അനിത വിളിച്ചപ്പോഴായിരുന്നു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. ഇന്ന് അവധിയായതു കൊണ്ടു കുറെ നേരം ഉറക്കി. വീണ്ടും ഞാൻ ഉറക്കത്തിന്റെ ആലസ്യത്തിലേക്കു മടങ്ങുമ്പോൾ അവൾ ചായയുമായി വന്നു. ഇന്ന് പ്രോഗ്രാമുള്ളകാര്യം എന്നെ ഓർമ്മിപ്പിച്ചു. എന്റെ അടുത്തിരുന്നവൾ എന്നെ മെല്ലെ ഉണർത്താൻ ശ്രമിക്കുമ്പോഴായിരുന്നു, ചുട്ടു പൊള്ളുന്ന പനിയാണെന്നറിഞ്ഞത്…. ഇന്നത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്തേക്കന്നു പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി… കൂടെ എന്റെ ഓർമ്മകൾ പത്തു മുപ്പതു വർഷങ്ങൾ പുറകിലോട്ടും..
ആദ്യമായി ആ കലാലയ മുറ്റത്തേക്ക് അവൾ കുന്നുകയറിവന്നതും മെല്ലെ മെല്ലെ ഞങ്ങൾ സുഹൃത്തുക്കൾ ആയതും.. വിശാലമായ ക്യാമ്പസിൽ ഞങ്ങൾ എവിടെയെങ്കിലും ഒരുപാട് സമയം സംസാരിച്ചിരിക്കുമായിരുന്നു.. പിന്നെ പതിയെ പതിയെ എന്നെക്കൂടാതെ അവൾകുന്നിറങ്ങാതെയായി. ബോധിയും ബുദ്ധനും ഞങ്ങളുടേതായി.
അവളുടെ സ്വപ്നങ്ങൾ എന്റേത് കൂടിയായി……. പിന്നെ ഞങ്ങളുടെ സ്വപ്നങ്ങൾ ഒന്നായി… രണ്ടുസമാന്തര രേഖകളായി… പിന്നെ ഞങ്ങൾ പോലും അറിയാതെ എപ്പോഴോ അതൊരു നേർരേഖയായി…… പിന്നീടുള്ള യാത്ര ഒരുമിച്ചായിരുന്നു… അന്നും… ഇന്നും..
ഞാൻ പോലും അറിയാതെ അവൾ എന്റെ ഹൃദയത്തിന്റെ ആർദ്രതയിൽ അരങ്ങേറ്റം കുറിച്ചു….. ഒരു കവിതയായി എന്നിൽ അലിഞ്ഞു ചേർന്നു. എന്റെ മനസ്സിൽ നൊമ്പരകളിൽ, വേദനകളിൽ ഒരു മഴയായി പെയ്തിറങ്ങിയ അവൾ കലാലയത്തിൽ ഒരു തിളങ്ങുന്ന താരമായിരുന്നു. സമ്മാനങ്ങൾ വാരിക്കൂട്ടി.. അതെല്ലാം എനിക്കു തരണമെന്ന് അവൾക്കു അന്നും ഇന്നും നിർബന്ധമായിരുന്നു.. പിന്നീട് ചിലങ്ക അണിയുന്നതും…. ആടയാഭരണകൾ അണിയുന്നതും….. വർണശോഭയാർന്ന നൃത്ത വസ്ത്രങ്ങൾ ഉടുത്തൊരുങ്ങിയതും.. പിന്നെ എല്ലാം മറന്നു നൃത്തം വെക്കുന്നതും, എനിക്കുവേണ്ടിയായിരുന്നു… എനിക്കു വേണ്ടി മാത്രം…. ഞാൻ ഇല്ലാത്ത വേദികളിൽ അവൾ ചുവടുകൾ വെക്കാറില്ല… ശീലിച്ചു പോന്നതുകൊണ്ടാവാം…ഇന്നവൾ വിചാരിച്ചാലും അവൾക്കതിനു കഴിയില്ല.
അന്നു നടന്ന ഒരു സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു.. ഞാൻ എന്തോ അടിയന്തിര പ്രശ്നത്തിന് അന്നു കോളേജിൽ അവളുടെ പ്രോഗ്രാമിന് വന്നില്ല… അന്നവൾ നൃത്തം ചെയ്തില്ല… ചമയങ്ങൾ അണിഞ്ഞില്ല…..ഇന്നും അവൾക്കൊരു മാറ്റവുമില്ല… ഞാൻ അവളോട് ഒരുപാടുതവണ പറഞ്ഞതാണ് ഒരു മാനേജരെ നിർത്താൻ….കൂട്ടാക്കിയില്ല.. ഞാനാണു അന്നും ഇന്നും അവളുടെ മാനേജരും, പ്രോഗ്രാം കോർഡിനേറ്ററും എല്ലാം……
അവിടുത്തെ നീളൻ വരാന്തകളിൽ ഒപ്പം നടന്നതും പ്രണയം പങ്കിട്ടതും.. വരാന്തകൾക്കൊടുവിലെ ചായം തേച്ച കൽത്തൂണുകൾക്കു മറവിൽ മറഞ്ഞിരുന്നു നമ്മൾ സ്വപ്നം കാണുമ്പോഴും നിനക്ക്, നമുക്ക് പിറക്കാനിരിക്കുന്ന കുട്ടികൾക്കുമപ്പുറം മറ്റു സ്വപ്നങ്ങൾ ഇല്ലായിരുന്നു.
സയൻസ് ലാബിൽ കീറിമുറിക്കുന്ന ജീവജാലകകളുടെ ദീന രോദനകൾക്കു കാതോർക്കാതെ…. എന്റെ ഹൃദയസ്പന്ദനത്തിന്നു അന്നും നീ കാതോർക്കുമായിരുന്നു…..
എന്നെ വായിക്കാൻ പഠിപ്പിച്ചതും.. പ്രണയിക്കാൻ പഠിപ്പിച്ചതും നീയായിരുന്നു….
ഒരിക്കൽ അവളുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു…. അതും അവസാന വർഷം…… അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരച്ഛന്റെ വേദനയും നൊമ്പരവും നിസ്സഹായതയും ഉണ്ടായിരുന്നു…… അതിലേറെ നിറയെ ശരികളും……. നർത്തകിയും പാട്ടുകാരിയും.. എഴുത്തുകാരിയും ആയമകളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ മോഹിച്ച ഒരു പാവം അച്ഛൻ.. ഒരു പക്ഷെ എന്നെ കുറെ ശപിച്ചിട്ടുണ്ടാവും….. അന്നു എല്ലാം വിട്ടെറിഞ്ഞുപോകണമെന്ന് എനിക്കു തോന്നി…… പക്ഷെ എനിക്കറിയാം അതുകൊണ്ടു അവളിൽ പ്രത്യകിച്ചും മാറ്റങ്ങൾ ഒന്നും വരാൻ പോവുന്നില്ല….. ചിലപ്പോൾ അവൾ എല്ലാം ഉപേക്ഷിക്കും… ചിലങ്കയും… പേനയും… സംഗീതവും…. എല്ലാം… പിന്നെ ഞാൻ തിരിച്ചു വന്നാൽ പോലും അവൾ അതൊന്നും തിരിച്ചെടുക്കില്ല…..
അടുത്ത കൂട്ടുകാരിൽ പലരും ചോദിച്ചിരുന്നു എന്തിനാണ് നീ അവളുടെ ഭാവി കളയുന്നതെന്നു….
പക്ഷെ ഞാൻ ഏതൊക്കെ പറഞ്ഞാലും അവൾ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു….. അതൊരിക്കലും അവളുടെ വാശിയല്ലായിരുന്നു… എന്നോടുള്ള അഭിനിവേശമായിരുന്നു… എനിക്കുപോലും മനസ്സിലാവാത്ത എന്നോടുള്ള കടുത്ത ആരാധന…..
പിന്നെ അവസാനം ആ കലാലയത്തിന്റെ നല്ല ഓർമ്മകളുമായി അവൾ കുന്നിറക്കിയത് എന്റെ വർണ്ണാഭമാല്ലാത്ത ജീവിതത്തിലേക്ക് വർണ്ണകൾ വാരിവിതറികൊണ്ടാണ്… സംഗീതവും നിർത്താവും താള മേളകളും അധികമാളുകളുമില്ലാത്ത ഒരു ചെറിയ ചടങ്ങ് അതായിരുന്നു ഞങ്ങളുടെ വിവാഹം.
ഞാൻ ഒന്നുമല്ലാതിരുന്നിട്ടും… നീ എല്ലാ മായിരുന്നിട്ടും… ഞാൻ ഇന്നും ആശ്ചര്യപെടാറുണ്ട്… ഒരു വലിയ നർത്തകി.. കലാകാരി..നല്ല വായനക്കാരി…. എഴുത്തുകാരി…. പാട്ടുകാരി… അങ്ങനെ സകലകലാവല്ലഭ..
എന്റെ എളിയ ജീവിതത്തിൽ.. ചെറിയ സ്വപ്നങ്ങളിൽ വീർപ്പുമുട്ടുന്നോണ്ടോ…. അവളെ അവളുടേതായ ലോകത്തേക്ക് എന്നെ തുറന്നുവിടേണ്ടയിരുന്നോ?
ഞാൻ എന്തിനായിരുന്നു അവളെ എന്റെ നിറം മങ്ങിയ ജീവിതത്തിലേക്ക്… തീരാത്ത പ്രാരാബ്ധങ്ങളിലേക്കു കൈപിടിച്ച് കുന്നിറക്കിയത്…
പക്ഷെ നിനെക്കെന്നും എന്റെ വിരിഞ്ഞ മാറിൽ ചേർന്ന് കിടന്നു എന്റെ ഹൃദയസ്പന്ദനങ്ങൾ കേട്ടുറങ്ങാനായിരുന്നു ഇഷ്ട്ടം… എന്റെ ശരീരത്തിൽ.. എന്റെ പൗരുഷത്തിൽ ലയിച്ചവശയാവാൻ നിനെക്കെന്നും കൊതിയായിരുന്നു…. ഒരിക്കലും മതിവരാത്ത കൊതി…. എന്റെ വീർപ്പിന്റെ ഗന്ധം നിനക്കെന്നും ലഹരിയായിരുന്നു… നീ എനിക്കെന്നും കാഴ്ചവെച്ചതും സമ്മാനിച്ചതും യൗവനം മാത്രം… നീ നമ്മുടെ സ്വകാര്യതയിൽ എന്റെ ശരീരത്തിൽ.. നിന്റെ യൗവനം ആടിത്തിമർകുമ്പോൾ… പിന്നെ അടയാഭരണകൾ…. വേഷഭൂഷാതികൾ… അഴിച്ചു മാറ്റുമ്പോൾ…. അവസാനം ചിലങ്കയും അഴിക്കുമ്പോൾ… ഞാൻ ഓർക്കാറുണ്ട് ഇപ്പോഴും… ഇതേതു പൂർവൻജന്മസുഹൃദം…… ഞാൻ എത്ര ഭാഗ്യവാൻ…
പക്ഷെ നിന്റെ പ്രണയത്തിൽ എനിക്കിന്നും യൗവനമാണ്….. ഞാൻ പലപ്പോഴും എന്റെ പ്രായം മറക്കുന്നു……
പ്രോഗ്രാംസംഘാടകർ മൊബൈലിൽ റിമൈൻഡ് ചെയ്യാൻ വിളിച്ചപ്പോഴാണ് വീണ്ടും ഞാൻ ഉണർന്നത്, ഉറക്കത്തിൽ നിന്നല്ല പഴയ ഓർമ്മകളിൽ നിന്നും….
ഞാൻ പനി മറന്നു എഴുന്നേറ്റു അടുക്കളയിലേക്കു പോയി… അവൾ ഇന്നും ചിലങ്ക അണിയണം നൃത്തംചെയ്യണം …. ഞാൻ ഇല്ലെങ്കിൽ അവൾക്കതിനു കഴിയില്ല.