“ഞാനെന്ന ഭാവം” – രാജലക്ഷ്മി

വളരെ ചെറിയ പ്രായത്തില്‍ തന്നെ വളരെയധികം പ്രശസ്തയായി മുപ്പത്തഞ്ചാം വയസ്സില്‍ മരണപ്പെട്ട കഥാകാരി ആണ് രാജലക്ഷ്മി. എഴുത്തിലും അവതരണത്തിലും തനതായ ശൈലി ഉണ്ടാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാള്‍. മറ്റുള്ള എഴുത്തുകാരെപ്പോലെ ചുറ്റുപാടുകള്‍ വര്‍ണ്ണിക്കുകയും കാവ്യാലങ്കാരങ്ങള്‍ വഴി മുഷിപ്പിക്കുകയും ചെയ്യാതെ, ആവശ്യമുള്ളതെന്തോ അത് മാത്രം പറഞ്ഞ് സംഭവങ്ങള്‍ കാര്യഗൗരവത്തോടു കൂടി വായനക്കാരനിലെത്തിക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാള്‍.

രാജലക്ഷ്മിയുടെ ” ഞാനെന്ന ഭാവം ” എന്ന നോവല്‍ ഇന്നു വായിക്കാനിടയായി. മനുഷ്യമനസ്സിന്റെ വേദനകളും നിരാശകളും അസ്സലായി എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞത് ഒരു പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞ പോലെ കാവ്യലങ്കാരങ്ങളുടെ അമിതമായ കടന്നു കയറ്റം ഇല്ലാത്തതിനാലായിരിക്കണം. ബാല്യകാലത്തും, യൗവനത്തിലും വാര്‍ദ്ധക്യത്തിലും ഞാനെന്ന ഭാവം ഉണ്ടാകുന്നതും എന്നാല്‍ ഇതില്‍ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്ന് വായനക്കാരന്‍ വായിച്ച് ബോധ്യപ്പെടേണ്ടതും എന്നുള്ളതുകൊണ്ടുമാണ് ഈ നോവലിനെ ജനപ്രിയമാക്കിയതെന്നു ഞാന്‍ കരുതുന്നു. 9188

ഒരാള്‍ക്ക് വീട്ടുകാരോടുള്ള പ്രതിബദ്ധത, അതിന്റെ ഉച്ചനിലയിലെത്തിക്കുന്ന കുറേ സന്ദര്‍ഭങ്ങളും, കൂടെ സ്നേഹ ദൗര്‍ബല്ല്യങ്ങള്‍ എത്രത്തോളം മൗനത്തിനു കാരണമാവുന്നു എന്നതും രാജലക്ഷ്മി ഇവിടെ അതീവ സൂക്ഷ്മമായും എന്നാല്‍ വളരെ കുറച്ച് വാക്കുകള്‍ ഉപയോഗിച്ച് തീക്ഷ്ണമായും അവതരിപ്പിച്ചിരിക്കുന്നു. ബാല്യം തൊട്ട് വാര്‍ദ്ധക്യം വരെ മുഷിപ്പ് തോന്നാതെ ഒറ്റയിരിപ്പിനു ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം സരളമായ വാക്കുകളും സന്ദര്‍ഭങ്ങളും എന്നാലവയുടെ പ്രയോഗം കൊണ്ട് വിവിധ വികാരങ്ങള്‍ അനുഭവിപ്പിക്കുകയും ചെയ്യുക എന്നത് ഒരു ചെറിയ കാര്യമായ് ഞാന്‍ കരുതുന്നില്ല.

ബാല്യ-കൗമാര കാലത്ത് കൃഷ്ണന്‍കുട്ടിയും തങ്കവും തമ്മിലുള്ള സന്ദര്‍ഭങ്ങള്‍ ഒരു പക്ഷേ ജനകീയ എഴുത്തുകാരനായ ബേപൂര്‍ സുല്‍ത്താന്റെ ബാല്യകാല സഖി(1944) എന്ന നോവലിലേതുമായി സാമ്യം തോന്നിയേക്കാമെങ്കിലും എഴുത്തിന്റെ രീതി വ്യത്യസ്തമായതിനാല്‍ ഒരു തുടര്‍ച്ച പോലെ തോന്നിക്കുന്നില്ല. പിന്നെ ജനിച്ച കാലഘട്ടത്തില്‍ നില നിന്നിരുന്ന സ്വാതന്ത്ര്യസമരത്തിന്റെയും മറ്റും അമിതാവേശം ഈ നോവലില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഷ്ടിക്ക് തികയാഞ്ഞിട്ടു പോലും ജന്മഭൂമി എന്ന, അക്കാലത്തെ കുപ്രസിദ്ധ രാഷ്ട്രസ്നേഹി വര്‍ത്തമാന പത്രത്തില്‍ പണിയെടുത്തത് ധീരതയുടെ പ്രതീകമായി തോന്നിപ്പിക്കും വിധത്തിലാണ് എഴുത്തുകാരി വര്‍ണ്ണിച്ചിട്ടുള്ളത്.

വിപ്ലവകരമായ കുറേ ചിന്തകള്‍ പങ്കു വച്ച ഈ നോവല്‍ വായിക്കുമ്പോള്‍ അക്കാലത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും, അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യത്തെ കുറിച്ചും വ്യാകുലപ്പെടുന്ന ആളിനെയാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. എങ്കിലും കുടുംബ ബന്ധങ്ങള്‍ പവിത്രമായ് കണ്ട് അതിനെ സമര്‍ത്ഥിക്കുന്ന രീതിയില്‍ കഥാഗതിയെ തന്നെ മാറ്റുന്നുണ്ട് പ്രസ്തുത നോവലില്‍. സാമൂഹിക പ്രതിബദ്ധതയും നല്ലപോലെ വായനക്കാരിലേക്കെത്തിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. സുഹൃത്ത് മരണപ്പെടുന്നത് കൃഷ്ണന്‍ കുട്ടി എന്ന നായക കഥാപാത്രത്തെ സമൂഹത്തിലേക്കിറങ്ങാന്‍, സമൂഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തുവാന്‍ പ്രേരിപ്പിക്കുന്നു. അപ്രതീക്ഷിതമായ് എടുക്കുന്ന തീരുമാനങ്ങള്‍ മാത്രം നടത്തി ശീലിച്ച കൃഷ്ണന്‍കുട്ടി, അങ്ങിനെ തന്നെ ജീവിതസഖിയെയും കണ്ടെത്തുന്നു. ഒരു പക്ഷേ ഇത്തരം തീരുമാനങ്ങള്‍ ഉള്ളത് കൊണ്ടാവാം നോവലിനു ഞാനെന്ന ഭാവം എന്ന പേര് നിര്‍ണ്ണയിച്ചത്.

ആ ഒരു കാലഘട്ടത്തില്‍ ഇത്രയും ശക്തമായ് എഴുതാന്‍ കഴിയുക എന്നത് അഭിനന്ദിച്ചു മാത്രം തീര്‍ക്കേണ്ട കാര്യമല്ല. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഒരു പുരുഷ വിരോധി ആണ് രാജലക്ഷ്മി എന്നെനിക്ക് തോന്നിയിട്ടില്ല. നോവല്‍ വായിക്കുമ്പോള്‍ കുടുംബത്തിനും കുടുംബസ്നേഹത്തിനും നല്‍കിയ പരിഗണന വളരെ അധികമാണ്. ശുഭപര്യവസായിയായ ഈ നോവല്‍, ഒരു വായനക്കാരന്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്.

About Rakesh Raghavan

തളിയില്‍ രാഘവന്റെയും ഇളമ്പലത്ത് കാര്‍ത്ത്യായനിയുടെയും രണ്ടാമത്തെ മകനായ് പെരുവാമ്പയില്‍ ജനനം. പയ്യന്നൂര്‍ കോളേജില്‍ ബിരുദ പഠനം. ഇപ്പോള്‍ ബാംഗ്ലൂര്‍ മലബാര്‍ ഗോള്‍ഡില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *