അന്നദാനം

“മിഴിയോരം നനഞ്ഞൊഴുകും …. മഞ്ഞിൽ വിരിഞ്ഞ “, ആഹ നല്ല ഗാനം. ഉറക്കത്തിൽ നിന്ന് മെല്ലെ യാഥാർത്ഥ്യത്തിലേക്ക് തെന്നി വീണപ്പോഴാണ് ഇന്നലെ മാറ്റിയിട്ട തൻ്റെ മൊബൈൽ റിങ്ങ്ടോണായിരുന്നതെന്ന് കാർത്തിക തിരിച്ചറിഞ്ഞത്. ഉറക്കച്ചടവോടെ എണീറ്റുനോക്കുമ്പോൾ അമ്മയാണ്.

എന്താ, അമ്മേ ?

എട്ടു മണിയായിട്ടും എണീക്കാറായില്ലേ?

ഇന്നെനിക്കു പോകണ്ട, അതല്ലേ? അമ്മ ചൂടാവാതെ കാര്യം പറയണം.

എടീ, നിൻ്റെ അമ്മാവൻ വിളിച്ചിരുന്നു. അമ്പലത്തിൽ ചേട്ടൻ്റെ വക അന്നദാനം, എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോകണം. അതു കൊണ്ട് മോളു പോകണം. ഇല്ലേൽ ചേട്ടന് വിഷമമാവും. പോകാമോ?
ഉം, പോകാം.

അവധിയായിട്ടു കുറച്ചു കിടന്നുറങ്ങാം കരുതിയതാണ്. പക്ഷെ ഏട്ടനു ഓഫീസുണ്ട്. പ്രാതലും, ഏട്ടന് കൊണ്ടു പോകാൻ ഊണും പാകം ചെയ്തിട്ട് അവൾ അമ്പലത്തിൽ പോകാൻ തയാറായി.

ഏട്ടൻ ഓഫീസിലോട്ടിറങ്ങിയ വഴി അവളും ഇറങ്ങി. വീടിനു തൊട്ടടുത്താണ് ക്ഷേത്രം, നടന്നു പോകാനുള്ള ദൂരം. സിറ്റിയിലെങ്കിലും നല്ല പച്ചപ്പുള്ള ഇടവഴിയിലൂടെയുള്ള ആ നടത്തം അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.

അമ്പലത്തിൽ നല്ല തിരക്ക്, ഒരു വിധം അമ്മാവനേയും അമ്മായിയേയും കണ്ടു പിടിച്ചു. എങ്ങും പട്ടുസാരിയുടെയും സ്വർണ്ണത്തിൻ്റേയും തിളക്കം. കണ്ണു മഞ്ഞളിച്ചു , ദൂരേക്കു നോക്കിയപ്പോൾ ആ പൊരിവെയിലിൽ റോഡ് നന്നാക്കുന്ന പണിക്കാർ. തനിക്കെന്നും അദ്ഭുതം തോന്നിയിട്ടുണ്ട്, എങ്ങനെ ഇവരീ ചൂടു സഹിക്കുന്നതെന്ന്.

അനൗൺസ്മെൻ്റ് നടക്കുന്നുണ്ട്, ” അമ്മേ നാരായണ, ദേവീ നാരായണ..അന്നദാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ഇന്നത്തെ അന്നദാനത്തിന് ധനസഹായം നൽകിയവർ….വലിയ വീട്ടിൽ കേശവൻ നായർ ,കാർത്തികയിൽ അപ്പുക്കുട്ടൻ…. എന്നിവരാണ്. ഏവർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.” അമ്മാവൻ്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻമാർ ഒരുമിച്ചുദിച്ചു നിന്നു.

അപ്പോഴാണ് കാർത്ത്യായനി ചേട്ടത്തി ഓടി വന്നത്. അമ്മായിയോട്: ചേച്ചി വിളിച്ചു പറഞ്ഞതു നന്നായി, ഞാൻ മറന്നിരിക്കുവായിരുന്നു, അന്നദാനത്തിൻ്റെ കാര്യം. പിന്നെ അടുത്ത വീട്ടിലുള്ളവരെയും കൂട്ടി. ഈ സാരി ഇഷ്ടായോ ചേച്ചി. ആലപ്പാട്ടിൽ നിന്നാ. അന്നദാനം ആരംഭിച്ചതിനാൽ പിന്നീട് ഒന്നും കേട്ടു നിൽക്കേണ്ടി വന്നില്ല. തെറ്റില്ലാത്ത ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് കൈ കഴുകി തിരിഞ്ഞപ്പോൾ പണിക്കാർ ഭക്ഷണമില്ലാതെ മടങ്ങുന്ന കാഴ്ച കണ്ടു.

അമ്മാവൻ: ഇവറ്റകളൊന്നും സമയത്തിനും കാലത്തിനുമെത്തില്ലന്നേ. 101 പേർക്കുള്ള അന്നദാനാ ഞാനിന്നിവിടെ ചെയ്തെ, അറിയുവോ?
ചുവന്ന കരയുള്ള പട്ടുസാരി ചെളി തെറിക്കാതെ പൊക്കിയൊതുക്കി നിന്ന കാർത്ത്യായനി ഏടത്തി തലയാട്ടി ശരിവച്ചു.

ചുട്ടുപൊള്ളുന്ന സൂര്യൻ്റെ നേരെ, കറുത്ത കുട നിവർത്തി, ധൃതിയിൽ വീട്ടിലോട്ടു നടക്കുമ്പോൾ ഈ വെയിലിൻ്റെ ചൂടിലും ടാറിൻ്റെ ചൂടിലും ജീവിതം പിടിക്കാൻ കഷ്ടപ്പെടുന്നവരെ കുറിച്ച് വീണ്ടും ഓർത്തു പോയി. വീട്ടിലെത്തി അമ്മയെ
വിളിക്കാൻ ഫോണെടുത്തപ്പോൾ കോളിങ് ബെല്ലടിച്ചു. അടുത്തിടെയുണ്ടായ ചില സംഭവങ്ങളൊക്കെ കാണുകയും കേൾക്കുകയും ചെയ്ത അവൾക്ക് ഇപ്പൊ എല്ലാത്തിനെയും ഭയമായിരുന്നു.

ജനൽ പാളിയിലൂടെ നോക്കിയപ്പോൾ ഒരു വൃദ്ധ. പാതി വാതിൽ ചാരി അവൾ ചോദിച്ചു: എന്താ വേണ്ടേ?

സുഖമില്ല മോളേ, എന്തേലും…

അവരുടെ മുണ്ടും നേര്യതും മുഷിഞ്ഞും, മുഖം നന്നേ ക്ഷീണിച്ചുമിരുന്നു, അവൾക്ക് വിഷമം തോന്നി. വീണ്ടും കതകു ചാരി, ഉള്ളിൽ ചെന്ന് പേഴ്സ് പരതി… ഇരുപതു രൂപ മാത്രം. മടിച്ചു ചെന്ന് അവരുടെ കയ്യിൽ കൊടുത്തു. അവരൊന്നും മിണ്ടാതെ അതു വാങ്ങി, പടി കടക്കാൻ തുടങ്ങുമ്പോൾ, പെട്ടെന്നവൾ ചോദിച്ചു: “അമ്മ, വല്ലതും കഴിച്ചതാണോ?”
അവർ ഒന്നും മിണ്ടാതെ ഒന്നു തിരിഞ്ഞു നോക്കി. “ഞാനിച്ചിരി ചോറെടുക്കാം”
ചോറും കൂട്ടാനും പാത്രത്തിലാക്കി അവൾ വേഗം തിരിച്ചെത്തി. അവർ ക്ഷീണിച്ച് പടിയിൽ ഇരിപ്പുണ്ട്. “അകത്തോട്ടിരുന്നോളൂ”
വേണ്ട എന്ന് കൈ കൊണ്ട് കാണിച്ചു കൊണ്ട്, അവിടിരുന്നു തന്നെ കഴിച്ചു. ആകെ അഴിഞ്ഞുലഞ്ഞ നരച്ച മുടിയിഴക്കിടയിൽ ഐശ്വര്യമുള്ള ഒരു മുഖമുണ്ടായിരുന്നു അവർക്ക്.
മുഖം പൊന്തിക്കാതെ ഭക്ഷണം കഴിക്കുന്നവരോട് കാർത്തിക ചോദിച്ചു: അമ്മയുടെ വീട്?
അടുത്തു തന്നാ..
കുട്ടികൾ?
മൗനം… കണ്ണുകളുയർത്തി അവളെ നോക്കുമ്പോഴാ കണ്ണുകൾ നിറഞ്ഞിരുന്നോ?
പെട്ടെന്നവൾ ചോദിച്ചു: ‘അൽപം സംഭാരമെടുക്കട്ടെ?’
ഒന്നും പറഞ്ഞില്ലെങ്കിലും അവൾ വേഗമകത്തു കയറി, സംഭാരമെടുത്തു. മനസ്സിലൊരു നീറ്റൽ, ചോദിക്കണ്ടായിരുന്നു.
സംഭാരമൊഴിച്ചു കൊടുത്തു, കുടിച്ചു. ആ കണ്ണുകളിലെ നീർ വറ്റിയിട്ടുണ്ടായിരുന്നില്ല, അത് കവിളുകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.

മോളേ, വിശക്കുന്നവന് മനസ്സറിഞ്ഞ് ഭക്ഷണം നൽകുന്നതാ ഏറ്റവും വലിയ പുണ്യം. ഞാനീ വഴി വരുമ്പോ ഇനിയും ഇവിടെ വരും മോളെ കാണാൻ. മോൾക്ക്… വിതുമ്പലടക്കി, കൈ രണ്ടും ഉയർത്തി അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് അവർ പടിയറങ്ങി പോകുന്നത് കാർത്തിക നോക്കി നിന്നു.

ഫോണടിക്കുന്ന ശബ്ദം കേൾക്കുന്നു, അമ്മയാണ്.
നീ എവിടായിരുന്നു? എത്ര നേരായി വിളിക്കണു.

ഞാൻ… ഞാൻ 1001 പേർക്ക് അന്നദാനം നടത്തുകയായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… അവളുടെ മനസ്സും..

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *