23 മെയ് 1945ല്‍ ആലപ്പുഴയില്‍ ഹരിപ്പാട് ജനനം – നാല്‍പ്പത്തി ആറാമാത്തെ വയസ്സില്‍ 24 ജനുവരി 1991ല്‍ അകാല മരണം. പ്രതിഭ മുഴുവന്‍ വിടരുന്നതിനു മുമ്പ് ഒരു നക്ഷത്രം പോലെയൊരുമാത്ര മിന്നി മറഞ്ഞു പോയ പ്രതിഭാശാലിയായിരുന്നു പദ്മരാജന്. ഭാര്യ – ചിറ്റൂര്‍, പാലക്കാട്ട്കാരി രാധാലക്ഷ്മി. മക്കള്‍ – അനന്തപദ്മനാഭനും മാധവികുട്ടിയും.
1975 മുതല്‍ 1991 വരെയുള്ള കാലമായിരുന്നു കർമോന്മുഖതയുടെ കാലം. തുണ്ടത്തില്‍ അനന്തപദ്മനാഭപിള്ളയും ഞാവറക്കല്‍ ദേവകിയമ്മയും അച്ഛനമ്മമാര്‍. പദ്മരാജന് എട്ടു സഹോദരങ്ങളടങ്ങുന്ന സാമാന്യം വലിയ കുടുംബവും ‘ഓണാട്ടുകര’ എന്ന ഗ്രാമവും ഗ്രാമഭംഗികളുമായിരുന്നു കൂട്ടിന്. ധാരാളം വായിക്കുന്ന അമ്മയും കവിതയെഴുതുന്ന അമ്മാവനും ചെറുപ്പത്തില്‍ പദ്മരാജന്റെ പ്രകൃതിസ്നേഹം വളരാന്‍ ഏറെ സഹായിച്ചു. കൂടാതെ അമ്മയുടെ സംഗീത പ്രേമവും വയലിന് വായനയും പദ്മരാജനില്‍ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങളും കുറിച്ചിട്ടു. പ്രകൃതിയും സാഹിത്യവും സംഗീതവും ചേര്‍ന്ന് പദ്മരാജനില്‍ ഒരു ചലച്ചിത്രകാരന്റെ ചെറുമുളകള്‍ ചെറുപ്പം മുതലേ പാകിയെന്നു പറയാം.
ആകശവാണിയില്‍ അനൗൺസര് ആയി ജോലിക്ക് ചേര്‍ന്നാണ് പദ്മരാജന് ജീവിതം തുടങ്ങുന്നത്. ഘനഗാംഭീര്യമുള്ള ശബ്ദം അദ്ദേഹത്തിന്റെ അനുഗ്രഹമായിരുന്നു. തൃശ്ശൂരില്‍ ആകാശവാണിയില്‍ കൂടെ അനൗൺസര് ആയി ജോലി ചെയ്തിരുന്ന രാധാലക്ഷ്മിയെ ജീവിതസഖിയായി കൂടെയെടുക്കാന്‍ ഇതൊരു കാരണവുമായി.
പദ്മരാജന് ഒരു ചെറുകഥാകൃത്തായിട്ടാണ് കലാജീവിതം തുടങ്ങിയത്. പ്രശസ്തമായ കുറെ കഥകളും(ജലപ്പിശാച്, അമൃതേത്തു, ആലപ്പുഴ, ചൂണ്ടല്‍, etc) പതിമ്മൂന്നു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നോവലുകളില്‍ വാടകയ്ക്ക് ഒരു ഹൃദയം, നക്ഷത്രങ്ങളെ കാവല്‍, ഉദകപ്പോള, പെരുവഴിയമ്പലം, ഋതുഭേദങ്ങളുടെ പാരിതോഷികം, രതിനിര്‍വേദം എന്നിവ എടുത്തു പറയാവുന്നവയാണ്. ഭരതന് സംവിധാനം ചെയ്ത ‘പ്രയാണം’ എന്ന തിരക്കഥ രചിച്ചു കൊണ്ടാണ് പദ്മരാജന് സിനീമാലോകത്തിലേക്ക് കാലെടുത്തു വെക്കുന്നത്. തന്റേതെന്ന് ഏറ്റുപറയണമെങ്കില്‍ ഒരു സിനിമയുടെ തിരക്കഥ തൊട്ട് സംവിധാനമടക്കമുള്ള നിര്‍മാണം സ്വന്തമായിരിക്കണമെന്നു പദ്മരാജന് വിശ്വസിച്ചു. മുപ്പത്തിയാറ് ചലച്ചിത്രങ്ങളാണ് പദ്മരാജന് നിര്‍മിച്ചതെന്നു പറയാവുന്നവ. അവയില്‍ പതിനെട്ടെണ്ണം തിരക്കഥയെഴുതി മറ്റു സംവിധായകര്‍ ചെയ്ത സിനിമകളാണ്. ഭരതന് ചെയ്ത പ്രയാണം(1975), രതിനിര്‍വേദം(78), തകര(79), ലോറി(80), ഈണം(83), ഒഴിവുകാലം(85), ഐ.വി.ശശി ചെയ്ത ഇതാ ഇവിടെ വരെ(78), വാടകയ്ക്ക് ഒരു ഹൃദയം(78), കൈകേയി(83), കാണാമറയത്ത്(84), കരിമ്പിന് പൂവിനക്കരെ(85); മോഹന്‍ സംവിധാനം ചെയ്ത കൊച്ചു കൊച്ചു തെറ്റുകള്‍(80), ശാലിനി എന്റെ കൂട്ടുകാരി(80), ഇടവേള(82); എന്‍. ശങ്കരന് നായര്‍ ചെയ്ത സത്രത്തില്‍ ഒരു രാത്രി(78); കെ.ജി. ജോര്‍ജ്ജ് ചെയ്ത രാപ്പാടികളുടെ ഗാഥ(78); കെ.എസ്. സേതുമാധവന് ചെയ്ത നക്ഷത്രങ്ങളെ കാവല്‍(78); ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാന്‍ കാലത്ത്(90) എന്നിവയാണ് പദ്മരാജന്റെ തൂലികയില്‍ പിറന്ന സിനിമകള്‍. ഇവയൊക്കെ സംവിധാനം ചെയ്തത് പദ്മരാജന് അല്ലെങ്കിലും ഇവയിലൊക്കെ ‘പദ്മരാജന് ടച്ച്’ നമുക്ക് കാണാവുന്നതാണ്.
പദ്മരാജന് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച സിനിമകളാണ് :
പെരുവഴിയമ്പലം(79), കള്ളന് പവിത്രന്(81), ഒരിടത്തൊരു ഫയല്വാന്(81), നവംബറിന്റെ നഷ്ടം(82), കൂടെവിടെ(83), പറന്നു പറന്നു പറന്നു(84), തിങ്കളാഴ്ച നല്ല ദിവസം( 85), ദേശാടനക്കിളി കരയാറില്ല(85), കരിയിലക്കാറ്റു പോലെ(86), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍(86), നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍(86), നൊമ്പരത്തി പൂവ്(87), തൂവാനത്തുമ്പികള്‍(87), അപരന്(88), മൂന്നാം പക്കം(88), സീസണ്(89), ഇന്നലെ(90), ഞാന്‍ ഗന്ധര്വന്(91).
വൈവിധ്യങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളും കഥാവിഷയങ്ങളും പദ്മരാജന്റെ സിനിമകളുടെ പ്രത്യേകതകളാണ്. പെരുവഴിയമ്പലം തൊട്ട് ഞാന്‍ ഗന്ധര്വന് വരെയുള്ള ചലച്ചിത്രങ്ങള്‍ പരിശോധിച്ചാല്‍ പടി പടിയായുള്ള ഒരു സിനിമാകാരന്റെ വളര്‍ച്ച നമുക്ക് കാണാറാവും. ഒരു സാധാരണ പയ്യന് തന്റെ പെങ്ങളെ ഉപദ്രവിച്ച ചട്ടമ്പിയെ കുത്തി വീഴ്ത്തി അപ്രതീക്ഷിതമായി നാട്ടുകാരുടെ ഹീറോ ആവുന്ന ആദ്യ ചിത്രം പെരുവഴിയമ്പലം എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. അത് പോലെ കള്ളന് പവിത്രന്, ഒരിടത്തൊരു ഫയല്വാന് എന്നീ ചിത്രങ്ങള്‍ അന്നുവരെ മലയാള സിനിമകള്‍ കടന്നു ചെല്ലാത്ത മേഖലകളില്‍ ചെന്ന് സിനിമയെന്ന മാധ്യമത്തെ പരമാവധി പ്രയോജനപ്പെടുത്തി നിര്‍മിച്ച ചലച്ചിത്ര കാവ്യങ്ങളാണ്. പ്രേമത്തിന്റെയും സ്നേഹത്തിന്റെയും വ്യതസ്ത മാനങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്നു പറന്നു പറന്നു, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തി പൂവ്, തൂവാനത്തുമ്പികള്‍ എന്നീ സിനിമകള്‍. വൃദ്ധസദനങ്ങളെ ആശ്രയിക്കുന്ന ഇന്നത്തെ തലമുറയെ എന്നും അലോസരപ്പെടുത്തുന്ന ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. രണ്ടു പെണ്‍കുട്ടികളുടെ അസംതൃപ്തിയുടെ കുടുംബ പശ്ചാത്തലവും തുടര്‍ന്നുള്ള സ്വവര്‍ഗ സ്നേഹങ്ങള്‍ വരെ സൂചിപ്പിച്ച കഥയാണ് ദേശാടനക്കിളി കരയാറില്ല. വിദഗ്ധമായി ആവിഷ്കാരം നടത്തിയ ഒരു കുറ്റാന്വേഷണകഥയും തുടര്‍ന്നു സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വിചിത്ര വഴികളും കാണിച്ചു തരുന്ന മഹത്തായ ചലച്ചിത്രമാണ് കരിയിലക്കാറ്റു പോലെ. വേണ്ടത്ര ശ്രദ്ധ കിട്ടിയോ എന്ന് സംശയം തോന്നിയ സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. നഗരത്തില്‍ നിന്ന് നാല് ചെറുപ്പക്കാര്‍ ഗ്രാമത്തിലെ വേശ്യാലയത്തില്‍ എത്തിപ്പെടുന്നതും അതില്‍ ഒരു യുവാവിനു ഒരു പെണ്കുട്ടിയോടുണ്ടായ അനുരാഗവും പിന്നീടത് മുസ്ലിം-ഹിന്ദു വര്‍ഗീയ കലാപമായി മാറുന്ന കഥ ഒരു പക്ഷെ എല്ലാ ഗ്രാമങ്ങളിലും ഒളിച്ചിരിക്കുന്ന കഥാമുഹൂര്‍ത്തങ്ങളാണ്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്പന്ദനം അറിയാന്‍ ഉപകരിക്കുന്ന ശക്തമായ തീം ഈ സിനിമ കൈകാര്യം ചെയ്യുന്നു. അറിയപ്പെടാതെ കിടന്ന ഒരു കഥ(എം.കെ.ചന്ദ്രശേഖരന്റെ ശത്രുവിന്റെ മരണം) പുതിയ ഭാവുകത്വത്തോടെ അവതരിപ്പിച്ച സിനിമയാണ് അപരന്.
ജയറാം എന്ന അനുഗ്രഹീത കലാകാരന് ഈ സിനിമീയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. മൂന്നാം പക്കം, സീസണ്, ഇന്നലെ എന്നീ സിനിമകളിലെ പ്രമേയങ്ങളും ഒന്നിനൊന്നു മികച്ച കലാസൃഷ്ടികളായി അഭ്രപാളിയില്‍ അവതാരമെടുത്തുവെന്നത് നിസ്തര്‍ക്കമായ കാര്യം തന്നെ. പദ്മരാജന് ചെയ്ത അവസാന ചിത്രമാണ് ഞാന്‍ ഗന്ധര്വന്. സിനിമയുടെ ആദ്യ നിര്‍മാണ ഘട്ടങ്ങളില്‍ ഭൂമിയില്‍ അവതരിക്കുന്ന ഗന്ധര്‍വനും തുടര്‍ന്നുള്ള പ്രണയവും സംഗീതവുമൊക്കെ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ സിനിമയായി പുറത്തു വന്ന ശേഷം അതൊരു അഭ്രകാവ്യമായി പ്രേക്ഷകര്‍ ഒന്നടങ്കം വരവെല്ക്കുകയുണ്ടായി.
പദ്മരാജന്റെ എല്ലാ ചിത്രങ്ങളും ലോക സിനിമയോട് കിട പിടിക്കുന്ന ക്ലാസ്സിക്കുകളാണ്. സിനിമാലോകത്ത് ആധുനികതയുടെ പുതിയ വഴിത്താര തെളിയിച്ച ചലച്ചിത്രകാരനായി പദ്മരാജന് എന്നും ഓര്‍മിക്കപ്പെടും.