ഉൾക്കാഴ്ച

ഒന്ന് 

ഒരു ഞായറാഴ്ച്ച വൈകുന്നേരം വെള്ളിനേഴി വീട്ടിൽ എന്നെ തേടി ഒരു അതിഥി എത്തി . ഗുരുവായിരുന്നു !!!!!! ചുമച്ചു ചുമച്ചു ക്ഷീണിതനായിരുന്നു , കൈയ്യിൽ ഒരു ഇംഗ്ലീഷ് പത്രവും തോളിൽ ഒരു തുണി സഞ്ചിയുമുണ്ട് എന്നോട്  ഒരു കാപ്പി ചോദിച്ചു . ഞാൻ കാപ്പി ഉണ്ടാക്കി കൊടുത്തു.

ഉണ്ണീ എന്താ നിൻെറ മുഖം കടുന്നൽ കുത്തിയതു പോലെ !! ..
എയ്യ്, ഒന്നൂല്ല്യാ ..
ഒന്നുല്യാത്തതുകൊണ്ടാണോ മുഖം കടുന്നൽ കുത്തിയത് പോലെ , എന്താണെകിലും പറയൂ !!.. ” 

മനസ്സ് എവിടേയും നിൽക്കുന്നില്ല,കാണാൻ നല്ല കാഴ്ചകളില്ല , വായിക്കാൻ നല്ല പുസ്തകങ്ങൾ കിട്ടുന്നില്ല, എവിടെ നോക്കിയാലും ശബ്ദമയം

മൂക്കിൻതുമ്പത്തു നിന്ന് വീഴാറായ കണ്ണട കയറ്റി വച്ച് ഗുരു പറഞ്ഞു .

സമാധാനം നഷ്ടപ്പെട്ടൂലെ ?…
ഉം, ഞാൻ എന്ത് ചെയ്യണം .
വായിക്കൂ ..
വായിച്ചാൽ മാഷേ ഒരു പപ്രശ്നമുണ്ട് , ഒരു കൃതി വായിച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ സങ്കുചിതനാകും , എനിക്കതുപോലെ എഴുതാൻ പറ്റുന്നില്ലാലോ ..?…
ഗംഭീരം അതിനേ സൃഷ്ടി കർത്താവിന്റെ അഹംകാരത്വമായി കണക്കാകാം , തന്നെ പറ്റി തനിക്കുള്ള ബോധമാണത് .
ഗുരു എങ്ങനെ ഇതിനെ മറികടക്കാം ?….
പ്രകൃതിയാണ് അതിനുള്ളമരുന്ന് …എവിടേങ്കിലും കുറച്ചു നേരം പോയിരിക്കാനുള്ളരിടം വേണം , പുഴയുടെ തീരമോ , മലയിടുക്കോ കണ്ടെത്തൂ !!.. ഒറ്റക്കിരിക്കാൻ നല്ലത് രാത്രിയാണ് , ശബ്ദ കോലാഹങ്ങൾ എത്താത്ത ആരും വരാൻ മടിക്കുന്ന ഒരിടം
ഗുരു , അതിനുനല്ലത് ചുടല പറമ്പാണ് , പുഴയുടെ തീരവും, രാത്രി നീരാടാൻ എത്തുന്ന ആത്മാക്കൾ എന്നെ സഹായിക്കും

പുറത്തു മഴയുടെ വികൃതി തമൃതി.

രണ്ട് 

അടുത്തദിവസം രാവിലെ അച്ഛൻ വന്നു പറഞ്ഞു

ഉണ്ണീ , നമ്മുക്കെ ചൊല്ലൊള്ളി വളപ്പിൽ നിന്ന് നാളികേരം ഇടുക്കണം , ഇത്തവണ കുറച്ചധികമുണ്ടാവും. ചാമിയാര് വരും നിന്നെ സഹായിക്കാൻ ”
” എടുക്കാം അച്ഛാ ”

ചൊല്ലൊള്ളി വളപ്പ് എത്തണമെകിൽ നാല് പാടങ്ങൾ കടക്കണം. പാടങ്ങൾ അവസാനിക്കുന്നിടത്തു ഒരു ചെറു പാലമുണ്ട്  ചൊല്ലൊള്ളി വളപ്പിലേക്ക്. പാലത്തിന്റെ താഴേ കണ്ടനാർ തോട്‌ ശാന്തമായി ഒഴുകുന്നു. ഇന്നലെ മഴപെയ്തതുകൊണ്ടാവാം വെള്ളത്തിന് നേരിയ കലക്കമുണ്ട്. ചാമിയാരും ഞാനും വളപ്പിലെത്തി. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ചൊല്ലൊള്ളി വളപ്പ് അച്ഛൻ  വാങ്ങുന്നത്.  വളപ്പിന്റെ ഒരു മുഖം കുന്തിപ്പുഴയിലേക്കാണ് , പശിമയുള്ള മണ്ണല്ലേ എന്തും വളരും . വളപ്പിലേ കൂറ്റൻ തേക്കിൻ തൈകളും പടർന്നു നിൽക്കുന്ന മുളക്കൂട്ടങ്ങളും പ്രകൃതിയുടെ സൗന്ദര്യവടിവ് വർധിപ്പിച്ചു.

ഉണ്ണീ തമ്പ്രാ , ന്നും മഴക്കു കോളുണ്ട് , മഴയ്ക്കു മുൻപ് കുറച്ചു റോഡിലേക്ക് എത്തിച്ചാൽ നന്നാവും ...”

മൂടിനിൽക്കുന്ന കാർമേഘം മുളകളുടെ സല്ലാപം ഇന്നലെ പെയ്ത മഴയുടെ സുഗന്ധം.

അതിനെന്താ ചാമിയാരെ നമ്മുക്ക് ഉത്സാഹിക്കാം……

ആറു ചാക്കുകൾ ഞങ്ങൾ  വരമ്പ് കടന്നു റോഡിലേക്ക് എത്തിച്ചു. തിരിച്ചു നടക്കുമ്പോൾ മഴ തുടങ്ങി . കയ്യില് കുടയോ കവറോ വലിയഇലകളുള്ള ഒരു ചെടിയുമില്ല , ചാമിയാരപ്പൻ ചാക്ക് തലയിൽ പിടിച്ചു വളപ്പിലോട്ട് ഓടി . ഞാൻ ചെറിയ പാലത്തിന്റെ അടിയിലേക്കും . ചെറിയ പാലം എനിക്ക് കുടയായി കുറച്ചുനേരം. കണ്ടനാർ തോട്ടിൽ കാലും മുഖവും കഴുകി ദൂരത്തേക്ക് കണ്ണുനട്ടു . അവിടെ ഇരുന്നുനോക്കിയാൽ പുലിക്കൽ കണ്ടം മുഴുവൻ കാണും . ആദ്യം കണ്ടത് നെൽകന്നിന്റെ മീതെ പാറി നടക്കുന്ന ഒരു കൂട്ടം തുമ്പികളേ , നല്ല വലുപ്പമുണ്ട് അവർക്ക് , ഒരു ചെറിയ ഹെലികോപ്റ്റർ നെൽകന്നിന്റെ മീതെ പോകുകയാണെ തോന്നൂ . പാടത്തു .  കെട്ടി നിർത്തിയ വെള്ളത്തിൽ നീരാടുന്ന കാക്കകളും പാറി കളിക്കുന്ന തവളകളും. മഴവന്നതുകൊണ്ടാവാം പൂത്താംകീരികൾ വൈധ്യുതി കമ്പിയിൽ ചിറകുകൾ കുടഞ്ഞു കൊണ്ടിരിക്കുന്നു. വരമ്പത്തു മുളച്ചുനിൽക്കുന്ന മുക്കൂറ്റിക്കലും തുമ്പപ്പൂക്കളും. അറ്റത്തെ വരമ്പത്താണെന്നു തോന്നുന്നു ചൊറിയൻ താളി പടർന്നു നിൽക്കുന്നുണ്ട്. ചൊറിയൻ  താളി  ഒരു  തരം  വള്ളി  ചെടിയാണ്, പുഴയിൽ കുളിക്കാൻ പോകുന്ന പെണ്ണുങ്ങൾ ചൊറിയനെ പറിച്ചു കൊണ്ടുപോകും , പുഴയെത്തിയാൽ പാറയിൽ ഉറച്ചു അതിനേറെ ചാറെടുത്തു തലയിൽ തേക്കും , തേച്ചാൽ ചൊറിയും , താരനുള്ള നാടൻ ചികിത്സായാണ് . ഈയൊരു വിശേഷമുള്ളതുകൊണ്ട് ചൊറിയന് ചെറിയ അഹംകാരമുണ്ട്, തന്നെയാണല്ലോ സ്ത്രീ ജനത്തിന് വേണ്ടതെന്ന്. പാടത്തേക്ക് ഒലിച്ചു വരുന്ന ചെറു ചോലകളിലേക്കായി പിന്നേ എൻ്റെ ശ്രദ്ധ. വെള്ളി തിളങ്ങുന്ന വെള്ളം , ഒന്നുറപ്പാണ് തുടർച്ചയായുള്ള മഴയിൽ ഭൂമിയുടെ ശുദ്ധ ജലത്തിൻറെ അളവ് കൂടിയിട്ടുണ്ട് . അതുകൊണ്ടാണ് വെള്ളം ഇത്ര തിളക്കത്തിൽ നീർച്ചാലിൽ വന്നു നിറയുന്നത്. കിഴക്കെ ഭാഗത്തു ശിവന്റെ ഒരു അമ്പലമുണ്ട്, ചുറ്റും നിൽക്കുന്ന മരങ്ങൾ തേവർക്ക് ഒരു പുതിയ ആകർഷണ വലയം
തീർക്കുന്നു. തുമ്പികളല്ലാത്ത ഒരു തരം ഈയ്യാം പാറ്റകൾ അന്തരീക്ഷത്തിൽ കളിക്കുന്നുണ്ട് , ചിലതിന്റെ ചിറകുകൾ മഴയുടെ ശക്തിയിൽ ഒടിഞ്ഞു വീഴുന്നു. ഒടിഞ്ഞു വീണ പാറ്റകൾ പാടത്തെ വെള്ളത്തിൽ ശവശരീരങ്ങളായി പൊങ്ങിതാണു. എൻ്റെ ഉള്ളിൽ ഒരു തേങ്ങൽ , നിമിഷ നേരത്തേക്ക് ജന്മവും മരണംവും കൈവരിച്ച ആ പ്രകൃതി മലരുകൾക്ക് ബാഷപാഞ്ജലികൾ. .

ചാമിയാരപ്പൻ വിളിച്ചു

എന്താ കുഞ്ഞേ , ഇവിടെ ഇരിക്കാണ്ണോ? മ്മക്ക് തേങ്ങ മുഴുവൻ റോഡിലേക്ക് എത്തിക്കണ്ടേ ?….. ”
വേണം ..
എന്നാൽ ഉത്സാഹിക്കൂ ………കുട്ടിക്ക് ഈ മഴയൊക്കെ പറ്റോ , ബാംഗ്ലൂരില് മഴ ഇല്ലല്ലോ ?..
ഇല്ല ചാമിയാരെ , മഴകൊണ്ടാൽ പനി പിടിക്കും എനിക്ക് … മഴ ഒന്ന് കുറയട്ടേ …

ചാമിയാർ മുത്തശ്ശന്റെ ശിഷ്യനാണ് , എണ്പതിൽ കൂടുതൽ പ്രായം, കറുത്ത പ്രകൃതം . എല്ലാ ദിവസവും ചാമിയാർ പുഴകടന്നു മാപ്പിളശ്ശേരിയിൽ പൊവ്വും , അവിടെ ചാമിയാർക്കു കുറേ കൂട്ടുകാരുണ്ട് , അവരുടെ ഒപ്പം കള്ളു മോന്തും , കള്ള് ശിരസ്സിനു പിടിച്ചാൽ ചാമിയാര് നടൻ പട്ടു പാടും പിന്നേ ചവിട്ടു കളിയും കളിക്കും. ഒരു ദിവസം ചാമിയാരോട് കുന്നുമേലെ മുത്തപ്പനാശാരി വെല്ലു വിളിച്ചുത്രേ , ഇത്രയും കള്ള് കുടിച്ചു നീ കുന്തി പുഴ കടന്നാൽ ഞാൻ നിനക്ക് രണ്ട് കലം കള്ള് അധികം വാങ്ങി തരും . നിറഞ്ഞൊഴുകുന്ന
പുഴയേ തൊഴുത് തേവരെ മനസ്സിൽ പ്രാർത്ഥിച്ചു ചാമി പുഴ നീന്തി അക്കരെ എത്തി, അവിടുന്ന് വിളിച്ചു പറഞ്ഞു

എടാ മുത്തപ്പാ നീ വെറും ആശാരിയാ , എന്നാലേ ഞാൻ ചെറുമ്മനാ…!!!!… ” .

മുത്തപ്പനാശാരി അടുത്ത ദിവസം ചാമിയാർക്ക് രണ്ടു കലം കള്ള് അധികം വാങ്ങിക്കൊടുത്തു.
മുത്തപ്പനാശാരി ഇടക്ക് വീട്ടില് പണിക്കു വരുമ്പോൾ മുത്തശ്ശനൊട് സ്വകാര്യത്തിൽ പറയും

അതേ മാഷെ , ങ്ങടെ ശിഷ്യൻ ഒട്ടും മോശക്കാരനല്ല , അവൻ ഏതു പുഴയും നീന്തി കിടക്കും

ആ ചാമിയാർക്കാണോ ഈ ചാറ്റൽ മഴ ഒരു പ്രശ്നം.

മൂന്ന്

മഴ കുറയുന്നമട്ടില്ല , ചാമിയാർ രണ്ടു ചാക്കുകൾ കൂടി റോഡിലേക്ക് എത്തിച്ചു , ഞാൻ മടിച്ചു പാലത്തിൻറെ അടിയിൽ തന്നെയിരുന്നു , എന്റെ കാഴ്ചകൾ തുടർന്നു.

പാടങ്ങൾക്കു കുറുകെയായി കരിമ്പനകളും പൂവരസ്സും . കരിമ്പനയിൽ ഒരുകൂട്ടം തത്തകൾ ഇരിക്കുന്നുണ്ട് , മഴയേ തത്തകൾക്കു പേടിയില്ല , പക്ഷേ ഇടി മിന്നലുകൾ പേടിയാണ്. പാടവരമ്പിലൂടെ കുറച്ചു പെണ്ണുങ്ങൾ കുളികഴിഞ്ഞു ഓടുന്നു മഴ കൊള്ളാതിരിക്കാൻ ചേമ്പിൻ ഇല പിടിച്ചിട്ടുണ്ട് .

കുഞ്ഞേ വാ പൂവ്വാം , തേങ്ങാ മുഴുവൻ റോഡിലേക്ക് എത്തിച്ചിട്ടുണ്ട് …. കുഞ്ഞിന്റെ പ്രശ്നം ഞാൻ പറയാം , ആരുമില്ലാത്ത തോന്നലാണെങ്കിൽ അതു കളയൂ , ചാമിയാരില്ലേ? വെള്ളിനേഴിയില്ലേ ? ………..

ആ ചെറുപാലവും വെള്ളിനേഴിയും ആയി പിന്നേ എൻ്റെ ലോകം . ഒരുപാട് രാത്രികളും പകലുകളും ഞാൻ ആ പാലത്തിൻറെ കീഴേ കഴിച്ചു കൂട്ടി , അപ്പോഴും കണ്ടനാർ തോട് ശാന്തമായി തന്നെ ഒഴുകി. ആഗോളവത്കരണവും ആധുനികതയും വെള്ളിനേഴിക്ക് ഒരു മാറ്റവും കൊണ്ടുവന്നില്ലാ, വന്നത് എനിക്കാണ് അല്പായുസ്സുള്ള ഭൂതഗണങ്ങൾ എന്നെ പൂജ്യമാക്കികൊണ്ടിരുന്നു .

വർഷങ്ങൾക്കു ശേഷം പുലിക്കൽ കണ്ടവും കുന്തിപ്പുഴയും കണ്ടപ്പോൾ മനസ്സിൽലുണ്ടായ ഒരു ആഹ്‌ളാദം , പക്ഷേ ഇന്ന് എനിക് ചെറു പാലത്തിന്റെ കീഴേ ഇരിക്കാൻ പറ്റില്ല , ഏറെ വാതമേറിയ കാലുകൾ അതിനു അനുവദിക്കില്ല.

തേവരുടെ ക്ഷേത്ര നടയിൽ ഒരു മയിൽ നൃത്തം ചെയ്യുന്നുണ്ട്, കാറിന്റെ ജനാലകൾ കയറ്റി ഞാൻ യാത്ര തുടർന്നു……….

അവനവന്റെ കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യർ സിദ്ധിയേ പ്രാപിക്കുന്നു
( ഭഗവത്ഗീതാ  ).

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

One comment

  1. വെള്ളിനേഴിയിൽ എവിടെയൊക്കെയോ നമ്മളുടെ ഒക്കെ ബാല്യകാല ഓർമ്മകൾ ഒളിച്ചിരുപ്പുണ്ട്… ഉൾക്കാഴ്ച വയ്ച്ചപ്പോൽ ഞാൻ പഴയ കൃഷ്ണനുണ്ണി ആയ പോലെ തോന്നുന്നു… എവിടെയോ ഒളിഞ്ഞിരുന്ന ആ ഓർമകൾ….. നന്ദി വിഷ്ണു

Leave a Reply

Your email address will not be published. Required fields are marked *