മലയാള സിനിമാലോകത്തിലെ മറ്റൊരു അനുഗ്രഹീത സിനിമാസംവിധായകനാണ് ശ്രീ. ഹരിഹരൻ. 1965ലാണ് ഒരു സഹസംവിധായകന്റെ മേലങ്കിയണിഞ്ഞ് സിനിമാലോകത്തിലേക്ക് കടന്നു വരുന്നത്. 1973ൽ സ്വതന്ത്രമായി ആദ്യ ചലച്ചിത്രം നിർമ്മിച്ചു – “ലേഡീസ് ഹോസ്റ്റൽ”. ഒരു നടനാവാൻ മോഹിച്ചു മദ്രാസിലെത്തിയ ഹരിഹരൻ ബഹദൂർ എന്ന പ്രശസ്ത നടന്റെ ഉപദേശത്തിനുവഴങ്ങിയാണ് സിനിമകളിൽ സഹസംവിധായകനായി ജോലി തുടങ്ങിയതെന്ന് ഹരിഹരൻ തന്നെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
ആദ്യ 25 സിനിമകളിലും പ്രേംനസീർ ആയിരുന്നു നായകൻ(പ്രേംനസീർ നായകനായി അഭിനയിച്ച രാജഹംസം തുടങ്ങിയ ചിത്രങ്ങൾ). എങ്കിലും ഹരിഹരസുദനം കേൾക്കുന്ന മലയാളി പ്രേക്ഷകന്റെ ഓർമ്മയിൽ വിരിയുക അദ്ദേഹം എം. ടി. വാസുദേവൻ നായരുമായി കൂട്ടുചേർന്ന് ചെയ്ത ചലച്ചിത്രങ്ങളായിരിക്കും. തിരക്കഥ എം. ടി.യും സംവിധാനം ഹരിഹരനുമായാൽ ഒരു ഇതിഹാസ സിനിമയുടെ പിറവിയായി എന്നൊരു കാലം വന്നു. ഇടവഴിയിലെ പൂച്ച – മിണ്ടാപ്പൂച്ച, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, ആരണ്യകം, പരിണയം, അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ, ഏഴാമത്തെ വരവ് – തുടങ്ങിയവ ഈ കൂട്ടുകെട്ടിൽ പിറന്ന അപൂർവ്വ അഭ്രകാവ്യങ്ങളാണ്. എം. ടി – ഹരിഹരൻ മാജിക്ക് ഫലവത്താവാൻ പാകത്തിൽ അവയിലെ സംഗീതവും പ്രശസ്തിയാർജ്ജിച്ചതായി. ഒ.എൻ.വി – ബോംബ രവി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ അവയുൾക്കൊള്ളുന്ന സിനിമകളിലെ അവിഭാജ്യ ഘടകങ്ങളായി പ്രകീർത്തിക്കപ്പെട്ടു. ഇതിൽ ആദ്യ സിനിമ “ഇടവഴിയിലെ പൂച്ച – മിണ്ടാപ്പൂച്ച”(Alley cat, Silent cat) അഭിനയമുഹൂർത്തങ്ങൾ കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പുകൊണ്ടുമൊക്കെ പ്രശസ്തിയാർജ്ജിച്ച ചിത്രമായി മാറി. ശ്രീവിദ്യയും മധുവും സോമനും മറക്കാനാവാത്ത ഭാവ അഭിനയം കാഴ്ച്ച വെച്ച സിനിമയയിരുന്നു അത്. ഈ ചലച്ചിത്രം തന്നെയാണത്രെ ഹരിഹരന് ചലച്ചിത്രലോകത്തിൽ ഒരു പുതിയ ദിശാബോധമുണ്ടാക്കികൊടുത്തത്.
വിഷ്വൽസിനേക്കാൾ കഥാപാത്രങ്ങളുടെ ഇമോഷൻസിനു പ്രാധാന്യം നൽകണം എന്ന് അദ്ദേഹം പഠിച്ചെടുത്തത് എം. ടി. യുടെ തിരക്കഥകളിലൂടെയാണെന്ന് ഹരിഹരൻ പറയുന്നു. ഈ ചിത്രത്തിലെ യൂസഫലി കേച്ചേരിയുടെ ഗാനങ്ങളും എം. ബി. ശ്രീനിവാസന്റെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. മൂന്നു സംസ്ഥാന അവാർഡുകൾ ഈ ചിത്രം കരസ്ഥമാക്കി. അതിനുശേഷം, എം. ടി. യുടെ തന്നെ താരതമ്യേന ആദ്യമെഴുതിയ ചെറുകഥ – വളർത്തുമൃഗങ്ങൾ – സംവിധാനം ചെയ്തു. എം. ടി. തന്നെ ഗാനരചന നിർവ്വഹിച്ച ഈ സിനിമ മമ്മുട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രമായി മാറി. പിന്നീടാണ് സംഗീതപ്രാധാന്യത്തോടേ ചെയ്ത ‘സർഗ്ഗം’, എം. ടി. യുടെ തിരക്കഥയിൽ പിറന്ന ‘നഖക്ഷതങ്ങൾ’, ‘പഞ്ചാഗ്നി’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുന്നത്. വിനീതും മോനിഷയും പ്രധാനകഥാപാത്രങ്ങളായി വന്ന ‘നഖക്ഷതങ്ങൾ’, ഗീതയും മോഹൻലാലും അഭിനയിച്ച ‘പഞ്ചാഗ്നി’ എന്നീ ചിത്രങ്ങൾ ബോക്സോഫീസിലും ഹിറ്റുകളായിരുന്നു. പഴശ്ശിരാജയും വടക്കൻ വീരഗാഥയും മമ്മുട്ടിയുടെ അഭിനയം മുഴുവനായി കവർന്നെടുത്ത സിനിമകളായിരുന്നു. ഏറ്റവുമൊടുവിൽ ചെയ്ത ‘ഏഴാമത്തെ വരവ്’ എം. ടി. യുടെ തന്നെ ഒരു ചെറുകഥ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. കാലികപ്രസക്തിയുള്ള സന്ദേശം ഈ സിനിമയിൽ ഉണ്ടായിട്ടും (പരിസ്ഥിതിയ്ക്കു മേലുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങൾ) സിനിമ വലിയ വിജയമായില്ല.
‘രണ്ടാമൂഴം’ എം. ടി. യുടെ തന്നെ ഘോഷിക്കപ്പെട്ട നോവൽ ഗോകുലം ഗോപാലനുമൊത്ത് പ്രാഥമിക ചർച്ച വരെകഴിഞ്ഞ് നിർമ്മാണം ആരംഭിക്കാനിരുന്നതായിരുന്നു ഹരിഹരൻ. പക്ഷെ ഈ സിനിമ നിർമ്മിക്കാനുള്ള ഭാഗ്യം ഹരിഹരനുണ്ടായില്ല.
മൂന്നു തവണ ദേശീയ അവാർഡുകളും ആറുതവണ സംസ്ഥാന അവാർഡുകളും ഹരിഹരനു ലഭിക്കുകയുണ്ടായി.