മൊഴിമാറുമ്പോൾ!!

spectre-edit

ഹോളിവുഡ് സിനിമകൾ മൊഴിമാറ്റം നടത്തുന്ന പരിപാടി കുറെ കാലം മുൻപാണ് വന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് അങ്ങനെ കുറെ ഭാഷകളിൽ അവ മൊഴിമാറ്റി വരാൻ തുടങ്ങി. മലയാളത്തിൽ പക്ഷെ സംഗതി ക്ലച്ച് പിടിച്ചില്ല. വലിയ ആവേശമായി വന്ന മമ്മി റിട്ടേണ്‍സ്, അവതാർ എല്ലാം ചീറ്റിപ്പോയി. ഒറിജിനൽ അങ്ങനെ തന്നെ കാണാൻ ആയിരുന്നു മലയാളികൾക്ക് ഇഷ്ട്ടം.

പക്ഷെ ഈ മൊഴിമാറ്റം കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ട്. വെറുതെ അടിയും ഇടിയും മാത്രം കാണാൻ കേറിയിരുന്ന സാദാ ജനം എന്തിനാണ് ഈ അടിയും ഇടിയും എന്ന് മനസിലാക്കാൻ തുടങ്ങി. കഥാപാത്രങ്ങൾ തമിഴ് പേശി തുടങ്ങിയപ്പോൾ ഹോളിവുഡ് സിനിമയും തമിഴനു സ്വന്തം സിനിമ ആയി മാറി. പടം കോടികൾ വാരാനും തുടങ്ങി.

പക്ഷെ തമിഴനു ഒരു ചെറിയ കുഴപ്പമുണ്ട്. അന്ധമായ ഭാഷാ സ്നേഹം. സംസ്കാരത്തോടുള്ള അടുപ്പം. അത് കൊണ്ട് വെറും മൊഴി മാറ്റത്തിൽ ഒതുക്കാതെ സംഗതി മൊത്തം തമിഴ്വൽക്കരിച്ച് കളയും. ഞാൻ ആദ്യമായി ഇത്തരം ഒന്നിന് പോയി കഴുത്ത് വെക്കുന്നത് കുറെ കാലം മുൻപാണ്‌. സിനിമ വെർട്ടിക്കൽ ലിമിറ്റ്. അതിലെ ആദ്യ സീനിൽ മൂന്നു പേർ റോപ് കെട്ടി കുത്തനെ ഉള്ള മല കയറുന്ന രംഗമാണ്, രണ്ട് ഒന്നാന്തരം സായിപ്പന്മാരും ഒരു മദാമ്മയും. അതിൽ ഒരാള് പാടുന്നു…

അതോ അന്ത പറവൈ പോലെ വാഴ വേണ്ടും, ഇതോ ഇന്ത അലൈകൾ പോലെ ആട വേണ്ടും..

അപ്പോൾ ആ മദാമ്മ ചോദിക്കുന്നു, മാമാ, ഇത് ആയിരത്തിൽ ഒരുവനിൽ എം ജീയാർ പാടിന പാട്ട് താനെ,

ആമാ അമ്മാ, അവർ അന്ത കാലത്തിലെയെ പെരിയ സോഷ്യലിസ്റ്റ്.

ഇതെല്ലാം ആ സായിപ്പന്മാർ പറയുന്നത് കേട്ട് സ്ഥലകാല ബോധം, ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ ഉടനടി നഷ്ട്ടപ്പെട്ട ഞാൻ അടുത്തിരുന്ന സുഹൃത്തിന്റെ കാലു ചവിട്ടിപ്പരത്തി ഇപ്പുറത്തിരുന്ന ഏതോ അമ്മാവന്റെ മൂക്കിൽ ഇടിച്ചു, ചെവിയിൽ കടിച്ചു, ഒടുവിൽ സഹികെട്ട് അവരെല്ലാം കൂടെ എന്നെ എടുത്തു പുറത്തു കളഞ്ഞു.

പിന്നെ ഞാൻ അറിഞ്ഞു കൊണ്ട് തന്നെ തല വെക്കുന്നത് ജെയിംസ്‌ ബോണ്ട്‌ സിനിമ ആയ “ടുമാറോ നെവെർ ഡൈസ്” എന്ന സിനിമക്കാണ്, കാരണം വേറെ വഴി ഇല്ല, ആകെ അവിടെ തമിഴ് ബോണ്ടനെ ഉള്ളു. അങ്ങനെ എല്ലാം കണ്ടു കൊണ്ടിരിക്കെ, റോഡിലും വീടിനു മുകളിലുമായി നടന്ന ഒരു ഉഗ്രൻ ബൈക്ക് സംഘട്ടനത്തിനു ശേഷം ബോണ്ട്‌ കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു..,

എന്നോടെ പേര് വന്ത് പാണ്ട്… ജെയിംസ്‌ പാണ്ട്. 🙂

അടുത്ത ചോദ്യം ആയിരുന്നു ക്സളാസിക്ക്.

അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാമാ?

വീണ്ടും അന്നത്തെ പോലെ സ്ഥലകാല ബോധം, ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടായ ഞാൻ അതെ രീതിയിൽ ഒക്കെ പ്രതികരിക്കുകയും എന്നെ അവർ എല്ലാരും കൂടെ എടുത്ത് തീയറ്ററിനു പുറത്തെറിയുകയും ചെയ്തു.

അതാണ് തമിഴന്മാരുടെ ഡബ്ബിംഗ്. മൊഴി മാത്രമല്ല, ആകെ മൊത്തം ടോട്ടൽ മാറ്റിക്കളയും. ഇടയ്ക്കു ചെന്നൈയിൽ പോകുമ്പോൾ ഞാൻ നോക്കും, ഹുണ്ടായ് ഐ ടെൻ പേര് മാറ്റി ഉണ്ടായ് നാൻ പത്ത് എന്നും ടൊയോട്ട കൊറോള പേര് മാറ്റി ദ്രാവിഡ കുരുവിള എന്നും, ഹോണ്ട സിറ്റി പേര് മാറ്റി ഊട്ടിപ്പട്ടണം എന്നുമൊക്കെ ഓടുന്നുണ്ടോയെന്ന്. പറയാൻ പറ്റില്ല, അങ്ങനെ പേര് മാറ്റിയില്ലെങ്കിൽ കമ്പനി പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന് വരെ നമ്മുടെ അമ്മ പറഞ്ഞു കളയും.

അവസാനമായി എന്നെ മൊഴിമാറ്റ പടം കാണാൻ ഒരു കൂട്ടുകാരൻ ക്ഷണിച്ചത് റോമിയോ ജൂലിയറ്റ് സിനിമക്ക് ആയിരുന്നു. ഞാൻ പറഞ്ഞു ചത്താലും വരില്ലാ എന്ന്, കാരണം പടം കണ്ടില്ലെങ്കിൽ കണ്ടില്ല എന്നെ ഉള്ളു. റോമിയോ അകത്തേക്ക് നോക്കി ജൂലിയറ്റിനോട്;

ഡീ കാമാച്ചീ, നാളേക്ക് തഞ്ചാവൂർ പോയി തിരുട്ടു കല്യാണം പണ്ണിക്കലാമാ എന്ന് ചോദിക്കുന്നത് കേൾക്കാൻ ഉള്ള കപാസിറ്റി ഇല്ലാത്തതു കൊണ്ടാണ്… 🙂 🙂

About Ajoy Kumar

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡ് ജേതാവ്. 'അങ്ങനെ ഒരു മാമ്പഴക്കാലം', 'കൽക്കണ്ട കനവുകൾ' എന്നിവ പ്രധാന കൃതികൾ. ബി കോം ബിരുദധാരി,അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്,ഇന്ത്യയിലെ ആദ്യ 3ഡി അനിമേഷന്‍ മുസിക്‍ ആല്‍ബം നിര്‍മാണത്തില്‍ പ്രധാനപങ്കുവഹിച്ചു,

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *