യുദ്ധഭൂമിയിലേക്കു പോകും മുന്പ് മകൻ അമ്മയോടു പറഞ്ഞു,
അമ്മേ എന്നെ അനഗ്രഹിക്കണം. ശത്രുനിഗ്രഹം ചെയ്തു മാതൃഭൂമിയുടെ മാനം കാക്കാൻ എനിക്കു കരുത്തേകണം.
അമ്മ വിതുമ്പി കരഞ്ഞു.
ഇല്ല മകനേ എനിക്കതിനാവില്ല, ഞാൻ അമ്മയാണ്. തോക്കിൻ കുഴലുകൾ ഗർജിക്കുമ്പോൾ.. പടനിലത്ത് പോരാളികൾ പിടഞ്ഞു മരിക്കുമ്പോൾ.. അതു ശത്രുപക്ഷത്തായാലും ഞാൻ ചിന്തിക്കുന്നതു മരിക്കുന്നവരുടെ അമ്മമാരെക്കുറിച്ചായിരിക്കും. അവരുടെ വിധിയെക്കുറിച്ചായിരിക്കും. നീ ഒന്നും പറ്റാതെ തിരിച്ചുവരാൻ മാത്രമേ ഞാൻ പ്രാർഥിക്കുകയുള്ളൂ , അതിനപ്പുരത്തേക്കു ചിന്തിക്കാൻ ഏതൊരമ്മയും അശക്തയാണു മകനേ…
മകന്റെ മുഖം വാടി.-ഞാനെന്തുചെയ്യണമെന്നാണ് അമ്മ പറയുന്നത്ൟ ശത്രുക്കൾ പാഞ്ഞുപരുമ്പോൾ തോക്കും തൂക്കി അനങ്ങാതെ നിൽക്കണമെന്നോ, ഒളിച്ചോടണമെന്നോ, ഒടുവിൽ എന്റെ സോദരരെയും ഒരുപക്ഷേ എന്നെയും കൊന്ന് മാതൃഭൂമിയിൽകടന്ന് ഒരുപക്ഷേ എന്റെ സോദരിമാരെ….
അമ്മ അവന്റെ വാ പൊത്തി- അരുതു മോനേ ,അരുത്. അതിർത്തിയിലേക്കുവരുന്ന ഏതു ശത്രുവിനെയും നിനക്ക് നിർദയം കശാപ്പുചെയ്യാം, സമ്മതിച്ചു. പക്ഷേ ഒരു കാര്യം നീ ഉറപ്പു നൽകണം. ആരു പറഞ്ഞാലും നീ അതിർത്തി കടന്നു പോകയുമരുത്. സമ്മതിച്ചോ
മകന്റെ വാക്കുകൾ ദുർബലമായി. അമ്മേ അതു ഞാനല്ലല്ലോ നിശ്ചയിക്കേണ്ടത്. ഏതൊരു സൈനിക നിർദേശവും കർശനമായി പാലിച്ചല്ലേ പറ്റൂ.
അമ്മ കണ്ണുകൾ തുടച്ചു. -അപ്പോൾ നീതന്നെ പറയൂ.. ഈ യുദ്ധം ആർക്കു വേണ്ടി
അവൻ ബയണറ്റിന്റെ മുനയിൽ തടവിക്കൊണ്ട് നിരുന്മേഷനായി പറഞ്ഞു..
എനിക്കറിയില്ല.