കാലത്തുതന്നെ
എന്തൊക്കെ ജോലികൾ
തീർത്താലാണ്
അവൾക്കൊന്നിറങ്ങാൻ
കഴിയുന്നത്!
ഭർത്താവിനെ
ഉണർത്താതെയുണർന്ന്
അയാൾക്ക് ബെഡ് കോഫി.
കുഞ്ഞുങ്ങളെയുണർത്തി
സ്കൂളിലേക്ക്
വിടും വരെ
തയ്യാറെടുപ്പുകൾ!
യൂണിഫോം
തേച്ചുമിനുക്കുമ്പോഴൊക്കെയും
ആ ചുളിവുകൾ അവളുടെ
മനസ്സിലേക്കായിരുന്നു
കൂടുമാറിയിരുന്നത്.
തിരക്കിട്ടെല്ലാം ചെയ്യുമ്പോഴും
അയാളെന്ന ഭർത്താവ്
സ്വപ്നങ്ങളിലൂടെ
ഒഴുകുകയായിരിക്കും!
തിരക്കൊതുക്കി
അവളോടിയെത്തുമ്പോഴേക്കും
വർണ്ണവസ്ത്രങ്ങൾ വിൽക്കുന്ന
കട ആളുകളെക്കൊണ്ട്
നിറഞ്ഞിരിക്കും.
മുഷിഞ്ഞ മുഖങ്ങളെ കടന്ന്,
പുതുവസ്ത്രങ്ങളണിഞ്ഞ്,
കണ്ണാടിയിലൊന്നുകൂടി നോക്കി
ഭംഗി ഉറപ്പുവരുത്തി, പിന്നെ
ചില്ലുകൂട്ടിലേക്ക്!
ഒരേ നിൽപങ്ങനെ
നിൽക്കണം!
ചിരിയുടെ അളവൊട്ടും
കൂടുകയോ കുറയുകയോ
ചെയ്യാതെ!
കാതുകളിലേക്കെത്തുന്ന
അശ്ലീല കമന്റുകൾ
ഉള്ളിൽ കടക്കാതെ,
ചുഴിഞ്ഞ നോട്ടങ്ങളെ
കുടഞ്ഞെറിഞ്ഞുകൊണ്ട്
ഒരേ നിൽപ്!
പകലുറങ്ങി
രാത്രിയുണരുന്നത്
ആദ്യമറിയുന്നതവളാണ്!
ഇനിയിറങ്ങാം
ചില്ലുകൂട്ടിൽനിന്ന്!
ആശങ്കകളുടെ
ഭാരം പേറി
പല താളത്തിൽ,
ഒരേ അർത്ഥത്തിലുള്ള
അനേകം ചൂളംവിളികളുടെ
നടുവിലൂടെ,
പാതയോരങ്ങളിലെ
നിയോൺ വെളിച്ചവും
ധരിച്ച് വീടെന്ന കൂട്ടിലേക്ക്!
രാത്രിവരെ കാത്തുവച്ച
കുഞ്ഞുമ്മകളുടെ കെട്ടുകൾ
കവിളുകളിലേക്കഴിഞ്ഞു
വീണപ്പോൾ കണ്ണുകളൊരു
പുഴയാകാൻ ശ്രമിച്ചു!
അടുപ്പിലെ വിറകുകളും
കരിക്കലങ്ങളും
അവളുടെ കൈപിടിച്ചു!
നോട്ടങ്ങളേറ്റു കരുവാളിച്ച്,
കറപുരണ്ട ദേഹവും
ജലവുമായൊന്ന് പുണർന്നു
വന്നപ്പോഴേക്കും
താരാട്ട് തേടിയവർ നിദ്രക്ക്
താളം പിടിച്ചു തുടങ്ങിയിരുന്നു!
ഉറക്കത്തിന്റെ ഉൾവിളികൾ
കിടക്കയിലേക്ക്
വലിച്ചടുപ്പിക്കുമ്പോൾ
അയാൾ മാർക്സിന്റെ ‘മൂലധനം’
വായിച്ചുകൊണ്ട് കിടക്കുന്നു!
എപ്പോഴോ മറന്നുകിടന്ന
ചിരി ചുണ്ടിലേക്ക്
ഒരു മാത്ര തികട്ടിവന്നു!
രാത്രിയെ തോൽപിക്കാൻ
വൃഥാ ശ്രമിച്ചുകൊണ്ടിരുന്ന
പ്രകാശമണച്ച്
അവന്റെയടുത്തേക്ക്!
അവനെന്ന ഭാരമിറക്കി
അവളുറക്കത്തെ
തിരയുമ്പോൾ പുറത്ത്
അർത്ഥംവച്ച് കളിയാക്കി
ചിലക്കുന്നുണ്ടായിരുന്നു
പാതിരാപുള്ളുകൾ!
തെരുവിൽ
നിയോൺവെളിച്ചത്തിൽ
പറന്നു നടക്കുന്ന
ചൂളംവിളികൾ പോലെ…!