1970-ല്‍ ഇറങ്ങിയ ആദ്യ സിനിമ – ‘സ്വയംവരം’, അത് കഴിഞ്ഞു മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ട് ചലച്ചിത്രങ്ങള്‍, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ്… അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ മലയാളത്തിന്റെ അഭിമാനമാണ്. പന്ത്രണ്ടാമത്തെ ചിത്രം കഴിഞ്ഞു എട്ടു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ‘പിന്നെയും’ വരുന്നത്.
മലയാള ചലച്ചിത്രഭാഷ്യത്തെ മാറ്റിമറിച്ച, സിനിമാ വ്യാകരണത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കിയ ചലച്ചിത്ര കവ്യമായിരുന്നു ‘സ്വയംവരം’. എഴുപതുകളിലെ ചെറുപ്പക്കാരുടെ ആവേശവും അഹങ്കാരവും ആയിരുന്നു ‘സ്വയംവരം’. ആ സിനിമയുടെ പോസ്ടറുകള്‍ തൊട്ട് ഓരോ ഷോട്ടുകളും മലയാളി മനസ്സുകളില്‍ കുളിര്‍ മഴയായി പെയ്തിറങ്ങിയവയാണ്. ഈ കാലമത്രയും കഴിഞ്ഞു അടൂരിന്റെ ‘പിന്നെയും’ ഇറങ്ങിയപ്പോള്‍ സാധാരണ പ്രേക്ഷകരുടെ മനസ്സുകളില്‍ നിറഞ്ഞു നിന്ന പ്രതീക്ഷയുടെ നിര്‍ഭരത ചെറുതൊന്നുമായിരുന്നില്ല. പച്ചയായ ജീവിതം കൊണ്ടും സെല്ലുലോയഡ് പ്രണയകഥകള്‍ കൊണ്ടും റൊമാന്റിക് ലോകത്തിലെ രാജകുമാരനും രാജകുമാരിയുമായി മാറിയ ദിലീപും കാവ്യാമാധവനും നായക-നായികാ വേഷത്തിലെത്തുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകമനസ്സുകളില്‍ പ്രേമകഥകള്‍ പിറന്നു കഴിഞ്ഞിരുന്നു. ഒരു പക്ഷെ, സ്വയംവരത്തിനൊരു ‘സ്വീക്കല്‍’ (sequel) – അനുബന്ധം – അതായിരുന്നോ കുറേക്കൂടി ഉചിതമായത്? ‘സ്വയംവര’ത്തില്‍ മധുവും ശാരദയും കാമുകീ-കാമുകന്മാരായും പിന്നീട് ഗൃഹസ്ഥാശ്രമികളായും നേരിട്ട ചൂടുള്ള ജീവിതാനുഭവങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അവയെക്കാള്‍ പതിന്മടങ്ങ് ചൂടുള്ള അനുഭവങ്ങളായിട്ട് പോലും ‘പിന്നെയും’ നിരാശപ്പെടുത്തിക്കളഞ്ഞു.
കാലങ്ങള്‍ക്ക് മുമ്പ് മലയാളനാട്ടില്‍ നടന്ന ഒരു കുറ്റകൃത്യവും തുടര്‍ന്നുള്ള പരിണാമങ്ങളുമാണ് – സുകുമാരക്കുറുപ്പിന്റെ കഥ – ചലച്ചിത്രവിഷയം. പുരുഷോത്തമന്‍ നായരും (ദിലീപ്) ദേവിയും (കാവ്യാമാധവന്‍) കമിതാക്കളായിരുന്നു. ഒരു ജോലി ഇല്ലായിരുന്നിട്ടു പോലും അവരുടെ പ്രേമത്തിന്റെ പിന്‍ബലം കൊണ്ട് മാത്രമാണ് ദേവിയുടെ അച്ഛനും (നെടുമുടിവേണു) അമ്മാവനും (വിജയരാഘവന്‍) ആ ബന്ധത്തിന് സമ്മതം നല്‍കിയത്. പച്ച പിടിക്കാത്ത ജീവിതം പെട്ടെന്ന് സമ്പന്നമാക്കാന്‍ പുരുഷോത്തമന്‍ നായര്‍ തിരഞ്ഞെടുത്ത വഴി – നിരപരാധിയായ ഒരാളെ വകവരുത്തി, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന കുറുക്കുവഴി അവരുടെ ജീവിതത്തില്‍ വരുത്തി തീര്‍ക്കുന്ന ദുരന്തമാണ് സിനിമയുടെ ഇതിവൃത്തം. ഈ കൊലപാതകത്തില്‍ കൂട്ടുനില്‍ക്കുന്ന അച്ഛന്റെ നിലപാട് (നെടുമുടി വേണു) അവതരിപ്പിക്കുന്നതിലും ഫലിപ്പിക്കുന്നതിലും തിരക്കഥ പരാജയപ്പെട്ടു പോയി.
ചിത്രം തുടങ്ങുന്നത് പുരുഷോത്തമന്‍ നായരുടെ വിഷം കഴിച്ചുള്ള മരണവും തുടര്‍ന്നു വരുന്ന ഫ്ലാഷ്ബാക്കോടും കൂടിയാണ്. ഒരു ഫ്ലാഷ്ബാക്ക് കൂടാതെ തന്നെ നേരിട്ട് കഥ പറയുന്നതില്‍ വലിയ അന്തരമൊന്നും കാണുന്നില്ല – പ്രൊഫ്. അലിയാര്‍, സുധീര്‍ കരമന, രവി വള്ളത്തോള്‍ തുടങ്ങിയവര്‍ക്കു പോലീസ് വേഷം കെട്ടാന്‍ സന്ദര്‍ഭം ഒരുക്കിയതല്ലാതെ. അതുപോലെതന്നെ, പുരുഷോത്തമന്‍ നായരെ ഇന്റര്‍വ്യൂ ചെയ്യുന്ന രംഗം – ഈ രംഗത്തില്‍, സി. പി. നായര്‍ ഐ. എ. എസ്, പാര്‍വതി നായര്‍ തുടങ്ങിയ പ്രശസ്ഥ വ്യകതികള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗങ്ങളാണ് – ‘സ്വയംവര’ത്തിലെ തന്നെ മറ്റൊരു രംഗത്തെ വെറുതെ ഓര്‍മിപ്പിക്കുന്നത് മാത്രമായി മാറി നില്‍ക്കുന്നു(‘സ്വയംവര’ത്തില്‍ മധുവിനെ ഇന്റര്‍വ്യൂ ചെയ്യുന്നത് ജി. ശങ്കര പിള്ള തുടങ്ങിയവരാണ്)
പ്രധാന വേഷങ്ങളില്‍ വരുന്ന ദിലീപ്, കാവ്യാ, നെടുമുടി, വിജയരാഘവന്‍ തുടങ്ങിയവര്‍ കൂടാതെ ഇന്ദ്രന്‍സ്, മറുനാട്ടില്‍ നിന്നും വന്ന, ‘സുബൊധ് ഭാവേ’, അക്ഷര കിഷോര്‍, കെ.പി.എ.സി.ലളിത, നന്ദു, സതി പ്രേംജി, ശ്രീന്ദ് അഷാബ്, മീരാ നല്ലൂര്‍ തുടങ്ങിയവരും സിനിമയില്‍ മുഖം കാണിക്കുന്നുണ്ട്. ഇന്ദ്രന്‍സിനൊഴികെ മറ്റാര്‍ക്കും വലിയ റോളുകള്‍ ഇല്ല. സിനിമയുടെ രണ്ടാം ഭാഗത്തോടു കൂടി കുറെ അരോചകമായ സംഭാഷണങ്ങള്‍ക്കും കാഴ്ചകള്‍ക്കും പ്രേക്ഷകര്‍ പാത്രമാവുന്നു. “തങ്കം…” എന്ന് തുടങ്ങിയുള്ള സംഭാഷണരംഗങ്ങള്‍ പ്രേക്ഷകരെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്നു. നിശ്ശബ്ദചിത്രങ്ങളുടെ നിലവാരത്തിലേക്ക് വരെ ഈ സീനുകള്‍ പ്രേക്ഷകരെ പിന്നോട്ട് കൊണ്ടുപോയെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് മേയ്ക്ക്-ഓവര്‍ ചെയ്ത നായകന്റെ മുഖവും ശബ്ദവും കൃത്രിമമായി മാത്രമാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്. ഈ രംഗങ്ങള്‍ അടൂരിന്റെ പ്രശസ്ഥ ചിത്രമായ ‘എലിപ്പത്തായ’ത്തിലെ ‘എലിക്കൂടു’മായി ശാരദ പോകുന്ന ദൃശ്യവും പശ്ചാത്തലശബ്ദക്രമീകരണങ്ങളും ഓര്‍മയില്‍ കൊണ്ട് വരുന്നുണ്ട്. പക്ഷെ ‘എലിപ്പത്തായ’ത്തിലെ ആ രംഗം ആഗോള തലത്തില്‍ തന്നെ സിനിമാ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ രംഗമായിരുന്നു. ആ രംഗവും മഴ പെയ്യുന്ന രാത്രിയില്‍ വാഴത്തോട്ടത്തിലൂടെ നടന്ന് പ്രേയസിയെ കാണാനെത്തുന്ന നായകന്റെ ‘പിന്നെയും’ സിനിമയിലെ രംഗവും തമ്മില്‍ ഒരു താരതമ്യവും ഇല്ല.
പൊതുവേ അടൂരിന്റെ സിനിമകളില്‍ സംഭാഷണങ്ങള്‍ക്ക് പിശുക്ക് ഒരു അലങ്കാരമായി നിരീക്ഷിക്കാവുന്നതാണ്. ചടുലമായ സംഭാഷണങ്ങള്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പോലും ചാരുതയാര്‍ന്ന ദൃശ്യരംഗങ്ങള്‍ കൊണ്ട് കഥയെ ഉജ്ജ്വലിപ്പിക്കാന്‍ അടൂര്‍ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനൊക്കെ പ്രായശ്ചിത്തമായി എന്ന് തോന്നുമാറ്, ‘പിന്നെയും’ ചലച്ചിത്രത്തില്‍ തലങ്ങും വിലങ്ങും സംഭാഷണങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. പലപ്പോഴും സംഭാഷണത്തിന്റെ അതിപ്രസരം പ്രേക്ഷകരെ ഒരളവു വരെ മുഷിപ്പിക്കുന്നു. സാധാരണയായി അടൂര്‍ സിനിമാ കാണുന്ന പ്രേക്ഷകര്‍ ഇടക്കുവെച്ചു തിയേറ്റര്‍ വിട്ടു പുറത്തു പോകുന്നത് കാണാന്‍ കഴിയാറില്ല. പക്ഷെ, ‘പിന്നെയും’ കണ്ടിരുന്നവര്‍ ഇടയ്ക്കു പുറത്തിറങ്ങുന്നത് കുറച്ചു മുഷിപ്പ് തോന്നിയതു കൊണ്ടാണോ എന്നും സംശയം ഇല്ലാതില്ല.
ബിജിബാലിന്റെ രംഗത്തിനു ചേര്‍ന്ന പശ്ചാത്തല സംഗീതം നായകന്റെ കൃത്രിമ മുഖഭാവങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നിരുന്നാലും സിനിമയിലെ എടുത്തു പറയേണ്ടുന്ന കുറച്ചു ഘടകങ്ങള്‍ ഇന്ദ്രന്‍സിന്റെ നിഷ്കളങ്ക അഭിനയ ഭാവങ്ങളും എം.ജെ.രാധാകൃഷ്ണന്റെ ചായാഗ്രഹണവും ബി. അജിത്കുമാറിന്റെ ശബ്ദലേഖനവുമാണ്. ചിത്രത്തിന്റെ മുഴുവന്‍ ലോകേഷനും ശാസ്താംകോട്ടയാണ്. അത് മേന്മയെക്കാള്‍ മടുപ്പുളവാക്കുവാനാണ് ഉപകരിച്ചത്. കാവ്യാമാധവന്റെ അഭിനയ മികവു ചിത്രത്തിലുടനീളം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മനുഷ്യമനസ്സുകളിലെ വിചിത്ര ചിന്താസരണികളും അവയില്‍ ചിലത് ദുരന്തമായി പരിണമിക്കുന്നതും സിനിമാകഥകളില്‍ വരുന്നത് ആദ്യമായല്ല. തീവ്രമായി ഇത്തരം കഥകള്‍ പറഞ്ഞു പോകുമ്പോഴാണ് ഇവ മനസ്സില്‍ ആഴത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുന്നത്. ‘പിന്നെയും’ എന്ന അടൂര്‍ ചിത്രം ഇത്തരമൊരു കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടുപോയി. അടൂരിന് ഒരു നിര്‍ണ്ണയ പിശക് (error of judgment) സംഭവിച്ചതാണോ, അറിഞ്ഞുകൂടാ!