ഇന്നും ഫോണ്‍ബില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന നിരാശ ആനന്ദിനെ വല്ലാതെ വിഷമിപ്പിച്ചു. ശ്രേയ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഇതുവരെ ഒരു മൊബൈല്‍ വാങ്ങിക്കൊടുക്കാന്‍ പറ്റിയില്ല. കുഞ്ഞിനുള്ള സാധനങ്ങള്‍ അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രാത്രി കറക്കത്തിനിടയില്‍ വാങ്ങും. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അന്ന് പിന്നെ കമ്പനിയില്‍ നിന്നു തിരിയാന്‍ കഴിയാത്തത്ര ജോലിത്തിരക്കാവും. നാളെ എന്തായാലും അടയ്ക്കണം എന്ന് മനസ്സിലുറപ്പിച്ചു. ഇനിയും കുറെ സമയമെടുക്കും വീടെത്താന്‍. ഒന്ന് വിളിക്കാനും കഴിയുന്നില്ലല്ലോ എന്നോര്‍ത്തു അയാള്‍ നിരാശനായി.
കുഞ്ഞും അവളും ഇവിടവുമായി പരിചയപ്പെട്ടു വരുന്നതേ ഉള്ളു. അടുത്ത് കൂട്ടുകാരും ഒന്നുമില്ല. അവളുടെ ഉറ്റസുഹൃത്ത് രമ്യ അല്പം ദൂരെയാണ്. വേഗം അങ്ങെത്തണമെന്ന ചിന്തയില്‍ അല്പം സ്പീഡില്‍ തന്നെ കാറോടിച്ചു.
പുതിയ ചുറ്റുപാടില്‍ കുഞ്ഞ് വളരെ അസ്വസ്ഥയാണ്. ഉറക്കം കുറവ്, കരച്ചില്‍ ഇവയൊക്കെ കൊണ്ട് ശ്രേയയും ആകെ ക്ഷീണിതയായി. ഒരാഴ്ചകൊണ്ട് തന്‍റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തിന്‍റെ വൈരുദ്ധ്യം അവള്‍ക്കു തന്നെ അത്ഭുതമായിതോന്നി. കുഞ്ഞിനെ നോക്കാന്‍ അമ്മയും അനുജത്തിയും ഒക്കെ . ജോലിയ്ക്ക് പോയിരുന്നതുകൊണ്ട് അധികം പണി വീട്ടിലും ഇല്ല. അങ്ങനെ സ്വതന്ത്രയായി പാറി നടന്ന താന്‍ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും ഇറങ്ങിയോടാന്‍ പലതവണ ആഗ്രഹിച്ചുപോയി എന്നത് ആനന്ദിനോടുള്ള സ്നേഹക്കുറവാണോ എന്ന ചിന്ത മനസ്സില്‍ ഒരു തീക്കനലായി. എല്ലാ പ്രവാസിവീട്ടമ്മമാരും ഇങ്ങനെയൊക്കെ തന്നെയാവും. പതിയെ ശീലമാകുന്നതും കുറെയേറെ സഹിക്കുന്നതും.
“മോള്‍ കുറെ നാളുകള്‍ കൂടി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ .”
“വാവയ്ക്ക് മീമീ കൂട്ടി ചോറ് തരട്ടെ അമ്മ ?”
മറുപടിയെന്നോണം അവള്‍ മോണ കാട്ടി ചിരിച്ചു.
“കുറുമ്പി , കണ്ടില്ലേ അവളുടെ കുച്ചരിപ്പല്ല് , അമ്മേ കടിക്കാന്‍ “. അവള്‍ ചിരി തുടര്‍ന്നു.
ശ്രേയ നന്നായി വെന്ത ചൂട് ചോറും പരിപ്പുകറിയും മീനും പാത്രത്തിലാക്കി കൊണ്ടു വന്നു. മോള്‍ പരിഭവം ഒന്നും കാട്ടാതെ വയറു നിറയെ കഴിച്ചു. സമയത്തെക്കുറിച്ചൊന്നും ഒരു വേവലാതിയും ഇല്ല . സമയം അതിന്‍റെ പാട്ടിനും ഞാന്‍ എന്‍റെ പാട്ടിനും എന്ന ചിന്തയിലായിരുന്നൂ ശ്രേയ . കുഞ്ഞിനെ ഉറക്കാം കൂടെ അവള്‍ക്കും അല്പം മയങ്ങാം എന്ന് കരുതി രണ്ടാളും കിടക്കയിലേയ്ക്ക് പോയി.
ഹോ, ഈ നശിച്ച ട്രാഫിക്. ഒരു പ്രവാസിയുടെ ആയുസ്സിന്‍റെ പകുതിയും കാര്‍ന്നു തിന്നുന്നത് ഈ ട്രാഫിക് തന്നെ എന്ന് പിറുപിറുത്തു ആനന്ദ് റേഡിയോ ഓണ്‍ ചെയ്തു. മരുഭൂമിയിലെ കൊടുംചൂടിലെ ചാറ്റല്‍ മഴപോലെയാണ് ഇവിടത്തെ എഫ് .എം സ്റ്റേഷനുകള്‍. ‘ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ……. ‘റേഡിയോയിലൂടെ ഒഴുകിയെത്തിയ ഗാനം കേട്ടപ്പോള്‍ മനസ്സൊന്നു ശാന്തമായ പോലെ. ” ശ്ശെ, ഇതാണ് കുഴപ്പം. ഏതെങ്കിലും പാട്ട് ആസ്വദിക്കുന്നു എന്ന തോന്നിയാല്‍ പെട്ടെന്ന് നിര്‍ത്തിക്കളയും. ഓ , വാര്‍ത്തകളുടെ സമയം . ഷാര്‍ജയില്‍ ഗ്യാസ് ലൈനില്‍ ലീക്ക്. എന്നും കേള്‍ക്കാം ഓരോ തീപിടിത്തങ്ങള്‍ എന്ന് മനസ്സില്‍ ചിന്തിച്ചു. പെട്ടെന്ന് ആനന്ദിന്റെ ചിന്തകളിലേയ്ക്ക് തീക്കനല്‍ പാറിച്ചുകൊണ്ട് താന്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ പേര് വാര്‍ത്തയിലൂടെ കേട്ടൂ.
ആനന്ദിന് എന്ത് ചെയ്യണമെന്ന് ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഒരു ദുരന്തത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും അയാള്‍ക്ക് കഴിഞ്ഞില്ല. ആ ചിന്തപോലും അയാളെ ജീവശ്ചവം ആക്കും. അവളെ ഒന്ന് വിളിക്കാന്‍ പോലും കഴിയുന്നില്ലല്ലോ. ചില അവസ്ഥകള്‍ മനുഷ്യന്‍ എത്ര നിസ്സാരന്‍ ആണെന്ന് അവനെ പഠിപ്പിക്കുന്നു . പൈപ്പ് ലൈനില്‍ ക്കൂടിയാണ് ഗ്യാസ് എത്തുന്നത്. അതില്‍ ലീക്ക് വന്നാല്‍ ഓരോ നിമിഷവും ആപത്ഘട്ടം അടുത്ത് വരുന്നൂ എന്നര്‍ത്ഥം . ഇനിയും കുറച്ചു സമയം കൂടി എടുക്കും അവിടെ എത്താന്‍. ആള്‍ക്കാരെയൊക്കെ ഒഴിപ്പിച്ചെന്നു പറഞ്ഞു. പക്ഷെ അങ്ങനെ എങ്കില്‍ ഏതു വിധേനയും അവള്‍ എന്നെ അറിയിക്കാതിരിക്കുമോ ? മൊബൈല്‍ എടുത്തു ഒന്നുകൂടി നോക്കി . വല്ല മിസ്സ്ഡ് കാളും ? ദൈവമേ , ഇത് വാച്ച് മാന്റെ നമ്പര്‍ ആണല്ലോ. ഇതെപ്പോള്‍ ? ഓഹോ, ഞാന്‍ മറ്റൊരു കാളില്‍ ആയിരുന്നല്ലോ. ഓരോ നിമിഷങ്ങളേയും ആനന്ദ് ശപിച്ചു കൊണ്ടിരുന്നു.
” ഹലോ , ഭായീ , ആനന്ദ് ആണ് ”
” ഞാന്‍ വിളിച്ചിരുന്നല്ലോ , ഫാമിലി ഇവിടെ ഇല്ലേ ?”
ഒരു ഇടിത്തീ പോലെ വാക്കുകള്‍.
“അവര്‍ അവിടെ ഉണ്ട് ” എങ്ങനെയെങ്കിലും പറഞ്ഞു ഒപ്പിച്ചു.
“ഉണ്ടോ ??” അയാളുടെ മറുചോദ്യത്തിലെ അന്ധാളിപ്പ് ആനന്ദ് വായിച്ചു. ഓരോ നിമിഷവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന കെട്ടിടത്തിലേയ്ക്ക് ആരെയും കടത്തിവിടുന്നില്ല എന്ന് അയാള്‍ പറഞ്ഞു. ആനന്ദിന് ശരീരമാകെ തളരുന്ന പോലെ തോന്നി. ബോധം മറയുന്ന പോലെ . വണ്ടി റോഡിന്‍റെ വശത്തേയ്ക്ക് നീക്കി അയാള്‍ തളര്‍ന്നുകിടന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താന്‍ കണ്ട സ്വപ്നങ്ങള്‍ ……. !!!!!
പോലീസിന്‍റെ സൈറന്‍ ആണ് ആനന്ദിനെ ഉണര്‍ത്തിയത്. പോലീസുകാര്‍ വളരെ നല്ല ആള്‍ക്കാര്‍ ആണ്. ഒരാള്‍ ഇറങ്ങി വന്നു എന്തുണ്ടായി എന്ന് അന്വേഷിച്ചു . ആകെ വിയര്‍ത്തു കുളിച്ചിരുന്നു ആനന്ദ്. നടന്നതൊക്കെ ആനന്ദ് പറഞ്ഞു. ആനന്ദിന്റെ ഫോണ്‍ ചിലച്ചു. വാച്ച്മാന്‍റെ മിസ്സ്ഡ്കാള്‍. പോലീസുകാരന്‍ ആനന്ദിനെ പിന്‍സീറ്റില്‍ ഇരുത്തി വണ്ടി എടുത്തു. പറഞ്ഞിടത്ത് വണ്ടി എത്തി. ആള്‍ക്കാര്‍ ഒക്കെ കൂടിയിട്ടുണ്ട്. അരമണിക്കൂര്‍ കഴിഞ്ഞു അകത്തേയ്ക്ക് വിടാമെന്ന് അറിയിച്ചിട്ടുണ്ട് . ശ്രേയയും കുഞ്ഞും …….. ആനന്ദ് സീറ്റിലേയ്ക്ക് ചാഞ്ഞു കണ്ണടച്ചിരുന്നു.
ഏട്ടാ , ഏട്ടാ എന്തെ ഇത്രേം വൈകിയേ ? തുറക്കൂ . ഞെട്ടിപ്പിടഞ്ഞു തലയുയര്‍ത്തി നോക്കി. ശ്രേയയും കുഞ്ഞും .
” എട്ടന് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഇരിക്യായിരുന്നൂ. ഞാനിപ്പോള്‍ എത്തിയതേ ഉള്ളു. ഏട്ടന്‍ വൈകീത് കൊണ്ട് രമ്യ പോയി.”
നോവുന്ന മനസ്സിനെ അലിയിക്കുന്ന ചില നിമിഷങ്ങള്‍. എന്ത് വികാരങ്ങളാണ് മനസ്സിലൂടെ പായുന്നത് ? ആനന്ദ് കാറില്‍ നിന്നിറങ്ങി കുഞ്ഞിനെ എടുത്തു . ശ്രേയയെയും നെഞ്ചോട് ചേര്‍ത്തു പിടിച്ചു.