻ സമയമില്ല.”
“നിൽക്കൂ. എനിക്ക് ഇതിനൊന്നും താല്പര്യമില്ല .ഞാൻ പോകുകയാണ്” അവൻ പറഞ്ഞു. അവളുടെ മുഖം വാടി.
പുറത്തേക്ക് കേൾക്കാം പാട്ടും കൂത്തും. സുഖത്തിനു വേണ്ടി വരുന്നവർ. കൂറ്റം കുത്തുന്നവർ.
“ഇവിടെ നിൽക്കൂ. ഞാൻ ഇപ്പോൾ വരാം.” – അവൾ പറഞ്ഞു.
അവൾ തിരിഞ്ഞു നോക്കി ക്കൊണ്ട് നടന്നു. എന്താണ് അവൾ വേശ്യാലയത്തിൽ വന്നത്. എന്തു ചോദ്യമാണിത്. വേശ്യക്ക് വേശ്യാലയത്തിൽ എന്തുകാര്യം. ഇനി അവൾ വേശ്യ അല്ലേ.. ഏയ്.. അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ല. കാരണം അവളുടെ വസ്ത്രധാരണത്തിൽ അത് ഉറപ്പാണ്.
സമയം പോകുംതോറും അവന്റെ ആധി വർദ്ധിച്ചു. പെട്ടെന്ന് രണ്ടു കുട്ടികളുമായി അവൾ ഓടിയെത്തി. എന്നിട്ട് ഒരു ചെറിയ പേപ്പർ കഷണം അവനു കൊടുത്തു. ഈ കുട്ടികളെ എത്രയും പെട്ടെന്ന് ഈ പോലീസ് സ്റ്റേഷനിൽ എത്തിക്കണം. അവനു എതിർത്തു പറയാൻ പറ്റിയില്ല. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. എന്നിട്ട് ചോദിച്ചു.
“അപ്പോ.. നിങ്ങൾ?”
നിങ്ങൾ പോകൂ, സംസാരിക്കാൻ സമയമില്ല.”
കുട്ടികൾ അവന്റെ കൈകൾ പിടിച്ചു.
“അങ്കിൾ, നമുക്ക് പോകാം”
കുട്ടികൾ വാശി പിടിച്ചു.
ഈശ്വരാ ഈ പിഞ്ചു പെൺകുട്ടികൾ എങ്ങനെ ഇവിടെ എത്തി. ആലോചിക്കാൻ സമയമില്ല.
അവനും കുട്ടികളും തെരുവിലൂടെ ഓടി. മഴയുടെ ശക്തി കൂടി. മഴ ആരോടൊക്കെയോ ദേഷ്യം തീർക്കുകയാണ്.
വന്ന വഴി മറന്നിരിക്കുന്നു. എങ്ങനെയൊക്കെയോ അവർ മെയിൻ റോഡിലെത്തി. ഒരു ഓട്ടോയിൽ കയറി.
“നോക്കൂ ഈ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോകണം” – അവൻ ഡ്രൈവറോട് പറഞ്ഞു.
ഡ്രൈവർ അവനെ ഒന്നു തിരിഞ്ഞു നോക്കി. പെട്ടെന്ന് ഓട്ടോയുടെ നിയന്ത്രണം വിട്ടു എതിർ ദിശയിൽ നിന്നു വന്ന ബസ്സിനെ ഇടിക്കാൻ പോയി.
“നശിച്ച ബസ്സ്”
ബസ്സിനെ പ്രാകികൊണ്ട് ഡ്രൈവർ ഓട്ടോ സൈഡിലേക്ക് വെട്ടിച്ചു.
“ഭാഗ്യം രക്ഷപ്പെട്ടു.”
കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങി!
“കരയണ്ട, ട്ടോ . ഇപ്പൊ എത്തും”
ഓട്ടോ പോലീസ് സ്റ്റേഷനിൽ എത്തി. അവർ ഉള്ളിലേക്ക് ഓടിക്കയറി. ഉള്ളിൽ ഒരാൾക്കൂട്ടം.
പെട്ടെന്ന് ഒരു സ്ത്രീ ഓടി വന്നു.
“മക്കളേ, എന്റെ പൊന്നുമക്കളേ”
ആ സ്ത്രീ അവനെ നോക്കി.
അവനു അവരെ കണ്ട മുൻ പരിചയം ഉണ്ട്.
“നന്ദി സർ”
അവന്റെ കണ്ണുകൾ നിറഞ്ഞു.
“എവിടെ മറ്റേ സ്ത്രീ?”
“അവർ അവിടെ തന്നെ ഉണ്ട്”
“അപ്പൊ നിങ്ങൾക്കറിയില്ലേ?”
“ഇല്ല, ഞാൻ ആദ്യമായിട്ടാണ് അവരെ കാണുന്നത്.”
“അവർ പറഞ്ഞു നിങ്ങൾ അവരുടെ ഭർത്താവാണെന്ന്”
“ഭർത്താവോ?”
“നോക്കൂ.. ഞാൻ കല്യാണം കഴിച്ചിട്ടില്ല”
“നുണ പറയരുത്”
പെട്ടെന്ന് ഇൻസ്പെക്ടർ വന്നു.
“താങ്കൾ ഒരു നല്ല കാര്യമാണ് ചെയ്തത്.”
“ഇവരുടെ കുട്ടികളെ അവർ തട്ടികൊണ്ടു പോയതായിരുന്നു.”
അവന്റെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉയർന്നു. എന്തിനാണ് അവൾ എന്നോടും ആ സ്ത്രീയോടും നുണകൾ പറഞ്ഞത്?
പെട്ടന്ന് ഇൻസ്പെക്ടർക്ക് ഒരു ഫോൺ കോൾ വന്നു.
“സർ രണ്ടാം സ്ട്രീറ്റിൽ ഒരു അപകടം ഉണ്ടായിരിക്കുന്നു.”
“എന്താ കാര്യം”
“ഒരു സ്ത്രീയുടെ ബോഡി റോഡിൽ കിടക്കുന്നുണ്ട്”
“നിൽക്കൂ ഞാനിപ്പോൾ വരാം” – ഇൻസ്പെക്ടർ ഫോൺ കട്ട് ചെയ്തു.
തിരിഞ്ഞു.. എന്നിട്ട് അവനോട് പറഞ്ഞു.
“നോക്കൂ നിങ്ങളേ പോലെ ഉള്ളവർ ഇന്നു വളരെ കുറവാണ്. എന്തായാലും വെൽ ഡൺ”
അവനെ അദ്ദേഹം തോളിൽ തട്ടി പ്രശംസിച്ചു.
പ്രശംസിക്കേണ്ടത് എന്നെ അല്ല അവളെയാണ്.
“സർ നിൽക്കൂ.. എന്നെ 1st സ്ട്രീറ്റിൽ ആക്കാമോ? , രാത്രി ഓട്ടോ കിട്ടാൻ പ്രയാസമാണ്”
“വരൂ ഞാൻ 2nd സ്ട്രീറ്റിലേക്കാണ്”
അവൻ ജീപ്പിൽ കയറി. വാച്ചിൽ നോക്കി. സമയം 12 മണി. അഞ്ചു മണിക്കൂറുകൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്.
മഴ നൃത്തം ചെയ്യൽ നിർത്തിയിട്ടില്ല.
ഒന്നാം സ്ട്രീറ്റിൽ വണ്ടിയിറങ്ങി മുറിയിലേക്ക് നടന്നു.
മുറിയിൽ എത്തി വാതിൽ അടച്ചു , കുറച്ചു വെള്ളം കുടിച്ചു.
എന്നിട്ട് ബെഡിലേക്ക് വീണു. ഉറക്കം അവനെ കീഴ്പ്പെടുത്തി.
സൂര്യനുദിച്ചു. എന്താ സംഭവിച്ചത് എന്ന് അറിയാതെ റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.
ദാ പത്രം കിടക്കുന്നു. പത്രം നിവർത്തി.
ആദ്യം കണ്ട വാർത്ത വളരെ സങ്കടമുള്ളതായിരുന്നു.
“അവൾ…. എന്റൊപ്പം ഉണ്ടായിരുന്നവളല്ലേ ഇത്”
അവളെ ആരൊക്കെയോ ചേർന്ന് കൊന്നിരിക്കുന്നു. ചിലപ്പോൾ രക്ഷപ്പെടുന്നതിനിടയിലാവാം അവർ കൊന്നിട്ടുണ്ടായിരിക്കുക.
അവൾക്ക് എന്റെ കൂടെ പോരാമായിരുന്നല്ലോ? എന്തുകൊണ്ട് പോന്നില്ല? അതോ ഇനിയും ആരെയെങ്കിലും രക്ഷിക്കാനുണ്ടായിരിക്കുമോ?
ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു.
ഇന്നലെ പെയ്ത മഴയുടെ ഗന്ധം ആസ്വദിച്ച് അവൻ ബാൽക്കണിയിൽ നിന്നു.
Intriguing one, Menon! Way to go