ഇന്നലെ പത്രത്തിലെ മുഖ്യ വാര്‍ത്തയായിരുന്നു അത്:
“ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലിറങ്ങി എഴക്കാടിനെ വിറപ്പിച്ച കാട്ടാനയെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടു. ആനയെ കാട് കയറ്റിയെങ്കിലും എഴക്കാട്ടുകാരുടെ ഭീതി വിട്ടുമാറിയിട്ടില്ല”
ഞാനെന്നും നാട്ടില്‍ വരിക വൃശ്ചികമാസത്തിലാണ് – ആ സമയത്താണല്ലോ നാടാകെ ഉത്സവതിമര്‍പ്പില്‍ ഉണരുന്നത് – അയ്യപ്പങ്കാവിലെ താലപ്പൊലിയും അപ്പോള്‍ തന്നെ. താലപ്പൊലിക്ക് ഒരു മാസം മുമ്പേ വിളക്കും ആലവാരവുമായി അമ്പലമുറ്റം നിറയും. അമ്മയുടെ പിറന്നാള്‍ ദിവസം തറവാട്ടുവിളക്ക് പ്രത്യേകമുണ്ടാവും.
നാട്ടില്‍ നിന്നുള്ള ചൂടുള്ള വാര്‍ത്ത കാട്ടില്‍നിന്നുള്ള ആനകളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റവും വിളയാട്ടവുമായിരുന്നു. കേട്ടപ്പോള്‍ വലിയ അത്ഭുതം തോന്നി. തറവാട്ടില്‍ പണ്ട് വാരിക്കുഴിയെടുത്ത് ആനയെ പിടിച്ചിരുന്ന കാലമുണ്ടായിരുന്നു. കുറുപ്പന്മാരുടെ തറവാട് – ഒരുപാട് കാടും മലയും ഭൂസ്വത്തുക്കളും നിറഞ്ഞ പഴയ കാലം. ഇന്ന് വാരിക്കുഴികള്‍ ഇല്ലാത്തതുകൊണ്ട് ആനകള്‍ കുറുപ്പന്മാരെ അന്വേഷിച്ചു ഇറങ്ങിയതാണെന്ന് അനിയന്‍റെ നേരംപോക്ക്.
ഇന്നാണ് താലപ്പൊലി.
വൈകുന്നേരം അഞ്ചുമണിയോടെ അമ്പലത്തിലേക്ക് ഇറങ്ങുമ്പോള്‍ റോഡില്‍ ആകെ ബഹളം. പന്ത്രണ്ടു വർഷം മുമ്പ് എണ്‍പത്തിനാലാം വയസ്സില്‍ അന്തരിച്ച നീലകണ്ഠകുറുപ്പ് ഇതാ അമ്പലത്തിനു മുന്‍പില്‍ വന്നു നില്‍ക്കുന്നു. ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. അമ്പലത്തില്‍ താലപ്പൊലിയും എഴുന്നള്ളിപ്പും ഒരു വശത്ത്, മറു വശത്ത് കുടുംബവക തായമ്പക. നീലകണ്ഠകുറുപ്പിന്റെ താവഴി വക എഴുന്നള്ളിപ്പും താലപ്പൊലിയും കഴിഞ്ഞ് രാത്രി 11.30നു നടയടക്കും. ഇത്തവണ നടയടപ്പും കഴിഞ്ഞേ മടങ്ങു എന്നു കരുതിയപ്പോഴാണ് ഈ പുകില്.
ചുറ്റിനും നാട്ടുകാരും വീട്ടുകാരും കൂടി ഒരു വലിയ ജനാരവം തന്നെയുണ്ട് അമ്പലമുറ്റത്ത്. പെങ്ങളുമാര്‍ക്ക് നീലേട്ടനാണ്, പേരമക്കള്‍ക്ക് നീലേട്ടമാമയും. ചുറ്റുമുള്ള ആരവങ്ങള്‍ ഉറക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു – ഇതെങ്ങനെ?
നീലേട്ടാ, പന്ത്രണ്ടു വർഷം മുമ്പ് ഞങ്ങളെ വിട്ടുപോയ നീലേട്ടന്‍ എവിടെയായിരുന്നു ഇത്രയും കാലം?എങ്ങിനെ വീണ്ടും പുതിയ അവതാരമായി ഇവിടെ? കൂടിനിന്ന ആങ്ങള-പെങ്ങളമാരൊക്കെ മുമ്പ് നീലേട്ടന്റെ ശവദാഹത്തിനു കൂടിയതാണ് – ദേശത്തെ തന്നെ പൗരപ്രമാണി.
പാടത്തു പണിക്കാര്‍ക്ക്, കാടിനേയും മണ്ണിനെയും ജീവനെക്കാള്‍ സ്നേഹിച്ചിരുന്ന, കണ്ടറിഞ്ഞിരുന്ന വലിയ തമ്പ്രാന്‍. വീട്ടുകാര്‍ക്ക് സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കിയ നീലേട്ടന്‍. നീലേട്ടന് കാടിന്‍റെ ഓരോ മുക്കും ചെരിവും നന്നായി അറിയാം. പക്ഷെ, എങ്ങിനെ ഈ പുനരവതാരം? എന്തിന്?
തിരക്കില്‍ ദൂരെ മാറി നിന്ന എന്നെ നോക്കി നീലേട്ടമാമ ഉറക്കെ വിളിക്കുന്നു – “ഗോപി….. നീ ഒന്ന് എന്റെ കൂടെ വാ. അന്ന് കരിമലയില്‍ നിന്നു കൊണ്ടുവന്ന ‘ആനവിരട്ടി’ വലുതായോ? ‘ആനവിരട്ടി’ ഇനി ഓരോ വീട്ടിലും വളര്‍ത്തണം. ആനകളെ വിരട്ടാന്‍ ഇനി അതൊരു വഴിയെ ഞാന്‍ നോക്കിയിട്ട് കാണുന്നുള്ളൂ”
പണ്ട് കരിമല കാണിക്കാന്‍ കൊണ്ടുപോയ സമയത്ത് നീലേട്ടന്‍ പറഞ്ഞു തന്ന കാടറിവുകള്‍ എനിക്കപ്പോള്‍ ഓർമ്മ വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അന്നൊരു ദിവസം പുലര്‍ച്ചയ്ക്ക്, മലവാരം കാണാന്‍ തിരുവല്ലയില്‍നിന്ന് ഒരു സംഘം എത്തിച്ചേരുന്നു, പതിച്ചുനല്‍കാത്ത കുറെ ഭൂമി അവര്‍ക്ക് വാങ്ങണം. മരങ്ങളും കാട്ടുതേനും വിറ്റ് ഭൂമി തിരിച്ച് പ്ലോട്ടുകളാക്കി വാങ്ങാന്‍ വന്നതാണവര്‍. അതുവരെ തറവാട്ടുകാര്‍ തന്നെ ആരും പോകാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ രണ്ടു ജീപ്പും കൂട്ടിന് മലയാന്മാരെയും കൊണ്ടാണ് യാത്ര പുറപ്പെട്ടത്. കൂടെ എന്നെയും കൂട്ടി. നീലേട്ടന്‍ യാത്രയില്‍ ഉടനീളം കാടിനേയും കാടറിവുകളെക്കുറിച്ചും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഇനിയും പുറം ലോകം കണ്ടിട്ടില്ലാത്ത ഒരു കൂട്ടം ജനങ്ങള്‍ അവിടെ താമസമുണ്ട്. ‘ആദിവാസികള്‍’ എന്ന് നാം വിശേഷിപ്പിക്കുന്ന ഇവര്‍ക്ക് കാടിനെ ഭയമില്ല. കാടിനേയും കാട്ടുമൃഗങ്ങളെയും സ്നേഹിച്ചു ഒരുമയോടെ കഴിയുന്ന ഇവരുടെ ജീവിതരീതികള്‍, ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ വ്യത്യസ്തങ്ങളാണ്. അറിയുംതോറും അവരല്ലേ ശരിയായ നാട്ടുവാസികള്‍, ഭൂമിയുടെ അവകാശികള്‍ എന്ന് തോന്നിപ്പോയി. മലയിലൂടെ കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ കുടില്‍കെട്ടി താമസിക്കുന്ന ചിന്നനെയും കുടുംബത്തെയും കണ്ടു. പണ്ട് നീലേട്ടന്റെ താവഴിയില്‍ ഉണ്ടായിരുന്ന ആനക്കാരനാണ് ചിന്നന്‍. ചിന്നന്‍ ഇറങ്ങിവന്ന് തമ്പ്രാനെ വണങ്ങി നിന്നു.
ചിന്നനെകുറിച്ചുള്ള കഥകള്‍ ധാരാളം. കേള്‍ക്കുമ്പോള്‍ കഥയെന്നു തോന്നും. പക്ഷെ, എല്ലാം വാസ്തവങ്ങളാണ്. ചിന്നന് കറുത്തു മെലിഞ്ഞ, ചന്ദ്രവട്ടത്തിലുള്ള ചുവന്ന പൊട്ടു തൊട്ട ‘താരാട്ടി‘ എന്ന് പേരുള്ള സുന്ദരിയായ ഭാര്യയും അമ്മയെപോലെ തന്നെ അഴകുള്ള മകളും, മകളുടെ പേര്, ‘മാളുകുട്ടി‘. സ്ഥലത്തെ പേരുകേട്ട ആനക്കാരനായിരുന്നു ചിന്നന്‍. ആനയുടെ ഭാഷ കൈകാര്യം ചെയ്യാനും മെരുക്കാനും ചിന്നനെ കഴിഞ്ഞേയുള്ളൂ ഏതു പാപ്പാനും. അന്നൊക്കെ തൃശൂര്‍പൂരത്തിന് മൈലുകളോളം ആനകളെ നടത്തിയാണ് റോഡിലൂടെ കൊണ്ട് പോവുക. ഒരിക്കല്‍ ആനകള്‍ക്ക് വിശ്രമം നല്‍കി, ചക്കയും മാങ്ങയും നല്‍കുന്നതിനിടക്ക് കൂട്ടത്തില്‍ ചെറിയവന്‍ ഒന്നിടഞ്ഞു. നിരയായി നിര്‍ത്തിയ ആനകളില്‍ ചെറിയവന് കൊടുത്ത ചക്കത്തുണ്ട് അല്പം ചെറിയതായി. തിരിഞ്ഞ് ചവിട്ടുപടി കയറി എത്തുമ്പോഴേക്കും നീലേട്ടനെ അവന്‍ പടികളില്‍ തുമ്പിക്കൈ കൊണ്ട് കിടത്തി, ഒന്ന് കുത്തി. നീണ്ട കൊമ്പ് ഭാഗ്യത്തിന് വിയര്‍പ്പു നിറഞ്ഞ പുറം ദേഹത്ത് ആഞ്ഞു കൊണ്ടില്ല. ഒന്ന് വഴുക്കിയത് കാരണം ആഴമില്ലാത്ത ഒരു മുറിവില്‍ കുത്ത് ഒതുങ്ങി. ഉച്ച സമയത്ത് ചോര ചീറ്റുന്നത് കണ്ട് ലക്ഷ്മിയേടത്തി മയങ്ങി വീണു. ചിന്നന്റെ തോട്ടി പ്രയോഗമാണ് അധികം ആപത്തു കൂടാതെ നീലട്ടനെ കാത്തത്. ആനചെവിയില്‍ തുളഞ്ഞു കയറിയ തോട്ടി ആനയെ പെട്ടെന്നു തന്നെ വശത്താക്കി. അന്ന് തൊട്ട് ചിന്നന്‍ പറക്കിലടി കുടുംബത്തിലെ ഒരംഗം പോലെയായി. തറവാട്ടില്‍ അന്നുണ്ടായിരുന്ന ‘സീത‘ എന്ന പെണ്ണാനയുടെ പാപ്പാനായി ചിന്നന്‍ ചാര്‍ജെടുത്തു. പിന്നീട് ഓരോ തവണയും ആനയെ മരം പിടിക്കാന്‍ കൊണ്ടുപോയി വന്നു കഴിഞ്ഞാല്‍ പറമ്പിക്കുളത്തെയും വാള്‍പാറയിലെയും കഥകളാണ് ചിന്നന് പറയാനുള്ളത്.
ആനയെ പണി കഴിഞ്ഞു നാട്ടിലെത്തുമ്പോള്‍ ചിന്നന്റെ വീട്ടുപറമ്പില്‍ തന്നെയാണ് തളയ്ക്കുക. പ്രത്യേക ചങ്ങലയൊന്നും വേണ്ട. ‘ആനത്തോട്ടി‘ എന്നറിയപ്പെടുന്ന നീണ്ട കോല് കാലില്‍ ചാരി വെച്ചാല്‍ മതി. ആന അവിടെ നിന്ന് അനങ്ങില്ല. ഒരിക്കല്‍ ചിന്നന്റെ മകള്‍, മാളുകുട്ടി ആനയുടെ പുറകില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറിയാതെ പിൻകാല്‍ കൊണ്ട് ഈച്ചകളെ ആട്ടിയതാണ്. മാളുകുട്ടിയുടെ മുഖമടച്ചുള്ള ചവിട്ടില്‍ അവള്‍ തെറിച്ചു വീണു. തലയടിച്ചു വീണതുകാരണം പരിക്ക് സാരമായതായിരുന്നു. കുറച്ചു ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന ശേഷം, മാളുകുട്ടി മരിച്ചുപോയി. ചിന്നനും താരാട്ടിക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ ദുരന്തം. ഒരു വലിയ സ്നേഹകാലത്തിന്റെ ഓര്‍മകളും ബാക്കി വെച്ച് ചിന്നന്‍ മല കയറി. ചിന്നന്റെ സമൂഹം അവിടെയാണ്, കാട് അവരുടെ വീടാണ്. കാടിന്‍റെ ഓരോ ചലനങ്ങളും ചിന്നന്റെ ജീവിത ചലനങ്ങള്‍ തന്നെ. കാട്ടില്‍ ജീവിക്കുവാനായി നിയമാവലിയൊന്നുമില്ല. സ്നേഹത്തോടെയുള്ള, അപരനെ വന്ദിച്ചു കൊണ്ടുള്ള ജീവിതരീതികള്‍.
“എങ്ങനെയുണ്ട് ചിന്നാ? ആനയുടെ ശല്യം ഉണ്ടോ?”
ചിന്നന്‍ പുറത്തിറങ്ങി വന്ന് ഒരു വലിയ മരം കാണിച്ചു തന്നു.
“ഇതാണ് തംബ്രാ… ആനവിരട്ടി. ഇതിനടുത്തേക്ക് മാത്രം അവന്‍ വരില്ല.”
ആനക്ക് ആകെ ഭയമുള്ള വലിയ സസ്യം, ‘ആനവിരട്ടി‘ മാത്രം !
തിങ്ങിയ വനത്തിനുള്ളില്‍ മാത്രം കാണുന്ന ‘ആനവിരട്ടി‘ ഇനി നാട്ടിലും വളര്‍ത്തി തുടങ്ങണം. ആനകളില്‍ നിന്ന് രക്ഷപെടാന്‍ അതൊരു വഴി മാത്രം.