ഏണസ്റ്റ് ഇങ്ങ്മാര് ബര്ഗ്മാന് —- സ്വീഡിഷ് സിനിമാ സംവിധായകന്
ഒരു പാതിരിയുടെ മകനായി 1918-ല്‍ ജനിച്ചു. ജൂലൈ 30, 2007-ല്‍ അന്തരിച്ചു.
ലോകസിനിമയിലെ പ്രശസ്ഥരായ സിനിമാ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ബെര്ഗ്മാന്. നഷ്ട പ്രണയങ്ങള്‍ തൊട്ട് മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങള്‍ വരെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കി. ഇടയ്ക്കു നര്‍മ്മവും പ്രസന്നതയും കൊണ്ടും സിനിമകള്‍ ദൃശ്യകാവ്യങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
(അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായ “സെവെന്ത` സീല്‍” – ലെ ഷോട്ടുകള്‍)
അദ്ദേഹം ചെയ്ത പ്രശസ്ത ചിത്രങ്ങള്‍: Summer with Monica സമ്മര്‍ വിത്ത് മോനികാ(‘53), Smiles of a summer night സ്മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് (‘55), Wild strawberries വയ്ല്ഡ` സ്ട്രവബെര്രീസ് (‘57), Seventh Seal സെവെന്ത് സീല്‍ (‘58), The virgin spring ദി വിര്‍ജിന്‍ സ്പ്രിംഗ് (‘60), Thru’ a glass darkly ത്രൂ എ ഗ്ലാസ് ഡാര്കലി (‘61), Winter night വിന്റെര്‍ നൈറ്റ് (‘62), The silence ദി സൈലെന്‍സ് (‘63), Persona പേര്സോനാ (‘66), House of the wolf ഹൌസ് ഓഫ് ദി വോള്‍ഫ് (‘68), Shame ഷെയിം (’68), Cries and Whispers ക്ര്യസ് ആന്‍ഡ് വിസ്പേര്‍സ് (‘72), Scene from a marriage സീന്‍സ് ഫ്രം എ മാര്യേജ് (‘73), Autumn Sonata ഓട്ടം സോനാട്ട (‘78), Fanny and Alexander ഫാനി ആന്‍ഡ് അലക്സാണ്ടര്‍ (‘82).
ബര്‍ഗ്മാന്റെ ഫ്രെയ്മുകള് മാത്രം മതി മനുഷ്യമനസ്സുകളെ ഇളക്കി മറിക്കാന്‍. സിനിമാ നിര്‍മ്മാണം ഒരു മാന്ത്രിക കലയാക്കി മാറ്റിയെന്നതാണ് ഈ ചലച്ചിത്രകാരന്റെ പ്രത്യേകത. “ദി വിര്‍ജിന്‍ സ്പ്രിംഗ്” അഥവാ വിശുദ്ധിയുടെ നീരുറവ എന്ന സിനിമയില്‍ ഒരു കടുത്ത പ്രതികാരത്തിന്റെ കഥ പറയുന്നു. കഥയുടെ വൈശിഷ്യം കൊണ്ട് അതൊരു വിശുദ്ധ പ്രതികാരമായി തീരുന്നു. എന്നും പള്ളിയില്‍ മെഴുകുതിരിയുമായി പോകുന്ന തന്റെ മകളെ – കാട്ടിലൂടെ കുറെ ദൂരം നടന്നു വേണം പള്ളിയിലെത്താന്‍ – മൂന്നു കശ്മലന്മാര് ബലാത്സംഗം ചെയ്തു കൊല്ലുന്നതിന്റെ പ്രതികാരം – മൂന്നു പേര്‍ക്കും(അതിലൊരാള്‍ പ്രായം തികയാത്ത ബാലനാണ്) തന്റെ വീട്ടില്‍ അഭയവും ഭക്ഷണവും കൊടുത്ത് പുലര്‍ച്ചെ വരെ കാത്തിരുന്ന് ചുമരില്‍ എറിഞ്ഞു കൊല്ലുന്ന പ്രതികാരത്തിന്റെ തീവ്രത മറ്റൊരു സിനിമയിലും കാണാന്‍ കഴിഞ്ഞെന്നു വരില്ല. അവസാനം മകള്‍ കൊല്ലപെട്ട സ്ഥലത്ത് ഒരു വിശുദ്ധിയുടെ നീരുറവ കാണുന്നതോടെ സിനിമ അവസാനിക്കുന്നു.
പ്രായാധിക്യത്തില്‍ നഷ്ടബോധങ്ങളുണര്ത്തുന്ന ഗ്രഹാതുരത്വം ഉണര്‍ത്തുന്ന കഥ പറയുന്നു, “വയ്ല്ഡ് സ്ട്രവബെര്രീസ്” അഥവാ കാട്ടുഞാവല്പ്പഴങ്ങള് എന്ന സിനിമയില്‍. കൈകള്‍ നഷ്ടപെട്ട ക്ലോക്കിന്റെ ചിത്രവും തുടക്കത്തിലെ സ്വപ്ന ചിത്രീകരണവും നഷ്ടബോധങ്ങളിലൂടെ ഡോ. ബോർഗ് എന്ന നായകന്റെ ഭൂതകാലം വെളിവാകുന്നു. കുറ്റബോധങ്ങള്‍ ഉണ്ടെങ്കിലും ജീവിതം മുന്നോട്ട് തന്നെ എന്ന വലിയ ആശയം ഈ സിനിമ വെളിപ്പെടുത്തുന്നു.
ബര്‍ഗ്മാന്റെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയാണ് “സെവെന്ത് സീല്‍” അഥവാ ഏഴാം മുദ്ര. ജീവിത വേദാന്തവും ഇരുള് മൂടിയ മരണമെന്ന യാഥാര്‍ത്ഥ്യവും തമ്മില്‍ നടക്കുന്ന മുഖാമുഖമാണ് സെവെന്ത് സീല്‍ എന്ന സിനിമ. പുതിയ വ്യാകരണവും ദ്രശ്യവ്യാഖ്യാനങ്ങളും നല്കിയ സിനിമയാണ് “സെവെന്ത് സീല്‍”. “സെവന്ത് സീലി”ലെ ദൈവവും കഥാനായകനും തമ്മിലുള്ള ചെസ്സ് കളി ലോകസിനിമയുടെ തന്നെ മുഴുവന്‍ ശ്രദ്ധ നേടിയ രംഗമാണ്.
മരണം, രോഗം, വിശ്വാസം, വിശ്വാസവഞ്ചന, വിരസത, മതിഭ്രംശം തുടങ്ങിയ പൊതുവേ അഞ്ജാതങ്ങളായ ജീവിത വിശേഷങ്ങള്‍ നിര്‍വചിക്കാനാണ് ബെര്ഗ്മാന് സിനിമാ മീഡിയം ഉപയോഗിച്ചത്.
നല്ല സിനിമ, നല്ല ഡയറക്ടര്‍, നല്ല സ്ക്രീന്‍ പ്ലേ എന്നീ മേഖലകളില്‍ എല്ലാം തന്നെ ബെര്ഗ്മാന് ഓസ്കാര്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.