കാലം മെരുക്കി ഒരുക്കിയ സ്ത്രീജന്മം

jayalalithaമകാലീന ഇന്ത്യ കണ്ട കരുത്തുറ്റ ഭരണാധികാരി, രാഷ്ട്രീയനേതാവ്.. എന്നതിലുപരി വശ്യമാര്‍ന്ന സ്ത്രീജന്മം, ബുദ്ധിചാതുര്യം, നിശ്ചയദാർട്യം, സഹാനുകമ്പ, സ്ത്രീശാക്തീകരണത്തിന്റെ അനിഷേധ്യ വക്താവ് തുടങ്ങി ജയലളിതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അനവധി. 24-ഫെബ്രുവരി 1948-ല്‍ മാന്ധ്യ ഡിസ്ട്രിക്ടില്‍(അന്നത്തെ മൈസൂര്‍ സ്റ്റേറ്റ്, ഇന്നത്തെ കര്‍ണാടക) മേലുക്കോട്ടയില്‍ ജനനം – അച്ഛന്‍ ജയറാം, അമ്മ വേദവല്ലി. ജയറാം-വേദവല്ലി ദമ്പതികള്‍ക്ക് രണ്ടു മക്കള്‍- ജയകുമാറും, ജയലളിതയും. സഹോദരന്‍ ജയകുമാര്‍ നേരത്തെ അന്തരിച്ചു. അമ്മ തമിഴ്നാട്ടിലെ അയ്യന്‍‌കാര്‍ ബ്രാഹ്മിന്‍ സമുദായാംഗം. ജയലളിതയുടെ അമ്മമ്മയുടെ പേരാണ് കോമളവല്ലി. ചെറുപ്പം മുതല്‍ ജയലളിതയെ അമ്മു എന്ന് വിളിച്ചു വന്നു. അവളുടെ മൈസൂരിലെ തറവാടു വീടുകളുടെ പേരായിരുന്നു ‘ജയനിവാസും’, ‘ലളിതാനിവാസും’. ജയലളിതയുടെ മുത്തച്ഛന്‍ മൈസൂര്‍ മഹാരാജ കൃഷ്ണരാജ വാടിയാരുടെ രാജസദസ്സിലെ ഡോക്ടര്‍ ആയിരുന്നു. അദ്ദേഹം ധാരാളം ധനമുണ്ടാക്കി. എന്നാല്‍ ജയലളിതയുടെ അച്ഛന്‍, ജയറാം അതെല്ലാം കളഞ്ഞു കുളിച്ചു. അച്ഛന്‍ വക്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ബാംഗളൂരിലെ കുറച്ചു ദിവസത്തെ താമസത്തിന് ശേഷം സഹോദരി, അംബുജവല്ലിയുമൊത്ത്, 1952ല്‍ വേദവല്ലി ചെന്നൈയില്‍ താമസമാക്കി. ഒരു എയര്‍ ഹോസ്റ്റസസ് ആയി ജോലി ചെയ്യുമ്പോള്‍ തന്നെ അംബുജവല്ലി സിനിമയിലും നാടകങ്ങളിലും അഭിനയിക്കുമായിരുന്നു. 1953 –നു ശേഷം, വേദവല്ലി സിനിമകളില്‍ ‘സന്ധ്യ’ എന്ന നാമത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഈ കാലങ്ങളില്‍ ചെറിയമ്മ, പദ്മവല്ലി-യുടെ പരിരക്ഷണത്തില്‍ മൈസൂരില്‍ അമ്മയില്‍ നിന്നും അകന്നു താമസിച്ചതിന്റെ വേദന പിന്നീട് പല വേദികളിലും ജയലളിത പങ്കിടുകയുണ്ടായിട്ടുണ്ട്.Jayalalitha-e1412767219145

ജയലളിതയുടെ സ്കൂള്‍ ജീവിതം ബംഗ്ലൂര്‍ ബിഷപ്പ് കോട്ടന്‍ ഗേള്‍സ് സ്കൂള്‍-ല്‍ പ്രശസ്ഥ വിജയം നേടിയ ശേഷം ചെന്നൈയിലേക്ക് പറിച്ചു നടുകയായിരുന്നു. ആയിടക്കു ചെറിയമ്മ, വേദവല്ലിയുടെ വിവാഹം കഴിഞ്ഞത് അതിനൊരു കാരണമായി. ചര്‍ച്ച്പാര്‍ക്ക് പ്രെസെന്റെഷന്‍ സ്കൂളിലും ഫസ്റ്റ്ക്ലാസ്സ്‌ ആയി പത്താംക്ലാസ് വിജയിച്ചെന്നു മാത്രമല്ല, സ്റ്റേറ്റ് ഒട്ടാകെയുള്ള വിദ്യാര്‍ഥികളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി സ്വര്‍ണമെഡല്‍ നേടുകയുമുണ്ടായി. സ്റ്റെല്ലാ മാരീസ്‌ കോളേജിലെ പ്രവേശനം വേണ്ടെന്നു വെച്ച്, സ്വന്തം ഇഷ്ടത്തിനു വിപരീതമായി അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി, സിനിമയില്‍ ചേര്‍ന്നു. ആദ്യം തമിഴകത്തിന്റെ ‘ഇദയക്കനി’യും പിന്നീട് രാഷ്ട്രീയത്തില്‍ ‘പുരച്ചി-തലൈവി’യും ആയി മാറി. ആദ്യം അഭിനയിച്ച സിനിമ, ശ്രീധറുടെ ‘വെണിര ആടൈ’, അതില്‍ വേഷം ഒരു വിധവയുടെത്. സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം പുകഴ്ത്തി, ഈ പതിനാറുകാരി സിനിമയില്‍ വളര്‍ന്നു വലിയൊരു നടിയാകുമെന്ന്. പിന്നീടുള്ളത് ചരിത്രം. തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, മലയാളം ഭാഷകളിലെ സിനിമകളില്‍ അവര്‍ അഭിനയിച്ചു. മുന്‍കിട നായകന്മാരുടെയൊക്കെ കൂടെ അഭിനയിച്ചെങ്കിലും എം.ജി.ആര്‍-ന്റെ കൂടെയുള്ള ജോടിക്കായിരുന്നു അവര്‍ പേരെടുത്തത്. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പൂരി തുടങ്ങിയ നൃത്തരൂപങ്ങള്‍ നാടുനീളെ ഈ കാലങ്ങളില്‍ അവര്‍ അവതരിപ്പിച്ചു. ഒരു നല്ല നര്‍ത്തകി എന്നതിലുപരി, നല്ലൊരു പാട്ടുകാരിയുമായിരുന്നു അവര്‍. സംഗീതവും സിനിമയും കൂടാതെ നല്ലൊരു വായനക്കാരിയും ആയിരുന്നു ജയലളിത. ചാള്‍സ് ഡിക്കെന്‍സ് ആയിരുന്നു അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം അവരെ പാര്‍ടിയുടെ പ്രചാരകയാക്കി. നല്ലൊരു പ്രഭാഷകയും സംഘാടകയും ആയിരുന്നു അവര്‍. അവര്‍ അഭിനയിച്ച 85 തമിഴ് സിനിമകളും 28 തെലുഗു സിനിമകളും ഹിറ്റുകളായിരുന്നു. 1965–73 കാലയളവില്‍ 28 സിനിമകളില്‍ അവര്‍ എം.ജി.ആറിന്റെ ജോടിയായ് അഭിനയിച്ചു. 1971 മുതല്‍ ‘76 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള പുരസ്കാരം ജയലളിതക്കായിരുന്നു.

1980–ലാണ് എം.ജി.ആറുമായുള്ള അടുപ്പം കാരണം അവര്‍ എ.ഐ.എ.ഡി.എം.കെ-യുടെ വകതാവായി നിയോഗിക്കപ്പെടുന്നത്. പിന്നീട്, എം.ജി.ആര്‍, 1987 ല്‍ അന്തരിച്ചു കഴിഞ്ഞ ശേഷമാണ് അവര്‍ മുഴുവന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ആ സമയത്തുണ്ടായ അവരുടെ തിക്താനുഭാവങ്ങളായിരിക്കാം ഒരു പക്ഷെ വാശിയോടെ രാഷ്ട്രീയത്തില്‍ തിരിച്ചു വരണമെന്നു അവരെക്കൊണ്ടു തീരുമാനിപ്പിച്ചത്. പുരാണ ഇതിഹാസങ്ങളില്‍ വായിച്ചത് പോലെ ഒരു സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അന്നത്തെ രാഷ്ട്രീയ വൈരികള്‍ അവരെ അപമാനിച്ചത്. ആ യാത്രയില്‍ അവരുടെ മുടിക്കുത്തിനു പിടിച്ചു താഴെയിടുകയും കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്യുകയുണ്ടായി. അതുകഴിഞ്ഞ് 1989-ല്‍ അവര്‍ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി തമിഴ്‌നാട്‌ നിയമസഭയില്‍ വന്നു. പിന്നീട് 1991-ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഈ ചെറുത്തുനില്‍പ്പ് ജയലളിത ജീവിതത്തിലുടനീളം പ്രകടിപ്പിച്ചിരുന്നു. “ആരെയെങ്കിലും ആശ്രയിക്കണം എന്ന് വന്നാല്‍ അത് അവനവനെത്തന്നെ ആവുന്നതാണ് നല്ലത്” – അവര്‍ ഒരിക്കല്‍ പറഞ്ഞു. ജീവിതത്തിലുടനീളം അവര്‍ ഒരൊറ്റയാള്‍ ആയി ജീവിച്ചു. സ്വാര്‍ത്ഥപരമായ ജീവിതത്തിനു പ്രയാസമില്ലാതിരുന്നിട്ടും ഒരു ജനതയുടെ മുഴുവന്‍ സ്വന്തമായി അവര്‍ ജീവിചു.

manshula2004-ലെ ലോകസഭ തിരഞ്ഞെടുപ്പിലും 2006–ലെ നിയമസഭ തിരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങിയ ശേഷം 2011–ല്‍ അധികാരത്തില്‍ എത്തിയ ജയലളിത പുതിയൊരു ജനനേതാവായിട്ടാണ് ഭരണം കൈയ്യേറിയത്. അഞ്ചു തവണ അവര്‍ തമിഴ്നാട്ടിലെ മുഖ്യന്ത്രിയായി സ്ഥാനമേറ്റു. അവര്‍ പറയുമായിരുന്നു, ‘ഒരു സ്ത്രീക്ക് മൂന്ന് ജന്മങ്ങള്‍ ആണ് – മകള്‍, ഭാര്യ, അമ്മ.. ഇതില്‍ ഭാര്യയായി ജീവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ തീര്‍ച്ചയായും ഒരു അമ്മയായി ജീവിക്കും, അതിനു ശേഷമേ ഞാന്‍ വിട പറയൂ!’ തികച്ചും അര്‍ത്ഥവത്തായ വാക്കുകള്‍! അവര്‍ വെറും ഒരമ്മ ആയിരുന്നില്ല. ഒരു ജനതയുടെ മുഴുവന്‍ അമ്മ – ‘അമ്മ ഉപ്പു’ തൊട്ട് ‘അമ്മ കര്‍പ്പൂരം’ വരെ എന്ന് പറയാം. ഉപ്പു, കാന്റീനുകള്‍, സൈക്കിള്‍, ലാപ്ടോപ്, മരുന്നുകടകള്‍. സിമന്റ്‌, കുടിവെള്ളം, വൈദ്ദ്യുതി, സ്വര്‍ണത്താലി, പ്രസവ അവധി, ശിശു സംരക്ഷണ ബാഗ്, തുടങ്ങി അമ്മ ചേര്‍ത്തു വിളിക്കപ്പെട്ട ഒട്ടനവധി സേവനങ്ങള്‍ അവര്‍ കുറഞ്ഞ ചിലവില്‍ നടപ്പാക്കി.

ചതുരംഗം ആയിരുന്നു അവര്‍ക്ക് ഏറ്റവും അധികം ഇഷ്ടപെട്ട വിനോദം. ഈ വ്യക്തിത്വം രാഷ്ട്രീയത്തിലും നിരീക്ഷിക്കാന്‍ കഴിയും. തീരുമാനങ്ങള്‍ പെട്ടെന്നു, അത് നടപ്പാക്കല്‍ അതിലും വേഗതയാര്‍ന്നു, ഇതായിരുന്നു ‘അമ്മ’യുടെ രീതി. പെട്ടെന്നു ഇഷ്ടമാകുകയും അതിലും വേഗത്തില്‍ അകലുകയും ചെയ്യുന്ന പ്രകൃതം. ‘കരന്‍ താപരു’മായുള്ള അഭിമുഖവും, ‘സിമി ഗരിവളു’മോത്തുള്ള അഭിമുഖവും ഉദാഹരണങ്ങള്‍. കരന്‍ താപരുമായുള്ള അഭിമുഖം അസ്വാരസ്യത്തിലാണ് കലാശിച്ചത്. നേരെ മറിച്ചു, സിമിയോടൊത്തുള്ള അഭിമുഖത്തില്‍, ജയ പാടുക വരെ ചെയ്തു (ആജാ സനം മധുര് ചാന്ദ്നി മേ ഹം). ക്രിക്കറ്റിനെയും ഹിന്ദി സിനിമയെയും പ്രണയിച്ച ജയലളിത കൗമാര പ്രായത്തില്‍ പട്ടോടി, ഷമ്മി കപൂര്‍ തുടങ്ങിയവരുടെ ആരാധകയായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ മകം നാളില്‍ പിറന്ന മങ്കയാണ ജയലളിത. ഇതിലും ഭംഗിയായി ഒരു സ്ത്രീക്ക് ജീവിതം എങ്ങനെ ജീവിച്ചു തീര്‍ക്കാനാവും? അവര്‍ ഇച്ഛശക്തിയുടെ പര്യായമായിരുന്നു. അമ്മക്കുവേണ്ടി സിനിമയും, തന്റെ പ്രിയ ആരാധകന്‍ ആയ എം.ജി.ആറിനു വേണ്ടി രാഷ്ട്രീയവും അവര്‍ കൈയ്യാളി. വ്യക്തിപരമായി രണ്ടു മേഖലയും അവര്‍ക്കിഷ്ടമായിരുന്നില്ലെങ്കിലും രണ്ടിലും അവര്‍ വന്‍ വിജയമായിരുന്നു. ഒരിക്കലും അവര്‍ക്ക് അവരുടെ ജീവിതം ജീവിക്കാനായില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ ആദര്‍ശങ്ങളെ ബലി കഴിച്ചതുമില്ല. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനവും ബഹുമാനവും നേടിക്കൊടുക്കുന്നതിന് ജയലളിതക്ക് കഴിഞ്ഞു. ജീവിതത്തിന് പ്രത്യേക പാതയൊന്നും വരച്ചിടാതെ അവര്‍ ജീവിച്ചു തീര്‍ത്തത് സാര്‍ഥകമായ ഒരു ജീവിതം തന്നെ!

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *