സിനിമക്കുള്ള പല വിശേഷണങ്ങളിലൊന്ന് അത് മാർക്സ് കാണാത്ത കലയാണ് എന്നുള്ളതാണ് . അതായത്, മാർക്സ് ജീവിച്ചു മരിച്ചതിനു ശേഷമാണ് സിനിമ എന്ന സങ്കേതം, കലാരൂപം, വ്യവസായ-വാണിജ്യ രൂപം, മാധ്യമ വ്യവസ്ഥ രൂപപ്പെട്ടത്. എന്നാൽ, ഏറവും സവിശേഷമായ കാര്യം, സിനിമയെ സംബന്ധിച്ചതും സിനിമയുടെ രാഷ്ട്രീയത്തെ സംബന്ധിച്ചതുമായ വിചാരങ്ങളിലും വിശകലനങ്ങളിലും മുഖ്യവും നിർണായകവുമാായ സ്ഥാനം മാർക്സിസ്റ്റ് ചിന്താപദ്ധതിക്കുണ്ടെന്നുള്ളതാണ്. ഇതിനു കാരണം, ഇരുപതാം നൂറ്റാണ്ടിലാണ് സിനിമ പ്രധാനമായി വികാസം പ്രാപിക്കുകയും ജനപ്രിയമാവുകയും ലോകവ്യാപകമാവുകയും ചെയ്തിട്ടുള്ളത് എന്നതണ്. ഇരുപതാം നൂറ്റാണ്ട് എന്നത് മറ്റു പലതിന്റേയുമെന്നതു പോലെ മുതലാളിത്തത്തിന്റെയും നൂറ്റാണ്ടാണ്. പടുകൂറ്റൻ വ്യവസായ ശാലകളുടെ, ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ, തൊഴിലാളി വർഗത്തിന്റെ, പാലായനങ്ങളുടെ, അഭയാർത്ഥിത്വങ്ങളുടെ, നഗരവത്കരണത്തിന്റെ, ആധുനികതയുടെ, ദേശരാഷ്ട്രങ്ങളുടെ, കൊളോണിയലിസത്തിന്റേയും കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും, സാമ്രാജ്യത്വത്തിന്റെയും സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റേയും, യുദ്ധങ്ങളുടെ, കോർപ്പറേറ്റിസത്തിന്റെ ഒക്കെ നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്.

സിനിമ എന്ന സാങ്കേതിക രൂപത്തിന്റെ വികാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വിജയകരമായ പ്രത്യക്ഷ രൂപത്തിലെത്തുന്നത്. 1895 മാർച്ച് 22ന് ഫ്രാൻസിൽ, ലൂമിയർ സഹോദരന്മാർ ‘തൊഴിലാളികൾ ഫാക്ടറി വിട്ടു പോകുന്നു (വർക്കേർസ് ലീവിങ്ങ് ദ ഫാക്ടറി)’ എന്നാ ലഘു സിനിമ പൊതു പ്രദർശനം നടത്തി. സിനിമോട്ടോഗ്രാഫ് എന്ന ഉപകരണമാണ് അവർ വികസിപ്പിച്ചെടുത്തത്ത്. ആ വർഷം ഡിസംബർ 28ന് ചരിത്രത്തിലാദ്യത്തെ സിനിമാശാല അവർ ആരംഭിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങൾ ഒന്നിച്ച് കാണിക്കുകയായിരുന്നു ചെയ്തത്. ഈ രീതി ടൂറിംഗ് ടാക്കീസായി ലോകവ്യാപകമായി അവർ നടത്തുകയും ചെയ്തു. ഇതേ കാലത്ത്, സമാന്തരമായി അമേരിക്കയിലും ഗവേക്ഷണ വിജയങ്ങൾ നടന്നിരുന്നു. തോമസ് ആൽവാ എഡിസന്റെ കൈനെറ്റോഗ്രാഫ് എന്നാ കണ്ടുപിടുത്തത്തിലൂടെ, ഒരു സമയത്ത് ഒരാൾക്ക് മാത്രം കാണാവുന്ന ചലനചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇത് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം, ലൂമിയർ സഹോദരന്മാരുടെ ഉപകരണം പൊതു തിരശ്ശീലയിൽ, ജനാവലിക്ക് മുന്നിൽ വലിയ പ്രദർശനം സ്ക്രീൻ ചെയ്യാനാവും എന്നതു തന്നെയാണ്. ഒരു പക്ഷെ, സാങ്കേതികമായി വലിയ വ്യത്യാസമായിരിക്കുകയില്ല ഇതെങ്കിലും; ചരിത്രപരവും ഭാവുകത്വപരമായും മറ്റും ഇത് വലിയ വ്യത്യാസമാണ്. അതായത്, ഒരാൾ ഒറ്റക്ക് കാണുന്നതും പലരൊന്നിച്ഛ് കൂട്ടമായിരുന്ന് കാണുന്നതും തമ്മിലുള്ള ഘടനാപരമായ വൻ വ്യത്യാസം. ഇതിലൂടെ കാണികൾ, ജനപ്രിയത, സിനിമാശാല, അതിന്റെ വിപണന സമ്പ്രദായം, പൊതുമ, എന്നിവ രൂപപ്പെട്ടു. എഡ്വിൻ സ്റ്റാന്റണ്‍ പോർടർ സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ട്രെയിൻ റോബറി (1903)’ എന്നാ സിനിമ ആഖ്യാനാത്മക (നരേറ്റിവ്) സിനിമയിലാദ്യത്തെ ഗംഭീരവിജയമായിരുന്നു. സമാന്തരചലനങ്ങൾ (പാരലൽ ആക്ഷൻ) ഇതിന്റെ അടിസ്ഥാനമായിത്തീർന്നു.

ജൂണ്‍ 1905 ലാണ് സൗകര്യപ്രദമായ ഒരു സ്ഥിരം സിനിമാശാല, അമേരിക്കയിലെ പിറ്റ്സ്ബർഗിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഒരു നിക്കിൾ ആയിരുന്നു ടിക്കറ്റിന്റെ വില. നിക്ലൊഡിയോണ്‍ എന്നാണിത്തരം സിനിമാശാലകളെ വിളിച്ചിരുന്നത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമാപ്രദർശനം, തത്സമയ പിയാനോ വാദനത്തിന്റെ അകമ്പടിയോടെ നടത്തുകയായിരുന്നു ഇവിടത്തെ പതിവ്. 1908 ൽ സിനിമകളുടെ ആദ്യത്തെ പകർപ്പവകാശ നിയമവും അത് നിയന്ത്രിക്കുന്നതിനുള്ള നിയമവും നിലവിൽ വന്നു. ഇതിലേറ്റവും പ്രധാനം എഡിസന്റെ നേതൃത്വത്തിലുള്ള മോഷൻ പിക്ച്ചേർസ് പാറ്റന്റ്സ് കമ്പനി ആയിരുന്നു. പാരമൗണ്ട്, ഫോക്സ്, യൂണിവേഴ്സൽ എന്നീ സ്റ്റുഡിയോ / കമ്പനികളുടെ നിയമയുദ്ധത്തിനെ തുടർന്ന് 1917 ൽ ഈ കമ്പനി (എംപിപിസി) ഒരു നിയമവിരുദ്ധ ട്രസ്റ്റാണെന്ന് വിധിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടുള്ള കമ്പോള-നിയമ യുദ്ധങ്ങളുടെ ആരംഭം അന്ന് തന്നെ ഉണ്ടായിരുന്നു എന്ന ചൂണ്ടിക്കാണിക്കാനാണ് ഈ സംഭവം എടുത്തു പറയുന്നത്. ഇക്കാലത്തു തന്നെ ലോകരാജ്യങ്ങളിലെമ്പാടുമായി ലൂമിയർ സഹോദരന്മാരും എഡിസണ്‍ കമ്പനി അടക്കമുള്ളവരും വ്യാപകമായി പ്രദർശനങ്ങൾ ആരംഭിച്ചു. സിനിമാശാലകളും സ്റ്റുഡിയോകളും ആരംഭിച്ചു. ആഖ്യാനാത്മക (നരേറ്റിവ്) സിനിമക്ക് പ്രായപൂർത്തിയാവുന്നത് ഡി ഡബ്ല്യു ഗ്രിഗിത്ത്തിന്റെ ‘ദ ബർത്ത് ഓഫ് എ നാഷൻ (1915)’ എന്ന ചിത്രതോടെയാണ്. നന്നായി സംഘടിക്കപ്പെട്ട യുദ്ധ രംഗങ്ങൾ, പഴയകാലത്തെ സംബന്ധിച്ച വിശദാംശങ്ങൾ, കഥ പറയുന്നതിനുള്ള നൂതന വിദ്യകളായ ക്രോസ് കട്ടിംങ്ങ്, ഫ്ലാഷ് ബാക്ക്, ഫ്ലാഷ് ഫോർവേർഡ്സ്, മൈന്റ് സ്ക്രീൻ, ഫെയട്സ്, മാസ്കിംങ്ങ്, ഐറൈസിംങ്ങ്, ടിൽടിങ്ങ് , പാനിങ്ങ് , ഡോളിയിങ്ങ്, എന്തുമാവട്ടെ ആരംഭിക്കുന്നത് ഗ്രിഫിത്തിന്റെ ഈ ചിത്രതോടെയാണ്. മാത്രമല്ല, രണ്ടര-മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു കഥാചിത്രം മുഷിപ്പില്ലാതെ കാണികൾ കണ്ടു കൊണ്ടിരിക്കും എന്നതും അത് വാണിജ്യപരമായി വൻ വിജയമാകുമെന്നതും ആദ്യമായി അമേരിക്കയിൽ മുഴുവനും ലോകവ്യാപകമായും തെളിയിച്ചത് ഈ സിനിമയാണ്. സിനിമക്ക് കലാപരമായ ഔന്ന്യത്യവും ആവിഷ്കരണത്തിന്റെ ഏറ്റവും ശക്തമായ മാധ്യമമെന്ന സാർവദേശീയ പദവിയും ഇതോടെ നിലവിൽ വന്നു. ഏറ്റവും മാനിപ്പുലേറ്റിവ് കൃത്രിമങ്ങൾ നടാത്താവുന്നത് – എന്ന സ്ഥാനവും സിനിമക്കാണ് എന്നും തെളിയിക്കപ്പെട്ടു. ആഖ്യാനത്തിന്റേയും പ്രദർശനത്തിന്റേയും വാണിജ്യ-വിപണനത്തിന്റേയും പ്രത്യേകതകൾ കൊണ്ട് മാത്രമല്ല ദ ബർത്ത് ഓഫ് എ നാഷൻ ചരിത്രത്തിൽ സ്ഥാനപ്പെടുന്നത്. അതിന്റെ രൂക്ഷമായ രാഷ്ട്രീയ മുഖം കൊണ്ടും പദ്ധതികൊണ്ടുമാണ്. വെളുത്ത വർഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വർണവെറിയെ അക്രാമമാർഗങ്ങളിലൂടെ വ്യവസ്ഥാവൽകരിച്ച കൂക്ലക്സ് ക്ലാൻ പോലുള്ള ഭീകര സംഘടനക്ക് ഊർജ്ജം പകരുകയും ചെയ്ത സിനിമയായിരുന്നു ദ ബർത്ത് ഓഫ് എ നാഷൻ. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ അമേരിക്കയിലെ വെളുത്ത വർഗക്കാർ എത്രമാത്രം വർണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിവാക്കുന്ന സിനിമയായിരുന്നു അത്. പൈശാചികതയെ മഹത്വവത്കരിക്കുന്ന സൗന്ദര്യാത്മകത എന്നർത്ഥം. സിനിമയുടെ രാഷ്ട്രീയത്തെ ചൂഴ്‌ന്നു നില്ക്കുന്ന ഏറ്റവും സുപ്രധാനമായ ഒരു പ്രശ്നം ഇതാണെന്ന് പിന്നീടുള്ള കാലങ്ങളിലും നിരന്തരമായ തെളിവുകളുണ്ടായി.(തുടരും…..)