കള്ളുമോന്തിയ കൃഷ്ണൻ

ഒരു ദിവസം ദേശത്തെ കണക്കു ബോധിപ്പിക്കാൻ അംശം മേനോൻ മനക്കലെത്തി , തമ്പുരാനെ കാണണം എന്ന് ആഗ്രഹം പറഞ്ഞു .

തമ്പുരാൻ മേനോനെ കാത്തിരിക്കുന്നു , മുകളിലുണ്ട്
ശരി തമ്പുരാട്ടി

മുകളിലെ തൻ്റെ മുറിയിൽ അഞ്ചാം തമ്പുരാൻ വിശ്രമിക്കുന്നു. മേനോനെ കണ്ടതും തമ്പുരാൻ പ്രസന്നനായി .

ഞാൻ മേനോനെ കാത്തിരിക്കുകയായിരുന്നു

മേനോൻ കണക്കുവഹകളൊക്കെ തമ്പുരാന്റെ മുന്നിൽ ഹാജരാക്കി

ഇതിനല്ല മേനോനെ ഞാൻ തന്നെ കാത്തിരുന്നേ !!!!!!!!!!
പിന്നെ എന്തിനാ അങ്ങുന്നേ
എനിക്കൊരാഗ്രഹം , ഒരു കഥകളി കാണാൻ
അതിനെന്താ തമ്പ്രാ , തെക്കൻ കാവിൽ കളിയുണ്ടെന്ന് വരുമ്പോൾ ചെണ്ടകൊട്ടി അറിയിക്കുന്നത് കേട്ടു !
എന്നാ മേനോനെ നമ്മുക്കൊന്ന് പോയാലോ ? ….
അങ്ങയുടെ ആഗ്രഹം പോലെ

അഞ്ചമ്പ്രാൻ പല്ലക്കിലും മേനോൻ തൻ്റെ കുതിരപ്പുറത്തും തെക്കൻ കവിലേക്ക് യാത്ര തിരിച്ചു . രണ്ടു ദേശം കടക്കണം തെക്കൻകാവ് എത്താൻ. പോണവഴിക്കു വിശ്രമിക്കാൻ നിന്നപ്പോൾ അഞ്ചമ്പ്രാൻ ചോദിച്ചു

എന്താ മേനോനെ കഥ ? ”
കുചേലവൃത്തം
അതിപ്പോ കേമായിരിക്കണു , കുറേ ദിവസായിട്ട് ന്റെ ഉള്ളില് കൃഷ്ണനാ , ഗുരുവായൂര് പോണെന്ന് നിരീച്ചതാ , തനിക്ക് മുറുക്കാൻ വേണോ ? ”
അടിയന്റെ കയ്യിൽ ഉണ്ട്
ആരാ കൃഷ്ണൻ കേട്ടണേ ?
അങ്ങ് തെക്കുന്നു വന്ന കേളുവാ
ഭലേ !!!

അവർ യാത്രതുടർന്നു , ദേശങ്ങളിലേ ഇടവഴികൾ അവരെ വരവേറ്റു , തെക്കൻ കാവിലെത്തിയപ്പോൾ കളിക്കുമുൻപായിട്ടുള്ള കേളികൊട്ട് നടക്കുന്നു . തമ്പുരാന്റെ വരവറിഞ്ഞു എല്ലാവരും അക്ഷമരായി . അദ്ദേഹത്തെ വരവേറ്റു .

കേളുവാണല്ലേ കൃഷ്ണൻ ? ”
അതെ അങ്ങുന്നേ !!!

തമ്പുരാൻ അണിയറിലേക്ക് പോയി , കൃഷ്ണ വേഷം മാത്രം കണ്ടില്ല . ഒരു ചുറ്റിക്കാരന് പറഞ്ഞു

കേളുവാശാൻ പിന്നാപുറത്തെ വരമ്പിലുണ്ട്

തമ്പുരാനും മേനോനും പിന്നാപുറത്തേക്ക് പോയി . അവിടെ കൃഷ്ണ വേഷം കള്ളുമോന്തുന്നു . അതും നല്ല അന്തികള്ള് .

തമ്പുരാനെ കണ്ടതും കൃഷ്ണവേഷം ഒന്ന് പരുങ്ങി .

കൃഷ്ണന് വെണ്ണയല്ലേ പ്രിയം മേനോനെ ?
അതെ

കേളുവാശാൻ എന്താ ചെയ്യണ്ടെന്നറിയാതെ നിന്നു . തമ്പുരാൻ തുടർന്നു

സാരല്ല്യ , മധുരയിലെ രാജാവല്ലേ ? കുറച്ചൊക്കെ സോമരസം കുടിക്കുന്നതുകൊണ്ട് തെറ്റില്ല

കൃഷ്‌ണവേഷം ചിരിച്ചു , തൊഴുതു . തമ്പുരാനും തൊഴുതു .

കളി കഴിഞ്ഞുപോകുമ്പോൾ തമ്പുരാൻ കേളുവിനെ അടുത്തേക്ക് വിളിച്ചു

ഗംഭീരം , ഞാൻ അടുത്തിടെ ഇങ്ങനെ ഒരു കൃഷ്ണനേ കണ്ടട്ടില്ല

തന്റെ കയ്യിലെ ഒരു സ്വർണ്ണ മോതിരം ആശാന് കൊടുത്തു

കേളു കുടിക്കുന്നതുകൊണ്ട് തെറ്റില്ല , അധികമാവരുത് ട്ട്വോ ? നല്ല കഴിവുണ്ട് , അത് കളഞ്ഞുമുടിക്കരുത്

കേളു വണങ്ങി

ഇനി ഉണ്ടാവില്ല തമ്പ്രാൻ

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

പുതിയകഥ

ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഞാൻ ചാടി എഴുനേറ്റു , നോക്കുംബോൾ എല്ലാവരും നല്ല ഉറക്കം , അവർ ഉച്ചത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *