ഫത്തേ ദർവാസാ – ജീവിതം മുഴങ്ങുന്നിടം

ആടുകൾ കൂട്ടമായി കയറിപ്പോകുകയാണ് ആ കുന്നിനു മുകളിലേക്ക്. അവയെ തെളിച്ചു കൊണ്ട് ആ ബാലനും. പാറക്കല്ലുകൾ ആരോ അടുക്കി വച്ചതാണെന്നു തോന്നും. അത്ര മനോഹരമാണ് അതിന്റെ രൂപം. ആടുകൾ മേഞ്ഞു നടക്കുമ്പോൾ ആ ബാലൻ പാറക്കല്ലുകളിലൂടെ മുകളിലേക്ക് നടന്നു.

സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നു. താഴ്‌വരയിൽ എവിടെ നിന്നോ ഒരു കുളമ്പടി ശബ്ദം കേൾക്കുന്നു. പിന്നീട് അത് ഉച്ചസ്ഥായിയിൽ ആവുകയാണ്. നൂറു കണക്കിന് കുതിരകൾ ഇരച്ചു കയറുന്ന ശബ്ദം. ഇരു കൈ കൊണ്ടും ചെവികൾ പൊത്തി.അയാൾ ഞെട്ടിയുണർന്നു.

രുദ്രമാ പാത്രവും കോപ്പയും കൊട്ടി ശബ്ദമുണ്ടാക്കുകയാണ് തന്നെ ഉണർത്താൻ

“എഴുന്നേറ്റ് അവിടെ പോയി നോക്ക് കിഴവാ. ഇങ്ങനെ മടിപിടിച്ചു കിടക്കാതെ” – അവൾ അങ്ങനെയാണ് .ദേഷ്യപ്പെടുമ്പോഴും സ്നേഹിക്കുമ്പോഴും കിഴവാ എന്നാണ് വിളിക്കാറ്.

“കഴിഞ്ഞ ഒരാഴ്ചയായി ആരെയും കിട്ടുന്നില്ല മാ. വെറുതെ കയറ്റം കയറുന്നത് മിച്ചം”

“പോയി നോക്ക്. റൊട്ടിക്കുള്ളതെങ്കിലും കിട്ടിയാലോ”

അയാൾ കുപ്പായമിട്ട് പുറത്തിറങ്ങി. വെയിൽ കുറഞ്ഞിരിക്കുന്നു. നാലു മണി കഴിഞ്ഞു കാണണം. ഗസ്റ്റുകൾ വരാൻ തുടങ്ങിക്കാണും ഇപ്പോൾ.

ഷക്കീൽ ഭായിയുടെ വീടിന്റെ പുറകുവശത്തു കൂടി കയറി. ഫാത്തിമ ദീദി തിണ്ണയിൽ ഇരിപ്പുണ്ട്.

“ദീദി അസുഖമൊക്കെ കുറഞ്ഞോ” – കുശലം പറഞ്ഞു.

“കുറഞ്ഞു ബാബു. ഇനി അല്ലേലും എത്ര കാലം!” – അവർ കാല് തടവിക്കൊണ്ട് പറഞ്ഞു.

“ഏയ്.. നമ്മുടെ കോട്ട ഉള്ളിടത്തോളം കാലം ദീദിയും ഉണ്ടാവും”

ഇടവഴിയിലേക്കിറങ്ങി.. ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. ചൂടുകാലം ആയതിനാൽ ഗെസ്റ്റുകൾ വളരെ കുറവാണ്. കോട്ടയുടെ മുകളിൽ ദൂരെ പൊട്ടുപോലെ ആളുകൾ കയറിപ്പോകുന്നത് കാണാം. ബറാദരി ലക്ഷ്യമാക്കിയാണ് ആ നടത്തം. കോട്ടയുടെ ഏറ്റവും മുകളിൽ നിന്നാൽ പ്രദേശം മുഴുവനും കാണാം.

“ഗണേഷ് ബാബു പാൻ ഉണ്ടോ കയ്യിൽ?”

മെഹമൂദ് ആണ്. സിറ്റിയിൽ ഏതോ ട്രാവൽ ഏജൻസിയുടെ ഡ്രൈവർ ആണ് ഇപ്പോൾ.

“കുറെ ദിവസം ആയല്ലോ കണ്ടിട്ട് മെഹമൂദ് ഭായ്”

“ഓ എന്ത് പറയാനാ ഗണേഷ് ബാബു. ഇപ്പൊ ഗെസ്റ്റുകൾ വളരെ കുറവാ…

ഇത് ഹോട്ടലിന്റെ ഓട്ടം വന്നതാ. കുറച്ചു മദ്രാസികൾ”

രണ്ടു പേരും പാൻ ചവച്ചു കൊണ്ടിരുന്നു.

“അവർക്കു ഗൈഡ് വേണ്ടേ ഭായ്?” – പ്രതീക്ഷയോടെ ആണ് ചോദിച്ചത്.

“ഏയ് അവര് കുറെ ബുക്കുകളും കൊണ്ടാണ് വന്നിരിക്കുന്നത്. വേണ്ടി വരില്ല. ഇപ്പൊ ചരിത്രമൊക്കെ നമ്മെക്കാളും നന്നായി അവർക്കറിയാം ബാബു”

“നിങ്ങളെപ്പോലെ ഡ്രൈവിംഗ് പഠിച്ചാൽ മതിയായിരുന്നു. ഇതിപ്പോ ഒരാഴ്ചയായി ഗസ്റ്റിനെ കിട്ടിയിട്ട്”

“എല്ലാം കണക്കാ ബാബു. നിങ്ങള്ക്ക് ടൗണിൽ വന്നുകൂടെ.. അവിടെ മ്യൂസിയവും പാലസും ഒക്കെയില്ലേ. ഇതിലും കൂടുതൽ ആളുകൾ വരുന്ന സ്ഥലമാണ്”

“അതിനു സുൽത്താൻ ഖുലി കുത്തബുൽ മുൽക് എന്നെ വിടില്ലല്ലോ ഭായ്. അങ്ങേരുടെ ചരിത്രം പറഞ്ഞു കൊടുക്കുക എന്നതല്ലേ എന്റെ കർത്തവ്യം” – ഒരു വിളറിയ ചിരിയോടെ ഗണേഷ് ബാബു കോട്ടക്ക് നേരെ നടന്നു.

വയറു കത്തിയാളുന്നു. ഇന്ന് കാലത്തു മുതൽ ആകെ വയറ്റിലുള്ളത് ഒരു കപ്പ് ചായ മാത്രമാണ്. മുറുക്കാൻ ലഹരി തലയിലൂടെ സഞ്ചരിക്കുന്നതിനാൽ മുന്നോട്ടു നീങ്ങാനുള്ള ഊർജം കിട്ടുന്നു. പാവം രുദ്രമാ, വൈകുന്നേരത്തെ റൊട്ടിക്കുള്ളതെങ്കിലും കിട്ടിയാൽ മതിയായിരുന്നു. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങളായി ഷാഹി രാജ വംശത്തിന്റെ കഥ പറയാൻ നടക്കുന്നവന്റെ അവസ്ഥ. അയാൾ മുഷിഞ്ഞ തന്റെ കുപ്പായത്തിലേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു.

തൊള്ളായിരം വർഷങ്ങൾക്കു മുമ്പേ പണിതുവെന്നു കരുത്തപ്പെടുന്നതാണ് ഈ ഗ്രാനൈറ്റ് കോട്ട. ആട്ടിടയൻ കാണിച്ചു കൊടുത്ത സ്ഥലത്തു കാകതീയ രാജാവായിരുന്ന രുദ്ര പ്രതാപ് വർമ്മയാണ് പാറമുകളിൽ കോട്ട പണിതത്. ആട്ടിടയന്റെ കോട്ട എന്നർത്ഥം വരുന്ന പേര് തന്നെയാണ് കോട്ടയ്ക്കും. പിന്നീട് വന്ന…..

പലതും മറന്നു പോവുന്നു. പണ്ടൊക്കെ രണ്ടു മണിക്കൂറോളം നിർത്താതെ പറയുമായിരുന്നു കോട്ടയുടെ ചരിത്രം. അന്ന് പുസ്തകങ്ങളും കമ്പ്യൂട്ടറുകളും ഇല്ലാത്തതിനാൽ ഗസ്റ്റുകൾ തനിക്കു ചുറ്റും തടിച്ചു കൂടുമായിരുന്നു. എന്നാൽ ഇപ്പോൾ ആരെയും കിട്ടാത്തതിനാൽ പലതും മനസ്സിൽ നിൽക്കുന്നില്ല.

ബസ്സിറങ്ങി കുട്ടികൾ വരി വരിയായി നീങ്ങുന്നു. വെള്ളയും നീലയും നിറമുള്ള യൂണിഫോമുകളാണ്. ഈ പിഞ്ചു കുട്ടികളെ ഈ കോട്ട കാണിച്ചാൽ അവർക്കെന്തു മനസ്സിലാക്കാൻ? അവർക്കറിയുമോ ഗോൽകൊണ്ട സാമ്രാജ്യവും ഖുതുബ് ഷാഹി ഭരണകൂടവും? വൈകുന്നേരം ഉള്ള ലൈറ്റ് ഷോ ആസ്വദിക്കാൻ കഴിഞ്ഞേക്കും.

കിഴക്കു വശത്തുള്ള ബല ഹിസാർ ഗേറ്റിലൂടെ അകത്തേക്ക് നടന്നു. സ്ഥിരം പതിവുകൾ തുടർന്നു, സെക്യൂരിറ്റി തടഞ്ഞു..

“ഗണേഷ് ബാബൂ, ടിക്കറ് ഇല്ലാതെ ഗൈഡുമാരെ അകത്തു കടത്തേണ്ട എന്നാണ് ബഡാ മാലിക് ഇന്നലെയും പറഞ്ഞത്. നിങ്ങൾ എന്റെ പണി കളയരുത്”

“ഒരാഴ്ചയായി ചങ്ങാതീ ഒരു ഗസ്റ്റിനെ കിട്ടിയിട്ട്. ആരെയെങ്കിലും കിട്ടിയാൽ നാളെ ഞാൻ തീർച്ചയായും പാസ് എടുക്കാം”

അയാളുടെ മുന്നിൽ നിന്നും പെട്ടെന്ന് മാറി. ബഡാ മാലിക് കുഴപ്പക്കാരനാണ്. എല്ലാവർക്കും ശമ്പളം കൊടുക്കുന്നത് അയാളാണ്. എന്തെങ്കിലും കുഴപ്പം കാണിച്ചാൽ അയാൾ ശമ്പളം കുറക്കാറുണ്ട്.

“ഇവിടെ നിന്നും തുടങ്ങുന്നു അഞ്ചു കിലോമീറ്ററോളം വിസ്തൃതിയിൽ പടർന്നു കിടക്കുന്ന ഗോൽകൊണ്ട സാമ്രാജ്യം. ഏഴോളം ഗേറ്റുകളുണ്ട് കോട്ടയ്ക്ക്” – മുന്നിൽ കണ്ട കമിതാക്കളോടു പറഞ്ഞു.

“ഇനിയും പറയാനുണ്ട് സാർ .കോട്ടയുടെ തൊള്ളായിരം വർഷത്തെ ചരിത്രം. ഖുതുബ് ഷാഹി സാമ്രാജ്യത്തെപ്പറ്റി…”

“ഇംഗ്ലീഷ് അറിയുമോ?” പൂർത്തീകരിക്കാൻ സമ്മതിക്കാതെ അയാൾ ചോദിച്ചു.

“ഇല്ല സാർ.. ഹിന്ദിയും തെലുങ്കും.. പക്ഷെ കുറച്ചു കുറച്ചു ഇംഗ്ലീഷും അറിയാം”

“നോ താങ്ക്സ്..” അവർ കൈകോർത്തുകൊണ്ടു നടന്നു നീങ്ങി.

“സാർ ഈ കോട്ടക്ക് മൂന്നു സാമ്രാജ്യങ്ങളുടെ കഥ പറയാനുണ്ട്. ആദ്യം കാകതീയർ, പിന്നീട് ബഹ്മനി ഭരണം അതിനു ശേഷം ഈ കോട്ടയെ ഈ രൂപത്തിലാക്കി ഇവിടെ നിന്ന് കൊണ്ട് ഡെക്കാൻ സാമ്രാജ്യം ഭരിച്ചിരുന്ന ഖുതുബ് ഷാഹി വംശം. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ അവരുടെ തലസ്ഥാനമായിരുന്നു ഇവിടം”

അവർക്കൊപ്പമെത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

അവർ വേഗത്തിൽ നടന്നു നീങ്ങി.

ഷക്കീൽ ഭായ് പുസ്തകങ്ങളുമായി ആളുകൾക്കിടയിലൂടെ നടക്കുന്നുണ്ടായിരുന്നു. കോട്ടയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം. ഒരെണ്ണം വിറ്റാൽ രണ്ടു രൂപയാണ് അദ്ദേഹത്തിന് കിട്ടുക.

“എത്ര എണ്ണം വിറ്റു ഭായ്..?”

“ആകെ ആറെണ്ണം ബാബൂ. നിങ്ങള്ക്ക് ഗസ്റ്റിനെ വല്ലതും തടഞ്ഞോ?”

“എവിടെ തടയാൻ”

ആളുകൾ കൂട്ടമായി വന്നുകൊണ്ടിരിക്കുന്നു. ഇനി അര മണിക്കൂർ കഴിഞ്ഞാൽ കയറാനുള്ള സമയം കഴിയും. പിന്നെ ലൈറ്റ് ഷോ ആണ്.

“ഗൈഡ് ഗൈഡ്..” – അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു കൂട്ടം ചെറുപ്പക്കാർ വരുന്നുണ്ടായിരുന്നു. ജീൻസും ടി-ഷർട്ടുമാണ് വേഷം.

“സാർ ആയിരത്തി അഞ്ഞൂറ് മുതൽ ഇവിടം ഭരിച്ചിരുന്ന ഏഴു രാജാക്കന്മാരുടെ കഥയാണ് ഈ കോട്ടക്ക് പറയാനുള്ളത്. സുൽത്താൻ ഖുലി കുത്തബുൽ മുൽക് 1500-കളിൽ ഈ കോട്ട കൈക്കലാക്കിയത് മുതൽ പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബ്ന്റെ സൈന്യം ഹസ്സൻ ഠാണാ ഷായെ കീഴ്‌പ്പെടുത്തി തടവറയിൽ ആക്കുന്നത് വരെയുള്ള ഷാഹി ചരിത്രം സംഭവ ബഹുലമാണ്.അതാണ് ഹൈദെരാബാദിന്റെയും ചരിത്രം”

“ശെരി ശെരി അതൊക്കെ ഞങ്ങൾക്കറിയാം”, അവരിലൊരാൾ പറഞ്ഞു.

“വേറൊരു കാര്യം ചോദിക്കട്ടെ?”

“ചോദിച്ചോളൂ സാർ.. ഇതിനുള്ളിലുള്ള പള്ളികളെക്കുറിച്ചും അമ്പലങ്ങളെക്കുറിച്ചും എല്ലാം ഞാൻ പറഞ്ഞുതരാം”

“അതൊന്നും വേണ്ട.. ഇവിടെ….” – അവൻ അടുത്ത് വന്നു.

“നല്ല പെൺകുട്ടികളെ കിട്ടുമോ?”

മക്കൾ ഉണ്ടായിരുന്നേൽ ഇവനെക്കാളും പ്രായം കാണുമായിരുന്നു. അവനാണ് അച്ഛന്റെ പ്രായമുള്ള തന്നോട് പെണ്ണിനെ ചോദിക്കുന്നത്. അയാൾ തിരിഞ്ഞു നടന്നു.

“നിങ്ങൾക്കും തരാം കാശ്, അവൻ വിളിച്ചു പറഞ്ഞു”

അയാൾ ഒന്നും മിണ്ടാതെ നടന്നു.

പലരും വരുന്നത് ഇങ്ങനെ പലതിനും ആണ്. അവർക്ക് എന്തിനു ഷാഹി ചരിത്രം. മൂന്നു രാജാക്കന്മാർ പൂർത്തീകരിച്ച കോട്ട. വർഷങ്ങളുടെ പ്രയത്നങ്ങളുടെ കഥകൾ… അവർക്കു വേണ്ടത് ഹൈദരാബാദിലെ മറ്റു പലതും ആണ്.

പഴയ ജയിലറ. എത്ര പേര് ഇവിടെ പുറം ലോകം കാണാതെ വർഷങ്ങളോളം കഴിഞ്ഞു കാണണം. ഷാഹി വംശ സ്ഥാപകനായ ഖുലി കുത്തബുൽ മുൽക് തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ മൂന്നാമത്തെ മകനായ ജംഷീദിനാൾ കൊലചെയ്യപ്പെട്ടത് ഇവിടെ വച്ചായിരുന്നു. അധികാരത്തിനായുള്ള ഷാഹി വംശത്തിന്റെ ആദ്യ കൊലപാതകം.

പിന്നീട് ജംഷീദ് ആയിരുന്നു അടുത്ത സുൽത്താൻ. 1543 മുതൽ 1550 വരെ ഏഴു വർഷങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സഹോദരങ്ങളെ ആട്ടിപ്പായിക്കുകയും പിതാവിനെ വധിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മരണം ക്യാൻസർ ബാധിച്ചാണെന്നു കരുതപ്പെടുന്നു.

ഇരുളടഞ്ഞ ചരിത്ര നിർമിതിക്കു മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്ന ഒരു പറ്റം യുവാക്കൾ.

“ഗണേഷ് ബാബൂ ഗെസ്റ്റുകളെ കിട്ടിയില്ലേ? എനിക്കിതാ ഒരു സായിപ്പിനെ കിട്ടി. മുടിഞ്ഞ സംശയങ്ങളാ ഇങ്ങേർക്ക്”

സർഫ്രാസ് ആണ്. ഇംഗ്ലീഷ് അറിയാവുന്ന ചെറുപ്പക്കാരൻ ഗൈഡ്. അതുകൊണ്ട് അവനു മിക്കവാറും ഗെസ്റ്റുകളെ കിട്ടും. നന്നായി പണം പിടുങ്ങാനും അവനറിയാം.

“ഈ തലസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയത് ആരാണ് ബാബൂ. സായിപ്പിന്റെ സംശയങ്ങളാ”

“മുഹമ്മദ് ഖുലി ഖുതുബ് ഷാ ആയിരുന്നു ക്യാപിറ്റൽ ഹൈദരാബാദിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആണ് മെക്ക മസ്ജിദ്, ചാർമിനാർ തുടങ്ങിയ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെട്ടത്”

“ശെരി ബാബൂ. ബാക്കി ഞാൻ പറഞ്ഞു കൊടുത്തോളാം”

പടികൾ തുടങ്ങുന്നിടത് നിന്നു. മുന്നൂറ്റി അറുപത് പടികളാണ് മുകളിൽ ദർബാറിലേക്ക്. പണ്ട് നന്നായുടെ കൈപിടിച്ചായിരുന്നു ഇവിടെ ആദ്യമായി വന്നത്. നന്ന ആളുകളോട് സംസാരിക്കുന്നത് കേട്ടാണ് ചരിത്രം പഠിച്ചത്. പിന്നീടെപ്പോഴോ അത് തന്റെയും കൂടി ജീവിതം ആയി മാറുകയായിരുന്നു.

പലപ്പോഴും മറ്റു വല്ല ജോലികൾക്കും പോവാൻ ശ്രമിച്ചു. പക്ഷെ തന്റെ ഉള്ളിലുള്ള എന്തോ ഒന്ന് തടയുകയായിരുന്നു. ഒരു ദിവസം ഇതിലൂടെ നടന്നില്ലെങ്കിൽ, മനസ്സിലെങ്കിലും ഈ ചരിത്രങ്ങൾ ഉരുവിട്ട് നോക്കിയില്ലെങ്കിൽ, ഉറങ്ങാൻ കഴിയുമായിരുന്നില്ല. ഈ കോട്ടയിലും അവരുടെ സമാധി സ്ഥലമായ 7 റ്റോമ്പിലും ആണ് ഇതുവരെയുള്ള ജീവിതം. അതിനപ്പുറമുള്ള സ്ഥലങ്ങൾ കണ്ടിട്ടുള്ളത് ഹൈദരാബാദ് ബസാർ മാത്രമാണ്. ഇനി കാണുമെന്നും തോന്നുന്നില്ല. ഇപ്പോൾ അമ്പത് കഴിഞ്ഞു. മക്കളില്ലാത്തതിനാൽ തന്റെ വംശവും അതോടെ ചരിത്രമാകും.

കോളേജ് കുട്ടികൾ കൂട്ടമായി വരുന്നു. മുകളിൽ കയറി ക്ഷീണിച്ചാണ്‌ വരവ്. അവസാനത്തെ ശ്രമം നടത്താം.

“മാഡം. മനോഹരമായ ഒരു പ്രണയ കഥ പറയുന്നുണ്ട് ഈ കോട്ടകൾ. മതങ്ങളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ മുഹമ്മദ് ഖുലി ഖുതുബ് ഷായുടെയും നർത്തകിയായ ബാഗ്മതിയുടെയും മനോഹരമായ പ്രണയ കഥ. അഞ്ചാം ഷാഹി സുൽത്താൻ ആയിരുന്ന ഇദ്ദേഹത്തിന്റെ കാലഘട്ടം 1580-1611 ആയിരുന്നു. ഉറുദു ഭാഷയിൽ മനോഹരമായ കവിതകൾ എഴുതിയിരുന്ന ഒരു കലാകാരൻ ആയിരുന്നു സുൽത്താൻ. പുസ്തകങ്ങളെയും, പാട്ടുകളെയും നൃത്തത്തെയും പ്രണയിച്ച ഇദ്ദേഹം തെരുവ് നർത്തകിയായ ബാഗ്മതിയുമായി പ്രണയത്തിലാവുകയായിരുന്നു. മതത്തിന്റെ പ്രതിബന്ധങ്ങൾ തടസ്സമാകാതെ അദ്ദേഹം അവളെ തന്റെ രാജ്ഞിയാക്കി. അവൾ പിന്നീട് ഹൈദർ മഹൽ എന്ന പേര് സ്വീകരിക്കുകയും അവൾക്കുള്ള പ്രണയോപഹാരമായി മുസി നദി തീരത്തു ഒരു പട്ടണം പണിയുകയാണ് സുൽത്താൻ ചെയ്തത്. അതാണ് ഇന്നത്തെ ഹൈദരാബാദ്”

കുട്ടികൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.

“ഇനിയും ഒരു പാട് പറയാനുണ്ട് മാഡം. അഞ്ചാം സുൽത്താൻ മുഹമ്മദ് ഖുലി ഖുതുബ് ഷാ-യെക്കുറിച്ചും അദ്ദേഹത്തിന്റെ നിർമ്മിതികൾ ആയ ചാർമിനാർ, മക്ക മസ്ജിദ്, ലാഡ്‌ ബസാർ എന്നിവയുടെ ചരിത്രം…”

“എത്രയാ ചാർജ്?” – അവരിലാരോ ചോദിച്ചു

“നൂറു രൂപ മാഡം..”

“അയ്യോ വേണ്ട.. കൂടുതലാ”

“അമ്പതു തരാമോ”

“വേണ്ട ഞങ്ങള് നെറ്റിൽ നോക്കിക്കോളാം”

“എന്നാൽ.. ഒരു ഇരുപത് രൂപയെങ്കിലും തരാമോ?”

“താഴെ ഷോ തുടങ്ങാനായി.. നമുക്ക് പോകാം..” – അവരിലാരോ പറഞ്ഞു. അവർ കൂട്ടത്തോടെ താഴേക്ക് നടന്നു.

അയാൾ മതിൽ ചാരി നിന്നു. എല്ലാവരും താഴേക്ക് ഇറങ്ങുകയാണ്. അര മണിക്കൂറിനുള്ളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങും. അതും പറയുന്നത് ഷാഹി ചരിത്രം തന്നെ. നൂറ്റി നാൽപതു രൂപ ടിക്കറ്റെടുക്കാൻ അവർക്കു പ്രയാസമില്ല. പക്ഷെ ഒരു ഗൈഡിന് തരാൻ എല്ലാവർക്കും മടിയാണ്.

താഴെ കസേരകൾ നിറയാൻ തുടങ്ങിയിരിക്കുന്നു.

മുഹമ്മദ് ഖുലിയെക്കുറിച്ചും റാണ എന്ന ഏഴാമനെക്കുറിച്ചും പറയാനാവാതെ ഇന്നത്തെ ദിവസവും കഴിയുന്നു.

അയാൾ മുകളിലേക്ക് നടന്നു. എന്നും മുടങ്ങാതെ ചെയ്യുന്ന ചര്യ. മുകളിൽ ക്ഷേത്രം പൂട്ടി പൂജാരി ഇറങ്ങി വരുന്നു.

സന്ദർശക സമയം തന്നെയാണ് പൂജയുടെ സമയവും.

“എന്താ ഗണേഷ് ബാബൂ ഗെസ്റ്റുകൾ പോയോ”

“ഇന്നും ആരെയും കിട്ടിയില്ല രാജു ഭയ്യാ”

“വരും ശരിയാവും.. പ്രാർത്ഥിക്കൂ മുടങ്ങാതെ”

അതെല്ലാ ദിവസങ്ങളിലും രുദ്രമാ മുടങ്ങാതെ ചെയ്യാറുണ്ട്. പറഞ്ഞില്ല.

വിസിൽ മുഴങ്ങാൻ തുടങ്ങി. എല്ലാവരോടും ഇറങ്ങാനുള്ള കല്പനയാണ്. ഗാർഡുമാർ എല്ലായിടവും ഓടി നടന്നു വിസിൽ അടിക്കുന്നു. ആളുകൾ പതിയെ ഒഴിയാൻ തുടങ്ങുന്നു.

ബറാദരി ദർബാറിലെത്തി. ഇവിടെ നിന്നാൽ ആലസ്യത്തിൽ ആഴ്ന്നുകൊണ്ടിരിക്കുന്ന ഗോൽകൊണ്ട സാമ്രാജ്യം കാണാം. നൂറ്റാണ്ടുകൾ നീണ്ട രാജ-സുൽത്താൻ ഭരണങ്ങളുടെ തകർന്നടിഞ്ഞ സ്മരണകൾ.

“സാർ ഇവിടെ നിന്നാൽ കേൾക്കാമായിരുന്നു താഴെ ഏതെങ്കിലും ഗേറ്റിലൂടെ ഉണ്ടാകുന്ന ഏതു ശബ്ദവും. ശത്രു സൈന്യത്തിന്റെ വരവ് അറിയാനായിരുന്നു ഇത്തരമൊരു ശബ്ദക്രമീകരണം നടത്തിയിരുന്നത്. എങ്കിലും ഒടുവിൽ അത് സംഭവിക്കുക തന്നെ ചെയ്തു. ഷാഹി ഏഴാമനായിരുന്ന അബ്ദുൽ ഹസ്സൻ ഠാണാ ഷാ-യുടെ കാലത്താണ് നീണ്ട 8 മാസങ്ങൾ നീണ്ടു നിന്ന യുദ്ധ-തന്ത്രങ്ങൾക്കൊടുവിൽ ഔറംഗസീബിന് അത് സാധിച്ചത്.1687കളിൽ ആയിരുന്നു അത്. ഒരുലക്ഷത്തോളം വരുന്ന പടയാളികളും അമ്പതിനായിരം വരുന്ന കുതിരപ്പടകളും അടങ്ങുന്ന മുഗൾ സൈന്യത്തെ എതിരിടാൻ മുപ്പതിനായിരം പടയാളികളും പതിനായിരം കുതിരപ്പടയുമാണ് കോട്ടയിൽ ഉണ്ടായിരുന്നത്. കോട്ടക്കകത്തു കടക്കാനാവാതെ ബുദ്ധിമുട്ടിയ ഔറംഗസേബിന്റെ സൈന്യം ഒടുവിൽ ചതി പ്രയോഗത്തിലൂടെ അകത്തേക്ക് കടക്കുകയായിരുന്നു. ഷാഹിയിലെ ഒരു സൈന്യാധിപനാണ് കിഴക്കു വശത്തെ ഫത്തേ ദർവാസാ എന്ന ഗേറ്റ് തുറന്നു കൊടുത്തത്. അതിലൂടെ മുഗൾ ആർമി ഇരച്ചു കയറുകയും അബ്ദുൽ ഹസ്സൻ ഠാണായെ തടവിലാക്കുകയും ചെയ്‌തു. പതിനാലു വർഷത്തെ മുഖൾ ജയിൽവാസത്തിനൊടുക്കം അദ്ദേഹം തടവറയിൽ കിടന്നു കൊണ്ട് തന്നെ അന്ത്യശ്വാസം വലിച്ചു”

“ഗണേഷ് ബാബു നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്?” – വിസിലുമായി കയറിവന്ന കാവൽക്കാരൻ ചോദിച്ചു.

“ഇവിടെ ചരിത്രം അറിയാതെ വന്നു പോയ എത്ര ആളുകൾ ഉണ്ട് ഭായി. അവർക്കു വേണ്ടി, അവരും അറിയണ്ടേ ഈ ചരിത്രം? ഇത് വെറുമൊരു കോട്ട മാത്രമല്ല എന്നും നൂറ്റാണ്ടുകളുടെ കുളമ്പടി ശബ്ദം ഇവിടെ മുഴങ്ങുന്നുണ്ടെന്നും”

“നിങ്ങൾ ഒന്ന് ഇറങ്ങാമോ. അവിടെ ലൈറ്റ് ഷോ തുടങ്ങാനായി. ഇനിയും ഇവിടെ നിന്ന് ഭ്രാന്ത് പുലമ്പാതെ”

“ഞാനിതാ വരുന്നു, നിങ്ങൾ നടന്നോളൂ”

താഴെ ഷോ യുടെ വിളക്കുകൾ തെളിയാൻ തുടങ്ങുന്നു. കോട്ടക്കപ്പുറം പടർന്നു കിടക്കുന്ന ഗോൽകൊണ്ട ജീവിതങ്ങൾ. അവരിൽ പലരും അന്നത്തെ അത്താഴത്തിനുള്ള ഓട്ടത്തിലാവും ഇപ്പോഴും. അതിൽ തന്റെ രുദ്രമായും. വെറുതെ ആശിക്കുന്നുണ്ടാവും ഇന്നെങ്കിലും റൊട്ടി കഴിക്കാമെന്ന്. എത്രയോ വിലമതിക്കുന്ന കോഹിനൂർ രത്നങ്ങളുടെ ഇടയിൽ ജീവിക്കുന്ന പാപ്പരാസികൾ.

നന്ന പറഞ്ഞ കഥയിൽ എവിടെയോ തുരങ്കമുണ്ട്. രാജാക്കന്മാർക്ക് രക്ഷപെടാൻ വേണ്ടി ഉണ്ടാക്കിയത്. അത് വഴി ചെന്നാൽ ചാർമിനാറിന്
അടുത്തെത്തും എന്നാണു പറയുന്നത്. അതിൽ കാണുമായിരിക്കും ഈ രത്‌നങ്ങളെല്ലാം…

– – – – – – – – – – – – – –
ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഷക്കീൽ ഉണർന്നത്. നേരം വെളുത്തു വരുന്നേയുള്ളൂ. തുറന്നപ്പോൾ രുദ്രമാ ആണ്.

“നീ ഗണേഷ് ബാബുവിനെ കണ്ടിരുന്നോ ഷക്കീൽ?” – അവരുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.

“ഇല്ലല്ലോ അക്കാ, ഇന്നലെ കോട്ടയിൽ വച്ച് കണ്ടിരുന്നു. ഇതുവരെ വന്നില്ലേ?”

“ഇല്ല ഇതുവരെ ഇങ്ങനെ വീട്ടിൽ വരാതിരുന്നിട്ടില്ല”

“അക്കാ വിഷമിക്കേണ്ട. റ്റോമ്പിലോ മറ്റോ കാണും. ഞാൻ പോയി നോക്കാം”

ഷക്കീൽ മുഖം കഴുകി വന്നപ്പോഴേക്കും രുദ്രമാ ഓടുകയായിരുന്നു കോട്ടക്ക് നേരെ. അടഞ്ഞു കിടക്കുന്ന കോട്ടവാതിലിനപ്പുറത്തു നിന്ന് ഗണേഷ് ബാബു അവളെ കൈകാട്ടി വിളിക്കുന്നതുപോലെ. അയാളുടെ കരങ്ങളിൽ അമരാൻ വെമ്പി അവൾ മുന്നോട്ടു കുതിച്ചു. അവർക്കിടയിലുള്ള കോട്ട വാതിൽ ഉയരാൻ തുടങ്ങുകയായിരുന്നു.
—————————————–
നന്ന =അച്ഛൻ
അക്ക = ചേച്ചി

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *