ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – കെ.ജി. ജോർജ്ജ്

KG George
KG George

‘യവനിക’യെന്ന, സിനിമാലോകത്തിൽ പുതിയ മാറ്റങ്ങൾക്കു പ്രേരണയായ ചലച്ചിത്രം രൂപംകൊണ്ടിട്ട് 35 വർഷം പൂർത്തിയായത് കഴിഞ്ഞ ഏപ്രിൽ 30ന് ആണ്. 1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ തുടങ്ങി 1998ൽ പുറത്തിറങ്ങിയ ‘ഇളവങ്കോട് ദേശം’ വരെ 19 ചിത്രങ്ങളാണ് ജോർജ്ജ് എന്ന സിനിമാക്കാരന്റെ ചില ചിത്രങ്ങൾ.

75ലാണ് അരവിന്ദന്റെ ‘ഉത്തരായനം‘ പുറത്തിറങ്ങുന്നത്. അതിൽ നിന്നുൾക്കൊണ്ട ആവേശമാണോ എന്നറിയില്ല, അതിലെ പുതുമുഖനായകൻ ഡോ. മോഹൻ ദാസിനെ നായകനാക്കിയെടുത്ത ‘സ്വപ്നാടനവും‘ പേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. ശ്രീ. പമ്മനുമൊത്തു തിരക്കഥയെഴുതി ജോർജ്ജ് സംവിധാനം ചെയ്ത ‘സ്വപ്നാടനത്തിൽ‘ റാണിചന്ദ്രയെന്ന അനുഗ്രഹീതകലാകാരിയും അഭിനയിക്കുകയുണ്ടായി(അവർ ചെറുപ്രായത്തിൽത്തന്നെ വിമാനാപകടത്തിൽ മരിച്ചുപോയി എന്നത മറ്റൊരു ദുഃഖസത്യം).

കാക്കനാടന്റെ തിരക്കഥയിൽ പിറന്ന ‘ഓണപ്പുടവ(78), വ്യാമോഹം, മണ്ണ്(78), ഇനി അവർ ഉറങ്ങട്ടെ(78), രാപ്പാടികളുടെ ഗാഥ(78), ഉപ്പുകടൽ(79), മേള(80), കോലങ്ങൾ(81), യവനിക(82), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്(83), ആദാമിന്റെ വാരിയെല്ല്(83), പഞ്ചവടിപ്പാലം(84), ഇരകൾ(85), കഥയ്ക്കു പിന്നിൽ(87), മറ്റൊരാൾ(88), ഈ കണ്ണി കൂടി(90), ഒരു യാത്രയുടെ അന്ത്യം(88) എന്നിവയാൺ് മറ്റു സിനിമകൾ.

ജോർജ്ജിന്റെ ജനനം 1946ൽ തിരുവല്ലയിൽ. ഭാര്യ ഒരു നല്ല പാട്ടുകാരികൂടിയായ സല്മ ജോർജ്ജ്. മനുഷ്യമനസ്സുകളും അവയുടെ മനഃശ്ശാസ്ത്രവും ജോർജ്ജിന്റെ കഥാമൂലധനങ്ങളായിരുന്നു. ‘സ്വപ്നാടനത്തിൽ‘ അത് കുറേയധികം ജ്വലിച്ചുകാണുകയും ചെയ്തു. ഇന്ത്യൻ സിനിമാലോകത്തുതന്നെ തിളങ്ങിനിന്ന വേണു നാഗവള്ളിയും ശോഭയുമൊത്തു ചെയ്ത ‘ഉൾക്കടൽ‘ പ്രേമകഥയുടെ ഭാവതീവ്രതമുഴുവൻ ഉൾക്കൊണ്ട് നിർമ്മിച്ച പടമാണ്. അതിലെ എം. ബി. ശ്രീനിവാസൻ ചെയ്ത ഗാനങ്ങളൊക്കെ ശ്രദ്ധേയങ്ങളായി.

a Scene from 'Yavanika'
a Scene from ‘Yavanika’

‘യവനിക’യാണ് ജോർജ്ജിന്റെ മാസ്റ്റർപീസ് സിനിമ. പുതിയ വഴിത്താരയിലൂടെ വെളിച്ചം വിടർന്ന അസാധാരണമായ കുറ്റാന്യേഷണകഥയിൽ ഒരു നാടകവും നാടകട്രൂപ്പും ഭംഗിയായി പശ്ചാത്തലമൊരുക്കി, മിഴിവുള്ള കഥാപാത്രങ്ങളായി ഭരത് ഗോപി, തിലകൻ, നെടുമുടി വേണു, ജലജ്, വേണു നാഗവള്ളി, അശോകൻ തുടങ്ങിയവർ അഭിനയിച്ച ഈ ചലച്ചിത്രം ഇന്ത്യൻ ചലച്ചിത്രലോകത്തു തന്നെ പുതിയ വ്യാകരണത്തിനു നിർവചനം കൊടുത്തു. തുടക്കത്തിൽതന്നെ മരണപ്പെട്ടുപോയ തബലിസ്റ്റ് ‘അയ്യപ്പ’നെ(ഭരത് ഗോപി) അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടറായി മമ്മുട്ടിയും(ജേക്കബ് ഈരാളി) അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു. ഇതിനു മുൻപ് ജോർജ്ജിന്റെ ‘മേള‘യിൽ മമ്മുട്ടി അഭിനയിക്കുകയുണ്ടായി. സിനിമയുടെ തിരക്കഥ പ്രശസ്ത നാടകകൃത്തായ എസ്. എൽ. പുരം സദാനന്ദന്റേതാണ്. കഥപറച്ചിലിലെ ഒഴുക്കിനും ഒതുക്കത്തിനും ഉദാഹരണമായി എന്നും എടുത്തുകാണിക്കാവുന്ന അഭ്രകാവ്യമായി ‘യവനിക‘ ഇന്നും മാറിനിൽക്കുന്നു. ഈ ചിത്രം ബോക്സോഫീസിൽ ഹിറ്റായിമാറിയെന്നത് സ്വാഭാവികം മാത്രം.

ശ്രീ. കെ. ജി. ജോർജ്ജ് കാലത്തിനുമുൻപേ നടന്ന നിനിമാ സംവിധായകനാണ്. പല സംവിധായകരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് സിനിമാപാഠങ്ങൾ പഠിക്കുകയുണ്ടായി. വേറിട്ട ഭാവവും, രൂപവും, നിറവും, സംഗീതവും തന്റെ ചലച്ചിത്രങ്ങൾക്കു നൽകുവാൻ ജോർജ്ജ് എന്നും ശ്രദ്ധിച്ചുപോന്നു.

images from: blogs.timesofindia.indiatimes.com/ ,  nowrunning.com

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര …

Leave a Reply

Your email address will not be published. Required fields are marked *