“എടാ ഉണ്ണീ.. ഇന്ന് ഒന്നാം തിയ്യതി അല്ലേ. അമ്പലത്തിൽ പോയി തൊഴുത് സ്കൂളിൽ പോയാൽ മതി”
മനസ്സില്ലാ മനസ്സോടേ തേവരെ തൊഴുകാൻ വീട്ടിൽ നിന്നിറങ്ങി.
“എടാ പുഷ്പാഞ്ചലി കഴിക്കണം ട്ടോ. അപ്പുമാമോടു പറഞ്ഞാമതി വഴിപാടിന്റെ കാര്യം”
പിന്നിൽ നിന്നു പറഞ്ഞു അമ്മ. ഇനി വീട്ടിൽ നിന്നാൽ അന്നെ പിടിച്ച് പഴനിയിൽ കൊണ്ടുപോയി മൊട്ടയടിക്കാനും അമ്മക്കു മടിയില്ല. ഡിസംബറിന്റെ തണുപ്പു പുഴയിൽ നിന്ന് കയറിയിട്ടുണ്ട്. പോകുന്ന വരമ്പിലെങ്ങും മഞ്ഞ് തുള്ളികൾ കിടക്കുന്നു. കിഴക്കേ ദിശയിൽ ഉദയത്തിനയി തയ്യാറെടുക്കുന്നു സൂര്യനും.
അമ്പലത്തിലെത്തി വഴിപാട് കൗണ്ടറിലേക്ക് ഒന്നു നോക്കി. കേളു മുത്തശ്ശൻ രസീത് എഴുതുന്നുണ്ട്. മൂക്കിന്റെ മേലെ മുത്തശ്ശൻ കണ്ണടയും ബൾബിന്റെ പ്രകാശത്തിൽ തിളങ്ങുന്ന കഷണ്ടിത്തലയും.
“മുത്തശ്ശാ, ഒരു പുഷ്പാഞ്ചലി”
“എന്താ പേര്”
“ഉണ്ണി”
“ഏതാ നക്ഷത്രം?”
“മൂലം”
“ഹാപ്പി ന്യൂയർ മുത്തശ്ശാ”
“അതെന്താ ഈ സാധനം”
മനസ്സിലാക്കാൻ നിന്നാ സമയം വഴുകും. അതുകൊണ്ട് നിന്നില്ലാ. രസീത് വാങ്ങി അമ്പലനടയിൽ പോയി രസീത് തൃപ്പടിയിൽ വച്ച് തൊഴുതു. പുതിയ കൊല്ലത്തേക്ക് ശരിയാക്കിതരേണ്ട അനുഗ്രഹങ്ങളേയും ശുപാർശകളേയും മനസ്സിൽ പറഞ്ഞു കണ്ണു തുറന്നപ്പോഴേക്കും മേൽശാന്തി വിളിച്ചു..
“ആരാ ഉണ്ണി മൂലം”
അമ്പല നടക്കൽ നിന്നിരുന്നോരൊക്കെ പുതുവത്സരത്തിൽ പിറന്ന ആ ഫലിതം കേട്ട് ചിരിയോ ചിരി.
“കുപിതനായി ശ്രീകോവിലിലേക്ക് നോക്കിയപ്പോൾ പരമശിവൻ എന്നെ നോക്കി ചിരിക്കുന്നു.
തിരിച്ച് രസീത് വാങ്ങി നോക്കിയപ്പോൾ കേളു മുത്തശ്ശൻ എന്റെ പേര് ഉണ്ണി മൂലം എന്ന് എഴുതിയിരിക്കുന്നു.
അങ്ങനെ ഉണ്ണിയായ ഞാൻ ഉണ്ണിമൂലമായി.
അമ്പലനടയിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അമ്പല കൗണ്ടറിലേക്ക് ഒന്ന് നോക്കി അവിടെ തന്റെ കഷണ്ടി തല ചൊറിഞ്ഞ് മുത്തശ്ശൻ. കണ്ണട മൂക്കിന്റെ മുകളിലേക്ക് കയറ്റി വച്ച് മുത്തശ്ശൻ വേറെ ആർക്കോ രസീത് എഴുതുന്നു.
വർഷങ്ങൾ കഴിഞ്ഞുപോയി. മുത്തശ്ശൻ വിട പറഞ്ഞു. പല മാറ്റങ്ങളും അമ്പലത്തിനുണ്ടായി. പക്ഷെ എന്റെ ഈ അനുഭവം എന്നെ ഉണ്ണിമൂലമാക്കിയ അനുഭവം എന്നിൽ തന്നെ നിന്നു. എല്ല പുതുവത്സരത്തിനും ഞൻ കേളു മുത്തശ്ശനെ ഓർക്കും
എല്ലാവർക്കും ഉണ്ണിമൂലത്തിന്റെ പുതുവത്സരാശംസകൾ