ഞങ്ങടെ ബക്കറുകൊച്ചാപ്പാ നാളെ പേർഷേന്നു വരുവാ..
വരുന്ന വിവരം വെച്ച് കത്ത് വന്ന ശേഷം പിന്നീട് ഉറക്കമില്ല, കിട്ടുന്ന സാധനസാമഗ്രികളെ കുറിച്ച് എനിക്കെപ്പോളും കൂട്ടലും, കിഴിക്കലുമാണ്.
ഹാപ്പീടെ രണ്ട് ബനിയൻ കിട്ടുമായിരിക്കും, ലക്സിന്റെ സോപ്പ് കിട്ടിയാൽ അതിന്റെ കവറെടുത്ത് പുസ്തകത്തിനുള്ളിൽ വക്കണം, പുരചോർന്നൊലിച്ചപ്പോൾ ബയിന്റു കുതിർന്നു ഉമിച്ചു നാറുന്നു..
ഇന്നലെയും കല്ലിയിലെ ജ്യോതി അമ്പലത്തിലെ ഭസ്മം സ്കൂളില്‍ കൊണ്ടു വന്നു വിതറിയപ്പോളാ അല്പ്പം നാറ്റം കുറഞ്ഞത്… ബാപ്പായ്ക്ക് പുലിത്തോൽ പോലുള്ള നാലഞ്ച് അണ്ടർവയർ കിട്ടും, അതിലൊരെണ്ണം സിഗ്മാ രാജേന്ദ്രൻ അണ്ണനു കൊടുക്കുമായിരിക്കും.
കയ്യിൽ കെട്ടിവരുന്ന വാച്ച് ഈ തവണ ഉറപ്പായും എനിക്ക് തന്നെ..
കഴിഞ്ഞ തവണ ഒരു തലനാരിഴ ഭാഗ്യകുറവുകൊണ്ട് കാസിയോന്റെ വാച്ച് ആ കൊച്ചുമ്മാടെ ആങ്ങള അടിച്ചോണ്ടുപോയി, ഇനി ആ പേടി വേണ്ട കാരണം, അവരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വീട്ടിൽ നിന്നും പറഞ്ഞു വിട്ടു, ഇനി കൊച്ചാപ്പായും, കുടുംബവും കൊച്ചുമ്മയുമായി യാതൊരു ബന്ധവുമില്ല, അങ്ങനെ അവരുടെ ശല്യം ഉണ്ടാവില്ല , അപ്പോള്‍ കൊണ്ടു വരുന്ന മുയുമനും ഞമ്മക്ക് സ്വന്തം… ഹൌ.. മനസ്സിൽ കുളിരു കോരി…
അതിരാവിലെ കുപ്പണ അമ്പലത്തിലെ കൗസല്യാ, രാമ കേട്ടപാടെ ചാടിയെണീറ്റ് ഉമിക്കരിയെടുത്ത് പേരിനൊന്നു തേച്ചെന്നു വരുത്തി തലേന്നു ബാക്കിയുള്ള കലത്തിലെ ചോറിലൽപം ഉപ്പും, പച്ചമുളകും, ചുന്നുള്ളിയും ഇട്ടിട്ട് ഒന്നു ഞെവിടി ഒരു പിടി പിടിച്ച്… ചന്തിയുടെ രണ്ടറ്റവും വട്ടത്തിൽ കീറിയ വള്ളി നിക്കറുമിട്ട്, പാതി പൊട്ടിയ കണ്ണാടിയിൽ നോക്കി കുട്ടിക്യൂറ പൗഡറിട്ട് മുഖമൊന്നു മിനുക്കി, ഒന്നു ചരിച്ചു.. ഹൌ… ഉമിക്കരി പകുതിയും പല്ലിനിടയിൽ തന്നെയുണ്ട്.
ശെ… പല്ലു തേക്കണ്ടായിരുന്നു.
നേരെ കൊച്ചാപ്പാടെ വീട്ടിലേക്ക് പാഞ്ഞു.
ഭാഗ്യം, എത്തിയിട്ടില്ലാ… ചെന്നപാടെ വടക്കോട്ടുനോക്കി കോലായിലെ ഒരറ്റത്ത് സ്ഥാനംപിടിച്ചു..
നീണ്ട കാത്തിരിപ്പിനൊടുവിൽ ദേ.. വരുന്നു ഞങ്ങടെ ബക്കറുകൊച്ചാപ്പ…
വരുന്ന വഴിയിൽ മുഴുവൻ ആറേബ്യൻ സുഗന്ധം പരത്തി ഞങ്ങളുടെ മുന്നിലെത്തി, ഹോ… ഈ കൊച്ചാപ്പായ്ക്ക് എന്തൊരു മണമാ?
എന്റെ മനസ്സ് മാത്രിച്ചു..
തിക്കിനും, തിരക്കിനുമിടയിൽ കയ്യിലെ ബാഗ് തുറന്ന് ഒരു പാക്കറ്റ് മിഠായി പൊട്ടിച്ച് എല്ലാവര്‍ക്കും കൊടുത്തു, ഞാനും ഇടിച്ചു കയറി കൈനീട്ടി, എനിക്കും കിട്ടി രണ്ടെണ്ണം ,
ആളുകൾ പതുക്കെ ഒഴിഞ്ഞു തുടങ്ങി,
കൊച്ചാപ്പാ എങ്ങും ഇരിപ്പുറക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു,
ഒടുവിൽ എന്തോ മനസ്സിൽ ഉറപ്പിച്ച് പുറത്തേക്ക് ഇറങ്ങി ഒറ്റപോക്ക്.
കടിഞ്ചായ ഇട്ടോണ്ടുവന്ന മൂത്തപ്പച്ചി എന്നോട് ചോദിച്ചു ബക്കറെന്തിയേടാ?
ഞാൻ പറഞ്ഞു ദേ പോന്നു, അവരുടെ സകല ആരോഗ്യമെടുത്ത് വിളിച്ചിട്ടും കൊച്ചാപ്പാ ഒന്നു തിരിഞ്ഞു പോലും നോക്കിയില്ലാ.
ദേഷ്യത്തോടെ കടിഞ്ചായ അവിടെ വെച്ചു പോയ തക്കംനോക്കി ഞാനെടുത്തു കുടിച്ചു,
നല്ല മണവും രുചിയുമുള്ള ഏലക്കായിട്ട ചായ നക്കിതോർത്തി അവിടെ കിടന്ന മുട്ടായികവറും പറക്കി പോക്കറ്റിലിട്ടു നിരാശയോടെ അവിടെ നിന്നുമിറങ്ങി.
പണ്ടാരമടങ്ങാൻ ആ പെട്ടി പൊട്ടിച്ച് നമ്മുടെ പങ്കിങ്ങു തന്നിട്ട് എവിടെയെങ്കിലും പോയിട്ട് പിന്നെ തിരിച്ചു വന്നില്ലേലും വേണ്ടീല്ലായിരുന്നു…
വീട്ടിലെ അത്താഴം നേരത്തെ അകത്താക്കി അന്ന് കണികണ്ടോനെ പിരാകികൊണ്ട് മുറുന്തപ്പായിലേക്ക് ചരിഞ്ഞു,
ഒന്നു ഉറക്കം പിടിച്ചു വന്നപ്പോൾ അതാ നിക്കറിനടീന്ന് കലശലായ ചൊറിച്ചിൽ ഇരുട്ടില്‍ തപ്പിയെണീറ്റ് നോക്കുമ്പോൾ അതാ നല്ല കുടുംബത്തിൽ പിറന്ന ശവന്തീനി ഉറുമ്പുകളുടെ സംസ്ഥാന സമ്മേളനം എന്റെ നിക്കറിനടീൽ നടക്കുന്നു, മിട്ടായി കവറുകൾ പോക്കറ്റിൽ നിന്നും എടുത്തു ദൂരെ കളഞ്ഞ് ഒരുവിധം നേരം വെളുപ്പിച്ചു.
മുള്ളാൻ വേണ്ടി ഇരുന്നപ്പോളതാ ബലൂൺ മാതിരി അവിടെ വീർത്തിരിക്കുന്നു.. ഇതെങ്ങനെ ഒറ്റ രാത്രി കൊണ്ട് ഇത്രയും വലുതായി റബ്ബേ… നാണക്കേടുകാരണം ആരെങ്കിലും കാണിക്കാനും പറ്റില്ല…
ഈ കൊച്ചാപ്പാ കാരണം…
ഇന്നു രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ വേറെ കാര്യം,
വീണ്ടും അവിടേക്ക് പാഞ്ഞു
തലേന്ന് മുങ്ങിയ കൊച്ചാപ്പായെ ആ പഞ്ചായത്തിലെങ്ങും ആരും കണ്ടിട്ടില്ല, ചെല്ലുമ്പോൾ വീട്ടിൽ കെട്ടുകാഴ്ചക്കുള്ള ആൾകൂട്ടം പല വഴിക്ക് തിരക്കിയിട്ടും വിവരങ്ങൾ ഒന്നുമില്ലാ, ഇതിനിടയില്‍ ചിലര്‍ വിക്രമൻ സഖാവിന്റെ വീടിന്റെ മുന്നിലെ പൊട്ടക്കിണറ്റിൽ തലയിട്ടു നോക്കുന്നു…
ഒടുവിലതാ മൂലേക്കാരുടെ പറമ്പിലെ ഇടവഴിലൂടെ വരുന്നു കൊച്ചാപ്പാ…
തോളത്ത് ഇളയവൻ അഷ്കർ അപ്പിപിടിച്ചിരിക്കുന്നു.
തൊട്ട് പുറകേ ശാരദാ ടെക്സ്റ്റയിൽസിന്റെ കവറിൽ കുറെ തുണികളും കുത്തി നിറച്ചു തൂക്കിപിടിച്ചോണ്ട് കൊച്ചുമ്മായും അവരുടെ സാരിതലപ്പിൽ പിടിച്ച് മൂക്കളയുമൊലിപ്പിച്ചു മൂത്തവൻ അനീസുമുണ്ട്…
മന്ദം, മന്ദം, നടന്നവർ വീടിന്റെ മുന്നിൽ എത്തി…
എല്ലാവരും നിശബ്ദം…
നീണ്ട നിശബ്ദത്തിനു വിരാമമിട്ടുകൊണ്ട് മേലേക്കാരു വിളിച്ചു പറഞ്ഞു, ഐഷത്തേ… ആ പിള്ളാരേം വിളിച്ചു അകത്തോട്ടുകയറൂ… എന്നിട്ട് ആ അടുക്കളേ കേറി ഞങ്ങള്‍ക്ക് ഒരോ കടിഞ്ചായ ഇട്ടോണ്ടുവാ…
കൊച്ചുമ്മാ വലതുകാൽവെച്ച് അകത്തേക്ക് കടന്നപ്പോൾ ബാപ്പുമ്മാ ഇരുത്തി ഒന്നു മൂളി..
ആ മൂളലിൽ പുര മൊത്തത്തിൽ ഒന്നു കുലുങ്ങി.
ഉത്തരത്തിലെ കഴക്കോലിൽ കുടുംബസമേതം കാലങ്ങളായി കഴിഞ്ഞിരുന്നു ചിതലുകൾ പെട്ടിയും, കിടക്കയുമെടുത്ത് നേരെ ദേ വീണുകിടക്കുന്നു ബാപ്പുമ്മാന്റെ മുന്നിൽ..
ആ കാലത്ത് എനിക്ക് ആ ഒത്തു ചേരൽ തീരെ ദഹിച്ചില്ലെങ്കിലും, പിൽക്കാലത്ത് അതിൽ നിന്നും ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു…
എഴുത്തും, വായനയുമറിയാത്ത കൊച്ചാപ്പായ്ക്ക് നാട്ടിൽ നിന്നും ആരെങ്കിലും എന്തെങ്കിലും എഴുതി അയക്കും, അത് ആഴ്ചകളും, മാസങ്ങളും കഴിഞ്ഞു ഗൾഫിലെത്തിയാൽ ആരെങ്കിലും കൊണ്ട് വായിപ്പിച്ചു തീരുമാനമെടുത്തിരുന്ന കാലം..
ചുരുക്കത്തിൽ നീണ്ട മൂന്നു വർഷത്തോളം കൊച്ചുമ്മയുമായി ആശയവിനിമയമില്ലാതെ കഴിഞ്ഞ പ്രവാസി, സത്യം തിരിച്ചറിയാൻ നീണ്ട മൂന്നു വർഷത്തിനൊടുവിൽ ആ ഒറ്റ രാത്രി തന്നെ അവർക്കു ധാരാളമായിരുന്നു.. പിന്നീടുണ്ടായ അവരുടെ ജീവിത സ്നേഹവല്ലരിയിൽ ഒരു പെൺകുഞ്ഞു കൂടി ജനിച്ചു പേര് , അനീസ, ഇപ്പോള്‍ വിവാഹം കഴിഞ്ഞു അവളിപ്പോൾ ഒരു കുട്ടിയുടെ ഉമ്മയായി.
കൊച്ചാപ്പാടെ രണ്ട് മക്കളും പേർഷേലാണിപ്പോൾ, എല്ലാവരും സുഖമായി കഴിയുന്നു, ഒപ്പം ആറു മക്കളെ പെറ്റ ബാപ്പുമ്മാ രണ്ട് തവണ വീണു കയ്യൊടിഞ്ഞു. മക്കൾ എല്ലാം പലപ്പോഴും പോയിവരും എന്നൊഴിച്ചാൽ ബാക്കിയുള്ള അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇപ്പോഴും ഈ കൊച്ചുമ്മാ തന്നെ.
ചില ബന്ധങ്ങള്‍ അങ്ങനെയാണ് എത്ര അറുത്തു മുറിച്ച് കളയാൻ ലോകം മുഴുവന്‍ ശ്രമിച്ചാലും അതില്‍ സത്യത്തിന്റെ, നന്മയുടെ, ഒരുകണികയെങ്കിലും അവശേഷിക്കുന്നു എങ്കിൽ ഉറപ്പിച്ചു കൊള്ളുക അവർ ഒന്നിക്കും, ജീവിതത്തിൽ വിജയവും, ദൈവത്തിന്റെ സാനിദ്ധ്യവും അവർക്കൊപ്പം തന്നെ…