സങ്കോചമേതുമില്ലാതെയാണ് ഞാൻ ഉണ്ണി മാഷിന്റെയടുത്തേയ്ക്ക് നടന്നത്. കാരണം; ഞാൻ മാനസ്സികമായി അദ്ദേഹത്തോട് അത്രയധികം അടുത്തു കഴിഞ്ഞിരുന്നു.”എന്താ.. മാഷേ” ഞാൻ കാര്യം തിരക്കി. പെട്ടന്നായിരുന്നു മാഷിന്റെ മറുപടി അതും ഹാസ്യാത്മകമായി “എടേ നീ നല്ല വായനാ ശീലമുള്ളയാളാണെന്ന് ക്ലാസ്സ് പെർഫോമൻസീന്ന് മനസ്സിലായിട്ടുണ്ട് കേട്ടാ”. “ശരിയാ മാഷേ എനിക്കും തോന്നീട്ടുണ്ട്”, അടുത്തിരുന്ന ഇംഗ്ലീഷദ്ധ്യാപകൻ അശോകൻ സർ പറഞ്ഞു. അശോകൻ സർ തുടർന്നു; “നന്നായി ക്ലാസ്സ് ശ്രദ്ധിക്കും സന്തോഷ് അവന്റെ സംശയങ്ങളെല്ലാം പുസ്തകങ്ങളെക്കുറിച്ചാണ്. സത്യത്തിൽ ഇവൻ ക്ലാസ്സിലുണ്ടെങ്കിൽ എനിക്ക് പേടിയാ അവനൊരിക്കലും മൊടങ്ങത്തുമില്ല” “അശോകൻ സാറേ സാറിന്റെ ക്ലാസ്സെനിക്ക് ഉണ്ണി മാഷിന്റെ ക്ലാസ്സിനേക്കാളുമിഷ്ടമാണ്” ഞാനിടയ്ക്കുകയറിപ്പറഞ്ഞു. അതു കേട്ട രണ്ടു പേരും ഉറക്കെച്ചിരിച്ചു. ഉണ്ണി മാഷ് ഗൗരവത്തിൽ തുടർന്നു; “അതേ അശോകാ ഇവന്റെ വായനയിൽ ഞാൻ കണ്ട ഗുണം എന്താന്ന് വച്ചാൽ, വായിക്കുന്നതിനെക്കുറിച്ച് യാതൊരറപ്പുമില്ലാതെ ക്ലാസ്സിൽ വാചാലനാകും. ഇവന്റെ സംസാരത്തിന്റെ ഗുണം കൊണ്ട് വായന ശീലമാക്കാൻ തുടങ്ങിയവരുണ്ടിപ്പോ ക്ലാസ്സിൽ” ആദ്യമായി സ്വയം അഭിമാനം തോന്നിപ്പിച്ച വാക്കുകൾ. മാഷ് പെട്ടന്ന് രണ്ട് പുസ്തകങ്ങൾ എന്റെ നേർക്ക് നീട്ടി. വാങ്ങിയിട്ട് ഞാൻ വിസ്മയത്തോടെ നോക്കി. ‘ഭാരത പര്യടനം’.., കാത്തിരുന്ന പുസ്തകം!!
അടുത്തത് “ഇനി ഞാനുറങ്ങട്ടെ” അത് തിരിച്ചു കൊടുത്തു കൊണ്ട് ഞാൻ മാഷിനോട് പറഞ്ഞു. “ഇത് കയ്യിലുണ്ട് മാഷേ വായിച്ചതുമാണ്” പിന്നീടൊരു ഭാരിച്ച ജോലിയാണ് മാഷെന്നെയേൽപ്പിച്ചത്. അടുത്ത ഞായറാഴ്ച്ച രണ്ടിലേതെങ്കിലുമൊന്നിനെക്കുറിച്ച് രണ്ട് പേജ് എഴുതിക്കൊണ്ട് ചെന്നിരിക്കണം. മറുത്തൊന്നും പറയാതെ ഞാൻ മടങ്ങി. വല്ലാത്തൊരു പിരി മുറുക്കം. രണ്ടും മഹാ ഭാരത സംബന്ധിയായവ. ഒന്ന് നില നിന്നിരുന്ന സകലതിനേയും വെല്ലു വിളിക്കുന്നത് മറ്റൊന്ന് നാടകീയതയുടെ വിള ഭൂമി. ഒന്നിൽ വ്യാസ പ്രതിഭ പുതിയതായി നിർവചിക്കപ്പെട്ടപ്പോൾ മറ്റൊന്നിൽ ഭാഷാ പരമായ നവീനതയിലും ഉദ്വേഗ പൂർണ്ണമായ നാടകീയതയിലും ആ പ്രതിഭ പുനരവതരിപ്പിക്കപ്പെട്ടു. ഉണ്ണി മാഷേൽപ്പിച്ച ജോലിയല്ലേ ശ്രമിച്ചു നോക്കാം എന്നു തന്നെ തീരുമാനിച്ചു. ദൂരദർശനിൽക്കണ്ട മഹാഭാരതമാണ് അതുവരെയുള്ള മഹാഭാരത പരിചയത്തിന്റെ കാതൽ. അന്നതിന്റെ മലയാള രൂപം മാതൃഭൂമി വാരാന്ത്യത്തിൽ വരുന്നത് ആർത്തിയോടെ വായിച്ചിരുന്ന ഓർമ്മയുണ്ട്. പിന്നെ അവിടവിടെയോർമ്മയുള്ള മഹാ ഭാരതം കിളിപ്പാട്ടിലെ വരികൾ കേട്ടറിവുകൾ എസ്. കെ. മാരാരുടെ അനുയാത്രയെന്ന നോവൽ പിന്നെ രണ്ടാമൂഴം, ഇത്രയുമായിരുന്നു കൈമുതൽ.. വി. എസ്. ഖണ്ഡേക്കറിന്റെ ‘യയാതി’ അന്ന് വായനയ്ക്ക് ബാലികേറാമലയായിരുന്നു.
വീട്ടിലെത്തിയ ഞാൻ ഭാരത പര്യടനത്തിൽ പാരായണ പര്യടനം തുടങ്ങി. അധികം നീങ്ങിയില്ല വായന മുടങ്ങി. ജീവിതത്തിലാദ്യമായി വായിക്കാനെടുത്ത പുസ്തകം താല്പര്യമില്ലാതെ മടക്കി വയ്ക്കുന്നു. ആകെപ്പാടേ ഒരു ശൂന്യത. അന്നൊരു തീരുമാനമെടുത്തു. ഇനി മഹാഭാരത സംബന്ധിയായതെന്ത് വായിക്കുന്നതും മഹാഭാരതം പൂർണ്ണമായി വായിച്ചതിനു ശേഷം മാത്രം. കൊല്ലം പബ്ലിക് ലൈബ്രറി തന്നെ ശരണം. പിറ്റേന്നു തന്നെ വായന തുടങ്ങി. ക്ലാസ്സ് സമയവും ചെറിയ കുട്ടികളെ പഠിപ്പിക്കലും കഴിഞ്ഞാൽ പിന്നെ ഭാരത പാരായണം. യാതൊരു മടിയുമില്ലാത്ത വായന. ഇരുപതു മുതൽ നൂറ്റി ഇരുപതു വരെ പേജുകൾ വായിച്ച ദിവസങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പ്രതിഭാസത്തിലൂടെയൊരു തീർത്ഥ യാത്ര. വിരസതയേതുമില്ലാതെ അനുദിനം നീണ്ട നാലു മാസം. ഒടുവിൽ മഹാപ്രസ്ഥാനവും ഫലശ്രുതിയും വായിച്ച് കഴിഞ്ഞപ്പോ കരഞ്ഞു പോയി സന്തോഷം കൊണ്ട് !!
ഇതിനിടയിൽ ഉണ്ണി മാഷ് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. താൻ വായിക്കാത്തത് ശിഷ്യൻ വായിക്കുന്നുവെന്ന ആഹ്ലാദത്തോടെ. ഒടുവിൽ ഭാരത പര്യടനമെനിക്ക് കരതലാമലകമായി. ഞാനെഴുതി.. വിശദമായി. മാഷ് വായിച്ചിട്ട് പാഞ്ഞു; “ഒരു നിരൂപകനാകാനുള്ള എല്ലാ കനലുകളും നിന്റെയുള്ളിലുണ്ട് പക്ഷേ നീ തന്നെയത് ഊതിത്തെളിച്ചെടുക്കണം.”