ഉണ്ണി:
വീട്ടുവളപ്പിൽ മാവിൻകൊമ്പിൽ
കാത്തിരിക്കും കുയിലമ്മേ,
ഓർത്തെടുക്കുവതെന്താണോ
ഓർമയിലുള്ളൊരു പഞ്ചമമോ?
കുയിലമ്മ:
കാടുകൾ, മേടുകൾ, നാടുകളെല്ലാം
പശിയാൽപ്പാറി വലഞ്ഞൂ ഞാൻ,
പൂവും, തേനും, കായും, കനിയും
കനവായ്ത്തീർന്നൂ പൊന്നുണ്ണീ.
ഉണ്ണി:
കരളിലെ നോവാൽ
കാഴ്ചകളെല്ലാം മങ്ങില്ലേ,
കാണുക, നിന്നെ കാത്തിരിപ്പൂ
എന്നുടെ മാവിലെ മധുരങ്ങൾ.
കുയിലമ്മ:
ആർത്തിയൊടുങ്ങാ മർത്യൻ ഭൂമിയെ
അടക്കി വാഴാൻ വെമ്പുമ്പോൾ,
ദൈവം തന്നോരേദനിൽ ഞങ്ങൾ
അന്നം മാത്രം തേടുന്നു.